TRENDING:

ഒരുകാലത്ത് രാജ്യപദവി പോലുമില്ലാതിരുന്ന ഇസ്രായേല്‍ ഇന്ത്യയുടെ ഉറ്റപങ്കാളിയായത് എങ്ങനെ?

Last Updated:

ഇന്ത്യയുടെ രഹസ്യാന്വേഷണ ശ്രമങ്ങളെ ഇസ്രായേല്‍ പിന്തുണച്ചു. പകരം സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധമാണ് ഗോള്‍ഡ മെയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജൂതന്മാരോടും അവര്‍ക്ക് സംഭവിക്കുന്ന അതിക്രമങ്ങളോടും അനുഭാവമുള്ളയാളായിരുന്നു മഹാത്മാഗാന്ധി. എന്നാല്‍, അറബികള്‍ വസിച്ചിരുന്ന ഒരു പ്രദേശത്ത് അവരുടെ നിര്‍ബന്ധിത കുടിയേറ്റത്തെ അദ്ദേഹം ഒരിക്കലും അനുകൂലിച്ചിരുന്നില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു മഹാത്മാഗാന്ധിയുടെ അതേ നിലപാട് തന്നെയാണ് പുലര്‍ത്തിപ്പോന്നിരുന്നത്. 1947-ല്‍ പലസ്തീനിന്റെയും ഇസ്രായേലിന്റെയും രാഷ്ട്രപദവിയെക്കുറിച്ച് വോട്ടിനിട്ടപ്പോള്‍ ഇസ്രയേല്‍ ഇന്ത്യയുടെ പിന്തുണ തേടിയിരുന്നു. ഇതിനൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാര്യങ്ങള്‍പ്പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സഹായവും അവര്‍ തേടി. നെഹ്റു അത് വേണ്ടെന്ന് പറയുകയും 1947 നവംബര്‍ 29-ന് പലസ്തീന്‍ വിഭജനം സംബന്ധിച്ച യുഎന്‍ജിഎ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുകയും ചെയ്തു. മറ്റൊരു രാജ്യത്തിന്റെ മതപരമായ വിഭജനത്തെ പിന്തുണയ്ക്കാന്‍ നെഹ്റുവിന് കഴിഞ്ഞിരുന്നില്ല. കാരണം ഇന്ത്യ ഇതിനോടകം തന്നെ ഭൂമിശാസ്ത്രപരമായ വിഭജനത്തിന്റെ വേദന അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു.
advertisement

ഇന്ത്യ മതേതര സ്വഭാവം സ്വീകരിച്ചിരുന്നതിനാല്‍ വിഭജനത്തിന് ശേഷവും ഇന്ത്യയില്‍ ഗണ്യമായ മുസ്ലിം ജനസംഖ്യയുണ്ടായിരുന്നു. പലസ്തീന്‍ വിഭജനത്തിന് എതിരായിരുന്നു മുസ്ലീമുകള്‍.

പാകിസ്താന്‍ ആയിരുന്നു മറ്റൊരു വലിയ ആശങ്ക. ഇസ്ലാമിക രാജ്യങ്ങളില്‍ പാകിസ്ഥാന്‍ നടത്തുന്ന കുപ്രചരണങ്ങളെ ചെറുക്കാന്‍ ഇന്ത്യക്ക് അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പിന്തുണ ആവശ്യമായിരുന്നു. യുഎന്‍ പ്രമേയത്തിന് ഏകദേശം രണ്ടര വര്‍ഷത്തിന് ശേഷം 1950 സെപ്റ്റംബറില്‍ നെഹ്റുവിന്റെ സര്‍ക്കാര്‍ ഇസ്രായേലിനെ ഒരു സ്വതന്ത്ര രാജ്യമായി ഔദ്യോഗികമായി അംഗീകരിച്ചു, എന്നാല്‍ രാജ്യത്തിന്റെ ആഭ്യന്തര ആശങ്കകള്‍ അന്താരാഷ്ട്ര നയ സമീപനവുമായി ബന്ധപ്പെട്ടതിനാല്‍ നയതന്ത്രബന്ധം സ്ഥാപിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇന്ത്യയില്‍ നിന്ന് ധാരാളം പേര്‍ അറബ് രാജ്യങ്ങളില്‍ ചേക്കേറിയതോടെ പണമയക്കലിന്റെ പ്രധാന സ്രോതസ്സായി അറബ് രാജ്യങ്ങള്‍ ഉയര്‍ന്നുവരുന്നു. ആഗോള ഭൗമരാഷ്ട്രീയത്തിന്റെ കാതല്‍ എണ്ണ സമ്പദ്വ്യവസ്ഥയായതിനാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വര്‍ദ്ധനവ് ഇന്ത്യ പ്രതീക്ഷിക്കുകയും ചെയ്തു.

advertisement

കൂടാതെ, വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയില്‍ വിതരണക്കാരായിരുന്നു പലസ്തീനെ പിന്തുണയ്ക്കുന്ന മിഡില്‍-ഈസ്റ്റേണ്‍ രാജ്യങ്ങള്‍. 1950 കളില്‍ നെഹ്റു സ്ഥാപക അംഗമായിരുന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) ഉയര്‍ച്ച ഇസ്രായേലിനെ പരസ്യമായി പിന്തുണയ്ക്കുന്നതില്‍ നിന്ന് ഇന്ത്യയെ കൂടുതല്‍ നിരുത്സാഹപ്പെടുത്തി.

