TRENDING:

Language Row | തമിഴ്നാട്ടിൽ ഹിന്ദി പറഞ്ഞാലെന്ത്? തമിഴ്നാട്ടിലെ ഭാഷാ വിവാദവും നെഹ്റുവിൻ്റെ വാഗ്ദാനവും

Last Updated:

1930-കളിൽ തമിഴ്നാട് ഹിന്ദിക്ക് എതിരായി എടുത്ത നിലപാടും നിലവിലെ ഭാഷാ വിവാദത്തിൽ വിവിധ കക്ഷികളുടെ നിലപാടും പരിശോധിക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ബുധനാഴ്ച തമിഴ്നാട് നിയമസഭയിൽ തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ ഒരു പ്രമേയം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഹിന്ദി അധ്യാപന മാധ്യമമായി മാറ്റണമെന്ന പാർലമെൻ്ററി പാനലിൻ്റെ ശുപാർശയുടെ പശ്ചാത്തലത്തിലാണ് തമിഴ്നാടിൻ്റെ നീക്കം.
advertisement

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള പാനലിൻ്റെ ശുപാർശ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭാഷാ വിവാദം വീണ്ടും കത്തിപ്പടരാൻ കാരണമായിട്ടുണ്ട്. അത്തരം തീരുമാനം നടപ്പാക്കാൻ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളവും തമിഴ്നാടും പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാൽ വിവാദത്തിന് രാഷ്ട്രീയപരമായ പ്രാധാന്യവുമുണ്ട്.

1930-കളിൽ തമിഴ്നാട് ഹിന്ദിക്ക് എതിരായി എടുത്ത നിലപാടും നിലവിലെ ഭാഷാ വിവാദത്തിൽ വിവിധ കക്ഷികളുടെ നിലപാടും ന്യൂസ് 18 പരിശോധിക്കുകയാണ്.

advertisement

തമിഴ്നാടും ഹിന്ദിയുമായുള്ള ഏറ്റുമുട്ടൽ

1937: തമിഴ്നാട്ടിലെ ഹിന്ദിക്കെതിരായ വിവാദവും പ്രക്ഷോഭങ്ങളും സ്വാതന്ത്ര്യത്തിനു മുൻപ് തുടങ്ങിയതാണ്. 1930-കളിൽ സി രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തെ സ്കൂളുകളിൽ ഹിന്ദി ഒരു വിഷയമായി അവതരിപ്പിക്കാൻ തീരുമാനിച്ചത് മദ്രാസ് പ്രവിശ്യയിൽ ഉടനീളം പ്രക്ഷോഭങ്ങൾ ഉണ്ടാകാൻ കാരണമായി.

ഇ.വി രാമസാമിയും ജസ്റ്റിസ് പാർട്ടിയും ഈ നീക്കത്തെ എതിർത്തു. പ്രക്ഷോഭം മൂന്ന് വർഷത്തോളം നീണ്ടുപോയി. രണ്ട് പ്രക്ഷോഭകാരികൾക്ക് ജീവൻ നഷ്ടപ്പെടുകയും 1000-ത്തിൽ അധികം പേർ അറസ്റ്റ് വരിക്കുകയും ചെയ്തു. ഗവൺമെൻ്റിനുള്ളിൽ തന്നെ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ഒരു വിഭാഗം ഹിന്ദി പഠിപ്പിക്കുന്നതിനെ അനുകൂലിച്ചപ്പോൾ, വിഷയം ഐച്ഛികമാക്കി മാറ്റണം എന്നായിരുന്നു രണ്ടാമത്തെ വിഭാഗത്തിൻ്റെ നിലപാട്.

advertisement

എന്നാൽ, ജർമ്മനിക്കെതിരായ രണ്ടാം ലോകമഹാ യുദ്ധത്തിൽ ഇന്ത്യയെ പങ്കെടുപ്പിക്കാനുള്ള ബ്രിട്ടീഷ് സർക്കാരിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് 1939-ൽ കോൺഗ്രസ് സർക്കാർ രാജിവെച്ചു. ഹിന്ദി പഠിപ്പിക്കാനുള്ള ഉത്തരവ് അടുത്ത വർഷം ബ്രിട്ടീഷ് സർക്കാർ പിൻവലിച്ചു.

