TRENDING:

North Korea | കയ്യിൽ കാശില്ലെങ്കിലും ഉത്തര കൊറിയ തുടർച്ചയായി മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നത് എങ്ങനെ?

Last Updated:

ചൈനയും റഷ്യയും പിന്തുണ നൽകുന്നതിനാൽ മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ ചെലവിൽ ഉത്തര കൊറിയക്ക് ആണവായുധങ്ങൾ പരീക്ഷിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണെങ്കിലും ഉത്തര കൊറിയ ഇപ്പോഴും ആണവ പരീക്ഷണങ്ങൾ നടത്തുന്നത് ലോകം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ബുധനാഴ്ച മാത്രം 23 പരീക്ഷണങ്ങൾ ഉത്തര കൊറിയ നടത്തിയതായാണ് റിപ്പോർട്ട്. ഉത്തര കൊറിയ നടത്തുന്ന ഓരോ മിസൈൽ പരീക്ഷണത്തിനും 2 മില്യൺ മുതൽ 10 മില്യൺ ഡോളർ വരെ ചെലവ് വരുമെന്ന് ചില വിദഗ്ധർ പറയുന്നു. എന്നാൽ രാജ്യത്തിൻെറ അതീവ രഹസ്യ സ്വഭാവം കണക്കിലെടുത്ത് കൃത്യമായ കണക്കുകൾ അറിയാൻ സാധിക്കില്ലെന്നാണ് മറ്റൊരു കൂട്ടരുടെ വാദം.
advertisement

ചൈനയും റഷ്യയും പിന്തുണ നൽകുന്നതിനാൽ മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ ചെലവിൽ ഉത്തര കൊറിയക്ക് ആണവായുധങ്ങൾ പരീക്ഷിക്കാൻ സാധിക്കുമെന്നാണ് മറ്റൊരു വിലയിരുത്തൽ. എന്തായാലും ഉത്തര കൊറിയയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ആയുധ പരീക്ഷണങ്ങളെ ബാധിക്കുന്നേയില്ല. ദക്ഷിണ കൊറിയയ്ക്കും അമേരിക്കയ്ക്കും മുന്നറിയിപ്പ് നൽകുന്നതിൽ ആവേശം കണ്ടെത്തുകയാണ് കിങ് ജോങ് ഉൻ.

ബുധനാഴ്ച 23 ബാലിസ്റ്റിക് മിസൈലുകളും വ്യാഴാഴ്ച 6 മിസൈലുകളുമാണ് കൊറിയ പരീക്ഷിച്ചത്. ഈ വർഷം റെക്കോർഡ് പരീക്ഷണങ്ങളാണ് അവർ നടത്തിയത്. ഹ്വാസോങ്-17 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ, വിവിധതരം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങി പല തരം ആയുധങ്ങളാണ് കൊറിയ പരീക്ഷിച്ചിട്ടുള്ളത്. എന്നാൽ ഇത്രയധികം വിക്ഷേപണങ്ങൾ ഒരേ ദിവസം നടത്തുന്നത് ഇതാദ്യമായിട്ടാണ്.

advertisement

"ഉത്തര കൊറിയ നടത്തുന്ന ഒരു മിസൈൽ പരീക്ഷണത്തിന് 10 ദശലക്ഷം ഡോളർ വരെ ചെലവ് വരും. ഇത് മറ്റ് രാജ്യങ്ങളിലെ സമാനമായ പരീക്ഷണങ്ങൾക്ക് വരുന്ന ചെലവിനേക്കാൾ കുറവായിരിക്കും. ഉത്തര കൊറിയയിൽ തൊഴിലാളികൾക്കുള്ള ചെലവ് വളരെ കുറവാണ്. അത് കൊണ്ടാണ് ഇത് സാധിക്കുന്നത്," കാലിഫോർണിയ ആസ്ഥാനമായുള്ള RAND കോർപ്പറേഷനിലെ സുരക്ഷാ അനലിസ്റ്റായ സൂ കിം പറഞ്ഞു.

