പ്രത്യേകമായുള്ള 17 അക്കങ്ങള്‍ അടങ്ങിയ ഒരു ആല്‍ഫാന്യൂമെറിക് കോഡാണ് വിഐഎന്‍. വാഹനം എവിടെ നിര്‍മിച്ചു, ഉടമസ്ഥാവകാശ രേഖകള്‍, വാഹനത്തിന് മുമ്പ് എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടോ, നിയമപരമായ പ്രശ്‌നങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതില്‍ ചേര്‍ത്തിട്ടുണ്ടാകും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡാഷ്‌ബോര്‍ഡ്, ഡോര്‍ ഫ്രെയിം, ഹൂഡ്, ട്രങ്ക്, റിയര്‍ വീല്‍ ആര്‍ച്ച്, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ടാകും.
ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് ആഢംബര കാറുകള്‍ കടത്തുന്നത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സാധ്യതയുണ്ട്.
advertisement
"ഇന്ത്യയിലെ യഥാർത്ഥ രജിസ്‌ട്രേഷന്‍ അതോറിറ്റി ഈ ചേസിസ് നമ്പര്‍ പരിശോധിച്ചിരുന്നുവെങ്കില്‍ വാഹനം ഭൂട്ടാനില്‍ നിര്‍മിച്ചതാണോയെന്നും നിയമവിരുദ്ധമായി ഇറക്കുമതി ചെയ്തതാണോയെന്നും കള്ളക്കടത്ത് നടത്തിയതാണോയെന്നും അപ്പോള്‍ തന്നെ മനസ്സിലാക്കാമായിരുന്നു," കേരള മോട്ടോര്‍ വാഹന വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദു റിപ്പോർട്ട് ചെയ്തു.
ഇങ്ങനെ കള്ളക്കടത്ത് നടത്തുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിലെ റീജിയണല്‍ ട്രാസ്‌പോര്‍ട്ട് ഓഫീസുകളിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിയമപ്രകാരം ട്രാന്‍സ്ഫര്‍ ഓഫ് റെസിഡന്‍സ് വ്യവസ്ഥ വഴി ഒഴികെ, മുമ്പ് ഉപയോഗിച്ച വാഹനങ്ങളുടെ ഇറക്കുമതി നിരോധിച്ചതാണ്. ഈ സാഹചര്യത്തില്‍ വാഹനത്തിന്റെ ഉത്ഭവരാജ്യത്ത് മൂന്ന് വര്‍ഷത്തില്‍ കുറയാതെ ഉപയോഗിച്ച വാഹനം ഇവിടെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. അത്തരം വാഹനങ്ങള്‍ക്ക് 160 ശതമാനം നികുതി ഈടാക്കുകയും ചെയ്യും.
ഭൂട്ടാനില്‍ നിന്ന് കടത്തിയതായി സംശയിക്കുന്ന 36 വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പരിവാഹന്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ ചേർത്തിട്ടുള്ള, ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്ത വാഹനം കേരളത്തിലെ ആര്‍ടിഒ ഓഫീസില്‍ നികുതി അടയ്ക്കുന്നതിനോ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിനോ എത്തുമ്പോള്‍ ചുവപ്പുകൊടി കാണിക്കേണ്ടതില്ലെന്ന് എംവിഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേരളത്തില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വാഹനമാണെങ്കില്‍ നികുതി അടയ്‌ക്കേണ്ടതും വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതും നിര്‍ബന്ധമാണ്.
"വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിന് എന്‍ഒസി സര്‍ട്ടിഫിക്കറ്റ് മാത്രമെ ആവശ്യമുള്ളു. ശേഷിക്കുന്ന വിശദാംശങ്ങള്‍ പരിവാഹന്‍ പോര്‍ട്ടലില്‍ നിന്ന് എളുപ്പത്തില്‍ ലഭ്യമാകും. അതിനാല്‍ അസാധാരണമായ സാഹചര്യങ്ങളിലല്ലാതെ കൂടുതല്‍ പരിശോധന നടത്താന്‍ റീ- രജിസ്റ്റര്‍ ചെയ്യുന്ന അതോറിറ്റിക്ക് ബാധ്യതയില്ല. അസാധാരണ സാഹചര്യങ്ങളിലുള്ള വാഹനങ്ങള്‍ക്ക് അപൂര്‍വമായി കൂടുതല്‍ പരിശോധന ആവശ്യമായി വന്നേക്കാം. അതേസമയം, ഏതെങ്കിലും തരത്തിലുള്ള ലംഘനം കണ്ടെത്തിയാല്‍ റീ- രജിസ്റ്റര്‍ ചെയ്യുന്ന അതോറിറ്റിക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഒരു റിപ്പോര്‍ട്ട് യഥാര്‍ത്ഥ രജിസ്‌ട്രേഷന്‍ അതോറിറ്റിക്ക് നല്‍കാന്‍ കഴിയും," ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.