കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്. യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡന്റും ഗ്രീക്ക് സോഷ്യലിസ്റ്റ് നേതാവുമായ ഇവ കൈലി അടക്കം അഞ്ചു പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ മറ്റു നാലു പേരെക്കുറിച്ചുള്ള പൂർണമായ വിശദാംശങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. രണ്ട് യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെ വീട്ടിലും ഇറ്റലിയിലെ ഒരു മുൻ യൂറോപ്യൻ പാർലമെന്റ് അംഗത്തിന്റെ വീട്ടിലും കഴിഞ്ഞ ആഴ്ച അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
advertisement
അറസ്റ്റിലായവരിൽ രണ്ടു പേരെ ജഡ്ജി വിട്ടയച്ചതായി ബെൽജിയൻ ഫെഡറൽ പ്രോസിക്യൂട്ടർ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ബ്രസീൽ ആസ്ഥാനമായുള്ള ഒരു എൻജിഒയുടെ പ്രസിഡന്റ് അന്റോണിയോ പാൻസേരിയയും ഒരു മുൻ എംപിയും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇവർക്കെതിരെയുള്ള കുറ്റങ്ങൾ എന്തെല്ലാം?
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൈലിയെയും മറ്റ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്. 600,000 യൂറോക്കു പുറമേ, കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും പോലീസ് നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്തിരുന്നു. കൈലിയുടെ പക്കൽ നിന്നും പണമടങ്ങിയ ബാഗ് പോലീസ് കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
യൂറോപ്യൻ പാർലമെന്റിനുള്ളിലെ തീരുമാനങ്ങളെ സ്വാധീനിക്കാനായി വലിയ തുകയോ സമ്മാനങ്ങളോ ഇവർക്ക് ലഭിച്ചതായും ബെൽജിയം ഫെഡറൽ പ്രോസിക്യൂട്ടർ ഓഫീസ് പറയുന്നു. ഫിഫ ലോകകപ്പിന് മുന്നോടിയായി, 2019 മുതൽ തന്നെയും ബ്രസൽസിലെ മറ്റ് നിരവധി നിയമസഭാംഗങ്ങളെയും ഖത്തറിലെ ചില ഉദ്യോഗസ്ഥർ സമീപിച്ചതായി ഇറ്റാലിയൻ എംഇപി ഡിനോ ജിയാരുസോ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തിയിരുന്നു.
ഖത്തർ ലോകകപ്പ് അന്തിമ പോരാട്ടങ്ങളിലേക്ക് അടുക്കുമ്പോഴാണ് ഗുരുതരമായ അഴിമതി പുറത്തു വരുന്നത്. ലോകകപ്പുമായി ബന്ധപ്പെട്ട് ജോലി ചെയ്ത തൊഴിലാളികളുടെ സംരക്ഷണവും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് രാജ്യം നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തിൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ഖത്തർ വലിയ ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു.
അതിനിടെ പുതിയ കൈക്കൂലി ആരോപണം ഖത്തറിന് കൂടുതൽ തിരിച്ചടി ആയിരിക്കുകയാണ്. ഖത്തറിന് ടൂർണമെന്റ് നൽകാനുള്ള ഫിഫ അംഗങ്ങളുടെ വോട്ടിനെ ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങളും ഈ ലോകകപ്പിനെ ബാധിച്ചിരുന്നു. എന്നാൽ ആരോപണങ്ങളെയെല്ലാം നിഷേധിച്ചു കൊണ്ട് ഖത്തർ രംഗത്തു വന്നു.