1946-1950: 1946-1950 കാലയളവിൽ, ഗവൺമെൻ്റ് സ്കൂളുകളിലെ ഹിന്ദി പഠനം തിരികെ കൊണ്ടുവരാൻ ശ്രമിച്ചപ്പോഴെല്ലാം പ്രതിഷേധങ്ങൾ ഉണ്ടായി. ഇതായിരുന്നു പ്രതിഷേധങ്ങളുടെ രണ്ടാം തരംഗം. അനുരഞ്ജന നീക്കം എന്ന നിലയിൽ സർക്കാർ ഹിന്ദി സ്കൂളുകളിൽ ഐച്ഛിക വിഷയമാക്കി മാറ്റി. ഇതോടെ പ്രക്ഷോഭം ശമിക്കുകയും ചെയ്തു.

advertisement

1953: പിന്നീട്, 1953-ൽ കല്ലുകുടി എന്ന സ്ഥലത്തിൻ്റെ പേര്, വ്യവസായി രാമകൃഷ്ണ ഡാൽമിയയുടെ ബഹുമാനാർത്ഥം ഡാൽമിയാപുരം എന്ന് മാറ്റാനുള്ള നീക്കത്തെ ഡിഎംകെ എതിർത്തു. ഉത്തരേന്ത്യ ദക്ഷിണേന്ത്യയെ ചൂഷണം ചെയ്യുന്നതിൻ്റെ ഉദാഹരണമാണിത് എന്നായിരുന്നു അവരുടെ പക്ഷം.

1959: എത്രകാലം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരണമെന്ന് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും ഹിന്ദിയും ഇംഗ്ലീഷും രാജ്യത്തിൻ്റെ ഭരണ ഭാഷകളായി തുടരുമെന്നും പ്രധാന മന്ത്രി ജവഹർ ലാൽ നെഹ്റു പാർലമെൻ്റിന് ഉറപ്പ് നൽകി.

1963: 1963-ൽ, ഔദ്യോഗിക ഭാഷാ നിയമം പാസാക്കാനുള്ള തീരുമാനത്തിനെതിരായ പ്രതിഷേധത്തിൽ, അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡിഎംകെ പ്രക്ഷോഭം ആരംഭിച്ചു. ട്രിച്ചി ജില്ലയിൽ, ഡിഎംകെ പ്രവർത്തകനായിരുന്ന ചിന്നസാമി തീകൊളുത്തി ആത്മഹത്യ ചെയ്തു.

advertisement

കേന്ദ്ര സർക്കാർ ജോലികൾക്ക് ഹിന്ദി പഠിക്കേണ്ടി വരുമോ എന്നത് ആളുകളെ ആശങ്കപ്പെടുത്തി, ഹിന്ദിക്കെതിരെ വലിയ തോതിൽ വിദ്യാർത്ഥികളുടെ പ്രക്ഷോഭം അരങ്ങേറി. ഭീതിക്ക് ആക്കം കൂട്ടിക്കൊണ്ട്, ഇംഗ്ലീഷും തമിഴും ഹിന്ദിയും അടങ്ങിയ മൂന്ന് ഭാഷാ ഫോർമുല കോൺഗ്രസ് മുഖ്യമന്ത്രിയായ എം ഭക്തവചലം അവതരിപ്പിച്ചു.

1965: ഹിന്ദി ഏക ഔദ്യോഗിക ഭാഷയാക്കുന്നതിനെതിരെ 1965-ൽ തമിഴ്നാട്ടിൽ പ്രധാന ഹിന്ദി വിരുദ്ധ പ്രക്ഷോഭം അരങ്ങേറി. 1965 ജനുവരി 25 ദുഃഖാചരണ ദിവസമായി ആചരിക്കുമെന്ന് സിഎൻ അണ്ണാദുരൈ പ്രഖ്യാപിച്ചു.

മധുരയിൽ പ്രക്ഷോഭകാരികളായ വിദ്യാർത്ഥികളും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇത് സംസ്ഥാനത്തുടനീളം സംഘട്ടനങ്ങൾക്ക് കാരണമായി, പൊതുമുതൽ വ്യാപകമായി നശിപ്പിക്കപ്പെട്ടു. റെയിൽവേ കമ്പാർട്ട്മെൻ്റുകളും ഹിന്ദി ബോർഡുകളും തീ വെക്കപ്പെട്ടു, പൊതുമുതൽ കൊള്ളയടിക്കപ്പെട്ടു. കോൺഗ്രസ് സർക്കാർ ഇതിനെ ക്രമസമാധാന പ്രശ്നമായി പരിഗണിക്കുകയും പോലീസ് സേനയെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തു. ഇത് പ്രക്ഷോഭം വീണ്ടും ആളിക്കത്താൻ കാരണമായി. ഗവൺമെൻ്റ് കണക്ക് പ്രകാരം 70 പേരോളം സംഘട്ടനങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ലാൽ ബഹദൂർ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിലും പ്രക്ഷോഭം അനുരണനങ്ങൾ ഉണ്ടാക്കി. മന്ത്രിമാരായ സി സുബ്രഹ്മണ്യവും ഒവി അഴകേശനും രാജിവെച്ചു. ശാസ്ത്രി രാജിക്കത്ത് സ്വീകരിക്കുകയും അന്നത്തെ രാഷ്ട്രപതി എസ് രാധാകൃഷ്ണന് അയച്ചു കൊടുക്കുകയും ചെയ്തെങ്കിലും രാധാകൃഷ്ണൻ അത് സ്വീകരിച്ചില്ല. പ്രശ്നത്തിൽ ഇനിയും ഇടപെടരുതെന്ന് രാധാകൃഷ്ണൻ ശാസ്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. അന്തർ സംസ്ഥാന ആശയവിനിമയങ്ങളിലും സിവിൽ സർവീസ് പരീക്ഷയിലും ഇംഗ്ലീഷ് തുടർന്നും ഉണ്ടാകുമെന്ന്, പിന്നീട് ശാസ്ത്രി ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

1967: 1967-ലെ ഔദ്യോഗിക ഭാഷാ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട്, പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി, നെഹ്റു 1959-ൽ നൽകിയ ഉറപ്പിന് കൂടുതൽ ശക്തി പകർന്നു. കോൺഗ്രസിനെ പുറത്താക്കിക്കൊണ്ട് 1967-ൽ ഡിഎംകെ തമിഴ്നാട്ടിൽ അധികാരത്തിൽ വന്നതിൻ്റെ പ്രധാന കാരണം വിദ്യാർത്ഥികൾക്കൊപ്പം ചേർന്ന് അവർ നടത്തിയ പ്രക്ഷോഭമായിരുന്നു.

കോൺഗ്രസിൻ്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ കാമരാജ് വിരുദനഗർ മണ്ഡലത്തിൽ ഡിഎംകെയുടെ ഒരു വിദ്യാർത്ഥി നേതാവിനോട് തോൽവി ഏറ്റുവാങ്ങി. ഈ തിരഞ്ഞെടുപ്പോടെ, തമിഴ്നാട്ടിലെ അധികാര രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസ് പൂർണ്ണമായും ഇല്ലാതായി.

2022-ലെ പ്രക്ഷോഭ കാരണം

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഐഐടികൾ പോലുള്ള സാങ്കേതിക, സാങ്കേതിക ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന ഭാഷ ഹിന്ദി ആയിരിക്കണമെന്നും മറ്റു സംസ്ഥാനങ്ങളിൽ ഇത് അവിടങ്ങളിലെ പ്രാദേശിക ഭാഷ ആയിരിക്കണമെന്നും പാർലമെൻ്റ് സമിതി ശുപാർശ ചെയ്തതതായുള്ള വിവരം ഒക്ടോബർ 9-നാണ് പുറത്തു വന്നത്. ഐക്യരാഷ്ട്ര സഭയിലും ഹിന്ദി ഒരു ഔദ്യോഗിക ഭാഷയാക്കണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു.

എല്ലാ സംസ്ഥാനങ്ങളിലും ഇംഗ്ലീഷിനേക്കാൾ പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകണമെന്ന്, അമിത് ഷാ നേതൃത്വം നൽകിയ ഔദ്യോഗിക ഭാഷാ സമിതി, രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. രാജ്യത്തുടനീളമുള്ള സാങ്കേതികവും സാങ്കേതിക ഇതരവുമായ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളിൽ ഹിന്ദിയോ പ്രാദേശിക ഭാഷയോ ആയിരിക്കണം പഠന മാധ്യമമെന്നും ഇംഗ്ലീഷ് ഐച്ഛികം ആയിരിക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ ഉണ്ട്.

പുതിയ വിദ്യാഭ്യാസ നയം പ്രകാരമാണ് നിർദ്ദേശങ്ങൾ രൂപീകരിച്ചതെന്ന് ബിജെഡി നേതാവും സമിതിയുടെ ഡെപ്യൂട്ടി ചെയർമാനുമായ ഭർതൃഹരി മഹ്താബിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ശുപാർശകൾ നിർബ്ബന്ധമായും നടപ്പാക്കേണ്ടതുണ്ടോ?

1963-ലെ ഔദ്യോഗിക ഭാഷാ നിയമം പ്രകാരം 1976-ലാണ് സമിതി രൂപവത്കരിച്ചത്. ലോക് സഭയിൽ നിന്ന് 20, രാജ്യ സഭയിൽ നിന്ന് 10 എന്നിങ്ങനെ 30 അംഗങ്ങളാണ് സമിതിയിലുള്ളത്. ഹിന്ദി ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിലുള്ള പുരോഗതി സമിതി അവലോകനം ചെയ്യുകയും ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് പ്രസിഡൻ്റിന് സമർപ്പിക്കുകയും ചെയ്യുന്നു.

സമിതി സാധാരണയായി അഞ്ച് വർഷത്തിലാണ് ഒരു റിപ്പോർട്ട് സമർപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണ, ഏതാനും വർഷത്തിനുള്ളിൽ രണ്ട് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് അംഗീകരിക്കണോ വേണ്ടയോ എന്നത് രാഷ്ട്രപതിയുടെ വിവേചനാധികാരമാണ്.

വിഭാഗം എ, ബി, സി

ഹിന്ദി വ്യാപകമായി ഉപയോഗിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

വിഭാഗം എ: ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഘണ്ഡ്, ഝാർഖണ്ഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഡൽഹി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് എ വിഭാഗത്തിൽ ഉള്ളത്.

വിഭാഗം ബി: ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളായ ചണ്ഡിഗഡ്, ദാമൻ ദിയു, ദാദ്ര നഗർ ഹവേലി എന്നിവയാണ് ബി വിഭാഗത്തിൽ ഉള്ളത്.

വിഭാഗം സി: ഇന്ത്യയിലെ അവശേഷിക്കുന്ന ഭാഗങ്ങളായ, ജമ്മു കശ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവയാണ് സി വിഭാഗത്തിൽ ഉള്ളത്.

എ വിഭാഗത്തിലുള്ള സംസ്ഥാനങ്ങളിൽ ഹിന്ദിക്ക് ബഹുമാന്യമായ സ്ഥാനം നൽകണമെന്നും ഇവിടങ്ങളിൽ 100 ശതമാനം ഹിന്ദി ഉപയോഗിക്കണം എന്നുമാണ് ഔദ്യോഗിക ഭാഷാ സമിതി ശുപാർശ നൽകിയിരിക്കുന്നത്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഐഐടികൾ, കേന്ദ്ര സർവ്വകലാശാലകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പഠന മാധ്യമം ഹിന്ദി ആയിരിക്കണമെന്നും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ അവിടങ്ങളിലെ പ്രാദേശിക ഭാഷ ആയിരിക്കണമെന്നും ആണ് സമതിയുടെ ശുപാർശ.

