എക്സ്പ്രസ് വേയുടെ നിർമാണച്ചെലവ് കിലോമീറ്ററിന് 18.2 കോടിയിൽ നിന്ന് 251 കോടിയായി ഉയർത്തി എന്നാണ് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. പദ്ധതി ഏറെ സങ്കീർണമാണെന്നു പറഞ്ഞ് സർക്കാർ ഈ വാദങ്ങളെല്ലാം നിരസിക്കുകയാണ് ഉണ്ടായത്. ദ്വാരക എക്‌സ്‌പ്രസ്‌വേ പദ്ധതിയിലെ ഫണ്ടിംഗ് ദുരുപയോഗം സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും കേന്ദ്രം പ്രതികരിച്ചു.
Also read-‘എഞ്ചിനീയറിംഗ് അത്ഭുതം..’; ദ്വാരക എക്‌സ്‌പ്രസ് വേയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് നിതിൻ ഗഡ്‍കരി
advertisement
സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്ത്?
29.06 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്‌പ്രസ് വേ നിർമാണത്തിൽ, ഒരു കിലോമീറ്ററിന് 18.20 കോടി രൂപയാണ് കാബിനറ്റ് കമ്മിറ്റി അനുവദിച്ചത്. എന്നാൽ എക്സ്പ്രസ് വേയുടെ നിർമാണം കിലോമീറ്ററിന് 250.77 കോടി രൂപ ചെലവിലാണെന്നാണ് ഓഗസ്റ്റ് 10 ന് പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിഎജി വ്യക്തമാക്കിയത്. വിശദമായ പ്രോജക്ട് റിപ്പോർട്ട് ഇല്ലാതെയാണ് റോഡ് മന്ത്രാലയം നിർമാണത്തിന് അനുമതി നൽകിയതെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സിഎജി റിപ്പോർട്ട് പുറത്തു വന്നതു മുതൽ, ഈ വിഷയത്തിൽ സർക്കാരും പ്രതിപക്ഷവും തമ്മിൽ വാക്പോരും രൂക്ഷമായിരിക്കുകയാണ്. നിർമാണം പുരോഗമിക്കുന്ന ദ്വാരക എക്‌സ്‌പ്രസ്‌വേയിൽ , കഴിഞ്ഞയാഴ്ച ആം ആദ്മി പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അഴിമതിയുടെ എല്ലാ റെക്കോർഡുകളും തകർത്തെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.
സർക്കാരിന്റെ പ്രതികരണം
എക്‌സ്പ്രസ് വേയുടെ നീളം 29 കിലോമീറ്ററല്ലെന്നും 230 കിലോമീറ്ററാണെന്നും റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. അതിൽ തുരങ്കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം കിലോമീറ്ററിന് 9.5 കോടി രൂപയാണ് ചെലവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളൈ ഓവറുകൾ, എലിവേറ്റഡ് റോഡുകൾ, അണ്ടർപാസുകൾ, ടണലുകൾ, റിംഗ് റോഡുകൾ എന്നിവയെക്കുറിച്ചൊന്നും സിഎജി റിപ്പോർട്ടിൽ പരാമർശമില്ലെന്നും ഇവയെല്ലാം മൊത്തത്തിലുള്ള നിർമാണച്ചെലവ് കൂടാൻ കാരണമായെന്നും ഇവയൊന്നും ആദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യം താൻ സിഎജി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു എന്നും ഈ വിശദീകരണം അവർക്ക് ബോധ്യപ്പെട്ടതായും ഗഡ്കരി കൂട്ടിച്ചേർത്തു. എന്നാൽ, റിപ്പോർട്ടുമായി സിഎജി മുന്നോട്ടുപോവുകയായിരുന്നു എന്നും നിതിൻ ഗഡ്കരി പറഞ്ഞു. സിഎജി ഉന്നയിക്കുന്ന ചോദ്യങ്ങൾ കണക്കിലെടുത്ത് ചില ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന പക്ഷപാതപരമായ സമീപനത്തിലും ഗഡ്കരി അതൃപ്തി അറിയിച്ചു.
എക്‌സ്‌പ്രസ്‌വേയുടെ കരാർ എസ്റ്റിമേറ്റിൽ നിന്നും വ്യത്യസ്തമായി, പദ്ധതിയുടെ നിർമാണച്ചെലവുമായി ബന്ധപ്പെട്ട് 12 ശതമാനത്തിലധികം തുക സർക്കാർ ലാഭിച്ചതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നേരത്തേ അവകാശപ്പെട്ടിരുന്നു.