ബുധനാഴ്ച ഉത്തര കൊറിയ വിക്ഷേപിച്ച ഹ്രസ്വ-ദൂര മിസൈലുകൾക്ക് ഓരോന്നിനും 2 മില്യൺ മുതൽ 3 മില്യൺ ഡോളർ വരെ ചെലവായിട്ടുണ്ടെന്നാണ് ഏകദേശ കണക്കെന്ന് RAND കോർപ്പറേഷനിലെ മറ്റൊരു വിദഗ്ധനായ ബ്രൂസ് ബെന്നറ്റ് റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞു. അന്നത്തെ ദിവസത്തെ മൊത്തം ചിലവ് 50 മില്യൺ മുതൽ 75 മില്യൺ ഡോളർ വരെയാണെന്ന് കണക്കാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. രാജ്യത്തെ ധാന്യക്ഷാമം നികത്താൻ 2019ൽ ചൈനയിൽ നിന്ന് അരി ഇറക്കുമതി ചെയ്യാൻ ഉത്തര കൊറിയ ഏകദേശം ഇത്ര തന്നെ തുകയാണ് ചെലവാക്കിയിരുന്നതെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോ‍ർട്ട് ചെയ്യുന്നു.

advertisement

ആ രാജ്യത്തിൻെറ രഹസ്യ സ്വഭാവം പരിഗണിച്ച് ഉത്തരകൊറിയയിലെ ആയുധ ഉൽപ്പാദനച്ചെലവ് പുറത്തുനിന്നുള്ളവർക്ക് കൃത്യമായി കണക്കാക്കുന്നത് അസാധ്യമാണെന്ന് ദക്ഷിണ കൊറിയയിലെ കൊറിയ ഡിഫൻസ് നെറ്റ്‌വർക്കിലെ വിദഗ്ധനായ ലീ ഇല്ല്വോ പറഞ്ഞു. “ഉത്തരകൊറിയ എന്ത് വിലയ്ക്കാണ് ചില ആയുധ ഭാഗങ്ങൾ നിർമ്മിക്കുന്നതെന്ന് കണ്ടെത്താൻ ഞങ്ങൾക്ക് വഴികളൊന്നുമില്ല. അവർ ചില ആയുധഭാഗങ്ങൾ സ്വന്തമായി നിർമ്മിക്കുന്നുണ്ട്. ചൈന ആയുധങ്ങൾ സൗജന്യമായോ വളരെ കുറഞ്ഞ വിലയിലോ അവ‍ർക്ക് നൽകുന്നുണ്ടെന്നുമാണ് മനസ്സിലാക്കുന്നത്,” അദ്ദേഹം പറഞ്ഞു.

സിയോൾ ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന കൊറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് അനലൈസസ് എന്ന സ്ഥാപനം 1970 മുതൽ ആണവ പരിപാടികൾക്കായി 1.6 ബില്യൺ ഡോളർ വരെ ചെലവഴിച്ചതായി ദക്ഷിണ കൊറിയൻ നിയമ വിദഗ്ദൻ ഷിൻ വോൻ-സിക്കിന്റെ ഓഫീസ് ഇക്കഴിഞ്ഞ സെപ്തംബറിൽ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. മറ്റ് രാജ്യങ്ങളിലെ ആണവ വികസന പരിപാടികളുടെ വിശകലനങ്ങളാണ് റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നത്. ഉത്തര കൊറിയക്ക് തൊഴിലാളികൾക്കും ഭൂമിക്കും വേണ്ടി പണം ചെലവഴിക്കേണ്ടതില്ലെന്ന കാര്യവും റിപ്പോ‍ർട്ട് ഓർമ്മിപ്പിക്കുന്നു. വിദേശ ഡാറ്റയുടെ ഉപയോഗത്തിനെതിരെയും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.

advertisement

കോവിഡ് 19ന് ശേഷമാണ് ഉത്തര കൊറിയയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ രൂക്ഷമായത്. പക്ഷേ കാര്യമായ സാമൂഹ്യ പ്രശ്നങ്ങളോ ഭക്ഷ്യക്ഷാമമോ ഇത് കൊണ്ട് ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നില്ല. കിം ജോങ് ഉന്നിനെ ചുറ്റിപ്പറ്റിയുള്ള പാർട്ടി നേതൃത്വമാണ് ഉത്തര കൊറിയയുടെ പ്രതിരോധ മേഖലയിലെ പൂ‍ർണ നിയന്ത്രണം വഹിക്കുന്നത്. ഇത് സോവിയറ്റ് ശൈലിയിലാണ് പ്രവ‍ർത്തിക്കുന്നതെന്ന് സിയോളിലെ കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ യൂണിഫിക്കേഷനിലെ വിശകലന വിദഗ്ധനായ ഹോങ് മിൻ പറഞ്ഞു. ആയുധ വികസനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാരണം ദേശീയ വിഭവങ്ങളുടെ കാര്യത്തിൽ രാജ്യം ബജറ്റ് പരിമിതി നേരിടാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

