കുറഞ്ഞ വേതനം ലഭിക്കുന്ന ജോലികളിലാണ് സ്ത്രീകള്‍ കൂടുതലായും ഏര്‍പ്പെടുന്നതെന്നും ഇതില്‍ ഭൂരിഭാഗവും എഐ കൊണ്ടുപോകുമെന്നും പഠനത്തെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്ന കസ്റ്റമര്‍ സര്‍വീസ്, സെയില്‍സ് ഓഫീസര്‍, തുടങ്ങിയ ജോലികളായിരിക്കും എഐ കവരാന്‍ സാധ്യത.
ചാറ്റ്ജിപിടി പോലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. അഭിഭാഷകര്‍, അധ്യാപകര്‍, സാമ്പത്തിക ഉപദേശകര്‍, ആര്‍ക്കിടെക്റ്റ് തുടങ്ങിയ തൊഴിലുകള്‍ ചെയ്യുന്നവര്‍ സ്വയം മാറ്റത്തിനായി ശ്രമിക്കേണ്ടി വരും. എന്നാല്‍, ജോലി ചെയ്യുന്ന രീതിയിലും മാറ്റം വരുത്തേണ്ടി വരും.
advertisement
എഐയുടെ കടന്ന് വരവ് എല്ലാ തൊഴിലുകളുടെയും സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടാക്കും. എഐ ഏറ്റെടുക്കാന്‍ സാധ്യതയുള്ള തൊഴില്‍ മേഖലകളിലാണ് 80 ശതമാനം സ്ത്രീകളും ജോലി ചെയ്യുന്നത്. എന്നാല്‍ പുരുഷന്മാരുടെ എണ്ണം 60 ശതമാനം മാത്രമാണെന്ന് കെനന്‍-ഫ്‌ളാഗര്‍ ബിസിനസ് സ്‌കൂളിന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മാനേജര്‍, എഞ്ചിനീയറിങ്, നിയമമേഖല എന്നിവ ഉള്‍പ്പെടുന്ന 15-ല്‍ പരം ജോലികള്‍ എഐ മൂലം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാച്ചസ് മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
വേതനം കുറഞ്ഞ തൊഴിലെടുക്കുന്നവരെ ബാധിക്കുന്നതെങ്ങനെ?
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍, ബിരുദമില്ലാത്തവര്‍, പ്രായം കുറഞ്ഞ അല്ലെങ്കില്‍ പ്രായം കൂടിയ തൊഴിലാളികള്‍ എന്നിവര്‍ക്കായിരിക്കും ജോലി കൂടുതലായി നഷ്ടപ്പെടാന്‍ സാധ്യതയെന്ന് മക്കെന്‍സി റിപ്പോര്‍ട്ട് പറയുന്നു. ഭക്ഷണം, നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ തൊഴിലവസരങ്ങള്‍ ചുരുങ്ങുന്നത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ കൂടുതലായി ബാധിക്കാന്‍ ഇടയുണ്ട്.
ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും യുഎസിലെ 1.2 കോടി പേര്‍ക്ക് ജോലികളില്‍ മാറ്റമുണ്ടാകും. 2021 ഫെബ്രുവരിയില്‍ മക്കെന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ള 25 ശതമാനത്തേക്കാള്‍ അധികം വരുമിത്.
കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള സാധ്യത ഏറെയാണെന്നും പുതിയ കമ്പനികളില്‍ അവര്‍ക്ക് ജോലി ലഭിക്കാന്‍ പുതിയ കഴിവുകള്‍ നേടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചെറുകിട കച്ചവടക്കാര്‍, ക്യാഷ്യര്‍ തുടങ്ങി കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് ഏറ്റവും അധികം ബാധിക്കുക. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള ശ്രമം തൊഴില്‍ സാധ്യത കുറയ്ക്കുമോ?
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള രാജ്യങ്ങളുടെ ഇടപെടല്‍ തൊഴില്‍ സാധ്യത കുറയ്ക്കുമെന്ന് മക്കെന്‍സി പഠനം പറയുന്നു. കാര്‍ബണ്‍ വാതകങ്ങള്‍ കുറയ്ക്കാനുള്ള യുഎസിന്റെ ശ്രമങ്ങള്‍ ഏകദേശം 35 ലക്ഷത്തോളം ജോലികള്‍ ഇല്ലാതാക്കുമെന്ന് പഠനം പറയുന്നു. എണ്ണ, പ്രകൃതിവാതകം, വാഹനങ്ങളുടെ നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരെയാണ് ഇത് കൂടുതലായി ബാധിക്കുക.
അതേസമയം, പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുമായി ബന്ധപ്പെട്ട് ഏകദേശം 42 ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു.
ഏതൊക്കെ മേഖലകളായിരിക്കും എഐയില്‍ നിന്ന് നേട്ടമുണ്ടാക്കുക?
എഐയുടെ വ്യാപനം പുതിയ ചില തൊഴിലവസരങ്ങളുടെ സൃഷ്ടിക്ക് കാരണമാകും. ഇത് കൂടാതെ നിലവിലുള്ള ചില ജോലികള്‍ക്ക് നേട്ടമുണ്ടാക്കുകയും ചെയ്യും. അഭിഭാഷകര്‍, സിവില്‍ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് എഐ നേട്ടമായി മാറും. ഇത് കൂടാതെ, യന്ത്രവത്കൃത സേവനം അധികം എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഹെല്‍ത്ത്‌കെയര്‍, കൃഷി മേഖലകളെയും എഐ ബാധിക്കുന്നില്ല.
അതേസമയം, ഈ തൊഴില്‍ മേഖലകളിലെല്ലാം പുരുഷന്മാരാണ് സ്ത്രീകളെക്കാള്‍ അധികമായി ജോലി ചെയ്യുന്നത്. യുഎസില്‍ എഞ്ചിനീയറിങ് മേഖലയില്‍ 17.1 ശതമാനവും അഭിഭാഷക മേഖലയില്‍ 38.5 ശതമാനവും മാത്രമാണ് സ്ത്രീകള്‍ തൊഴില്‍ എടുക്കുന്നതതെന്ന് യുഎസിലെ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം തൊഴിലിടങ്ങളില്‍ എഐ ഉപയോഗിക്കുന്നത് യുഎസിന്റെ ജിഡിപിയില്‍ ഏഴ് ശതമാനം വരെ വര്‍ധനയുണ്ടാക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ചസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.