ബനാറസ് ഹിന്ദു സർവ്വകലാശാല, ഡൽഹി സർവ്വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലീം സർവ്വകലാശാല എന്നിവിടങ്ങളിൽ ഹിന്ദി 20 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നും ഇത് 100 ശതമാനം ആയിരിക്കണമെന്നും സമിതിയുടെ ഡെപ്യൂട്ടി ചെയർമാനായ മെഹ്താബ് കഴിഞ്ഞ മാസം പ്രസ്താവിച്ചിരുന്നു.

Also read : 'ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല': കേന്ദ്രത്തിനെതിരെ കേരളവും തമിഴ്നാടും

സ്റ്റാലിൻ്റെ എതിർപ്പ്

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സമിതിയുടെ ശുപാർശയ്ക്ക് എതിരെ ശക്തമായി നിലപാടെടുത്തു. ഇരുവരും ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.

ഹിന്ദി പഠിച്ചാൽ മാത്രമേ യുവാക്കൾക്ക് ചില ജോലികൾ ലഭിക്കൂ, റിക്രൂട്ട്മെൻ്റ് പരീക്ഷകളിൽ ഇംഗ്ലീഷ് നിർബ്ബന്ധ വിഷയമാക്കുന്നത് ഇല്ലാതാക്കണം എന്നീ രണ്ട് നിർദ്ദേശങ്ങൾക്ക് എതിരെ സ്റ്റാലിൻ ശക്തമായ പ്രതിരോധമാണ് ഉയർത്തുന്നത്.

ഇത്തരം ശുപാർശകൾ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും വിവിധ ഭാഷകളുള്ള രാജ്യത്തിൻ്റെ കെട്ടുറപ്പിന് കോട്ടം വരുത്തുക മാത്രമേ ഇത് ചെയ്യൂ എന്നും മോദിക്ക് എഴുതിയ കത്തിൽ സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

ഹിന്ദി നിർബ്ബന്ധമാക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നും രാജ്യത്തിൻ്റെ ഏകത ഉയർത്തിപ്പിടിക്കാൻ ശ്രമിക്കണമെന്നും ഒക്ടോബർ 10-ന് സ്റ്റാലിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിലൂടെ മറ്റൊരു ഭാഷാ യുദ്ധം ഉണ്ടാക്കരുതെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു.

തമിഴ് ഉൾപ്പെടെയുള്ള 22 ഭാഷകൾ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഷകൾക്കെല്ലാം ഔദ്യോഗിക പദവി നൽകണം എന്നതാണ് സ്റ്റാലിൻ്റെ നിലപാട്. ഈ ഭാഷകൾക്കെല്ലാം തുല്യ പദവിയാണുള്ളത്. കൂടുതൽ ഭാഷകൾ ഇതിൽ ഉൾപ്പെടുത്തണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

തമിഴ്നാട്ടിൽ 1965-ൽ ഹിന്ദിക്ക് എതിരായി നടന്ന പ്രക്ഷോഭങ്ങളും ജവഹർലാൽ നെഹ്റു നൽകിയ ഉറപ്പും ഈ അവസരത്തിൽ സ്റ്റാലിൻ ചർച്ചയാക്കിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
Language Row | തമിഴ്നാട്ടിൽ ഹിന്ദി പറഞ്ഞാലെന്ത്? തമിഴ്നാട്ടിലെ ഭാഷാ വിവാദവും നെഹ്റുവിൻ്റെ വാഗ്ദാനവും
Open in App
Home
Video
Impact Shorts
Web Stories