advertisement

ഈ വ‍ർഷം മിസൈൽ പരീക്ഷണങ്ങളിൽ റെക്കോ‍ർഡ് ഇട്ടതിനൊപ്പം പുതുതായി വൻതോതിൽ ആയുധങ്ങൾ ഉൽപ്പാദിപ്പിക്കാനും ഉത്തരകൊറിയ ശ്രമിക്കുന്നുണ്ട്. യുദ്ധങ്ങൾ വന്നാൽ അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഹോങ് കൂട്ടിച്ചേർത്തു. യുഎസിൻെറ സാമ്പത്തിക ഉപരോധത്തിനും മറ്റുമിടയിൽ ഉത്തര കൊറിയ എങ്ങനെയാണ് ആയുധങ്ങൾക്കായി ധനസമാഹരണം നടത്തുന്നതെന്ന് അറിയാൻ കൌതുകമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ മിസൈൽ, ആണവ പരീക്ഷണങ്ങളും ഉത്തരകൊറിയയുടെ ശാസ്ത്രജ്ഞർക്ക് ആയുധ വികസനത്തെക്കുറിച്ചുള്ള പുതിയ അറിവാണ് നൽകുന്നത്. ദക്ഷിണ കൊറിയ-യുഎസ് സഖ്യത്തെ ഈ പരീക്ഷണങ്ങൾ ഉലയ്ക്കുന്നുണ്ട്. കിം ജോങ് ഉന്നിന്റെ നേതൃത്വം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും പരീക്ഷണങ്ങൾക്ക് പങ്കുണ്ട്. സിയോളിലെ കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ യൂണിഫിക്കേഷൻ മുൻ മേധാവി കിം താവൂ പറഞ്ഞു.

വ്യാഴാഴ്ച നടന്ന ഹ്വാസോങ്-17 വിക്ഷേപണം പരാജയമായിരുന്നുവെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മിസൈലിൻെറ ഒരു ഭാഗം കടലിൽ പതിച്ചുവെന്നാണ് മാധ്യമങ്ങൾ പറയുന്നത്. മാ‍ർച്ചിൽ നടത്തിയ പരീക്ഷണത്തിൽ ഹ്വാസോംഗ് -17 പൊട്ടിത്തെറിച്ചതായും ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തിരുന്നു.

Also Read- ചൈന കോവിഡിനേക്കാൾ 'മാരകമായ' വൈറസ് ഗവേഷണത്തിലോ? പാകിസ്ഥാൻ ലബോറട്ടറിയിലെന്ന് റിപ്പോർട്ട്

യുഎസ്-ദക്ഷിണ കൊറിയൻ സംയുക്ത സൈനികാഭ്യാസങ്ങളെ എതിർക്കുന്നതിൻെറ ഭാഗമായിട്ടാണ് ഉത്തര കൊറിയ ആണവ പരീക്ഷണങ്ങൾ നടത്തുന്നത്. ഉത്തരകൊറിയയുടെ കൈയിൽ ഏകദേശം 1,000 ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2024ന് മുമ്പ് തങ്ങളുടെ ആണവ ആയുധങ്ങൾ ശക്തമാണെന്ന് തെളിയിക്കാനാണ് അവരുടെ ശ്രമമെന്ന് വിദഗ്ദർ പറയുന്നു. ദക്ഷിണ കൊറിയയും അമേരിക്കയും പ്രകോപനങ്ങൾ തുടരുന്നതിനാൽ ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളും തുടരുമെന്ന് തന്നെയാണ് കരുതുന്നത്. ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകരാജ്യങ്ങളും യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളും രം​ഗത്തെത്തിയിരുന്നു. രാജ്യം അണുബോംബ് പരീക്ഷണം നടത്തുമോ എന്ന ഭയം പല ലോകരാഷ്ട്രങ്ങൾക്കുമുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മുമ്പ് അറിയിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
North Korea | കയ്യിൽ കാശില്ലെങ്കിലും ഉത്തര കൊറിയ തുടർച്ചയായി മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories