പാർലമെൻററി സമിതിയുടെ ശുപാർശകൾ എന്തൊക്കെയാണ്?
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഐഐടി പോലുള്ള സാങ്കേതിക, സാങ്കേതികേതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദിയും മറ്റ് ഭാഗങ്ങളിൽ അതത് പ്രാദേശിക ഭാഷകളും പഠന മാധ്യമമാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് സമിതി കഴിഞ്ഞ മാസം പ്രസിഡൻറ് ദ്രൗപതി മുർമുവിന് സമർപ്പിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളും ഇംഗ്ലീഷിനേക്കാൾ പ്രാധാന്യം അവിടുത്തെ പ്രാദേശിക ഭാഷകൾക്ക് നൽകണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
advertisement
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻെറ (NEP) ഭാഗമായാണ് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നത്. ഐഐടികൾ, കേന്ദ്ര സർവകലാശാലകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയിലെല്ലാം ഹിന്ദി സംസാരിക്കുന്ന മേഖലയിൽ ഹിന്ദിയിലും മറ്റ് മേഖലകളിൽ അതത് പ്രാദേശിക ഭാഷകളിലും പഠനമാധ്യമം വേണമെന്നാണ് സമിതിയുടെ ശുപാർശ. ഹിന്ദിയുടെ ഉപയോഗത്തിൻെറ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും മൂന്ന് ഗ്രൂപ്പുകളായി തരം തിരിച്ചിട്ടുണ്ട്.
ഹിന്ദി സംസാരിക്കുന്ന മേഖലകളിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും ഹിന്ദി മാധ്യമമാക്കണം. അല്ലാത്തപക്ഷം അവർക്ക് താക്കീത് നൽകുകയും എന്നിട്ടും മാറ്റം ഉണ്ടാവുന്നില്ലെങ്കിൽ പ്രകടനം വിലയിരുത്തുന്ന ഘട്ടത്തിൽ ഇത് പോരായ്മയായി കണക്കാക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
എന്ത് കൊണ്ട് കേരളവും തമിഴ്നാടും എതിർക്കുന്നു?
ഉന്നത പഠനമേഖലയിൽ ഹിന്ദി രാജ്യത്തെ പ്രധാന ഭാഷയായി അടിച്ചേൽപ്പിക്കാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി ഭാഷകൾ സംസാരിക്കുന്ന മനുഷ്യരുള്ള ഒരു രാജ്യത്ത് ഒരു പ്രത്യേക ഭാഷയെ മാത്രം രാഷ്ട്ര ഭാഷയെന്ന് വിളിക്കുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ യുവാക്കൾക്ക് സർക്കാർ മേഖലയിൽ തൊഴിലവസരങ്ങൾ പരിമിതമാണ്. ഒരു ഭാഷ മാത്രം പ്രധാന മാധ്യമമാക്കി മാറ്റിയാൽ അത് വലിയൊരു വിഭാഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേരള മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്റ്റാലിനും സമാനമായ ആശങ്ക തന്നെയാണ് പങ്കുവെച്ചിട്ടുള്ളത്. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിന്റെ 11-ാം വാള്യത്തിലെ നിർദ്ദേശങ്ങൾ ഇന്ത്യയുടെ വൈവിധ്യത്തിന് നേരെയുള്ള ആക്രമണമാണെന്നാണ് സ്റ്റാലിൻ അഭിപ്രായപ്പെട്ടത്. ഹിന്ദി സംസാരിക്കാത്ത ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളെ സ്വന്തം മണ്ണിൽ രണ്ടാംതരം പൗരന്മാരാക്കുന്ന നടപടിയാവും ഇതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻഇപി) എല്ലാ പ്രാദേശിക ഭാഷകൾക്കും പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.