Also read-ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷം: നെതന്യാഹു സ്ഥിതിഗതികൾ നരേന്ദ്രമോദിയെ ധരിപ്പിച്ചു; പിന്തുണ ആവർത്തിച്ച് പ്രധാനമന്ത്രി

രഹസ്യമായിരുന്ന ബന്ധം

1962-ല്‍ ചൈന ഇന്ത്യക്കെതിരെ യുദ്ധം ആരംഭിച്ചു. മുമ്പൊരിക്കലും ഭീഷണിയായിരുന്നിട്ടില്ലാത്ത അയല്‍വാസിയില്‍ നിന്ന് ഇത്തരമൊരു ശത്രുതാപരമായ പ്രവൃത്തിക്ക് മറുപടി നല്‍കാന്‍ രാജ്യം സജ്ജമായിരുന്നില്ല. അന്ന് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ശത്രു പാകിസ്ഥാന്‍ ആയിരുന്നു, സൈനിക വിന്യാസം അതിനനുസരിച്ചായിരുന്നു.

advertisement

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പ്രതിരോധം തീര്‍ക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. പര്‍വതനിരകള്‍ നിറഞ്ഞ ദുഷ്‌കരമായ പ്രദേശമായതിനാല്‍, അന്ന് നമ്മുടെ രാജ്യത്തിന് ആ പ്രദേശങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സൈനികരെയും സൈനിക ലോജിസ്റ്റിക്സും വിന്യസിക്കാന്‍ സമയം ആവശ്യമായിരുന്നു. അതിനാല്‍ തന്നെ ചൈനയുടെ അപ്രതീക്ഷിത ആക്രമണത്തിന് മറുപടി നല്‍കാന്‍ രാജ്യം തയ്യാറായിരുന്നില്ല.

ഈ സമയം ഇന്ത്യ യുദ്ധത്തിനായി ആയുധങ്ങള്‍ തേടി. ഒരു നിബന്ധനയോടെ ഇസ്രയേല്‍ ഇന്ത്യയെ സഹായിക്കാന്‍ മുന്നോട്ടു വന്നു. പ്രധാനമന്ത്രി നെഹ്റു ഇസ്രായേലില്‍ നിന്ന് ആയുധങ്ങള്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇസ്രായേലി പതാകയില്ലാതെ അവ കയറ്റി അയയ്ക്കാന്‍ കഴിയുമോ എന്നും ചോദിച്ചിരുന്നു. അറബ് രാഷ്ട്രങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. പക്ഷേ, ഇസ്രായേല്‍ ഇന്ത്യയുടെ ആവശ്യം നിരസിച്ചു. ഇസ്രായേല്‍ പതാകയില്‍ ഇരുവരും യോജിച്ചുകഴിഞ്ഞാല്‍ മാത്രമാണ് ഇന്ത്യയിലേക്ക് സൈനിക ചരക്ക് അയച്ചു നല്‍കുകയുള്ളൂവെന്ന് അവര്‍ പറഞ്ഞു. ഇതിന് പുറമെ, 1965-ലെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യക്ക് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യാന്‍ ഇസ്രായേല്‍ സഹായിച്ചു.

advertisement

1971-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധസമയത്ത്, ഇസ്രായേല്‍ പ്രധാനമന്ത്രി ഗോള്‍ഡ മെയര്‍ ഇറാന് വേണ്ടിയുള്ള ആയുധങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടതായി ശ്രീനാഥ് രാഘവന്റെ ‘1971’ എന്ന പുസ്തകത്തില്‍ പറയുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശകന്‍ പിഎന്‍ ഹക്‌സറിനെ ഉദ്ധരിച്ച് പുസ്തകത്തില്‍ പറയുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ ശ്രമങ്ങളെ ഇസ്രായേല്‍ പിന്തുണച്ചു. പകരം സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധമാണ് ഗോള്‍ഡ മെയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടത്.

പലസ്തീന്റെ ലക്ഷ്യത്തെ പരസ്യമായി പിന്തുണച്ചിരുന്നുവെങ്കിലും, നെഹ്റു ആരംഭിച്ച അനൗപചാരിക ബന്ധം ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സര്‍ക്കാരുകളുടെ കാലത്തും തുടര്‍ന്നു.

advertisement

രഹസ്യമായിരുന്ന ബന്ധം പരസ്യമാകുന്നു

1948 നും 1973 നും ഇടയില്‍, അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ നാല് വലിയ യുദ്ധങ്ങള്‍ നടത്തി, അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. 1967ലെ യുദ്ധത്തിനു ശേഷം ഇസ്രായേല്‍ ഗാസ മുനമ്പ്, സിനായ്, വെസ്റ്റ് ബാങ്ക്, ഗോലാന്‍ കുന്നുകള്‍, കിഴക്കന്‍ ജറുസലേം എന്നിവ പിടിച്ചെടുത്തു.

1978-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടി പ്രകാരം പലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിനെതിരെ അറബ് രാജ്യങ്ങളുടെ യുദ്ധ പങ്കാളിത്തത്തിന് ഔപചാരികമായ അന്ത്യം കുറിച്ചു. ഈജിപ്തും ഇസ്രായേലും തമ്മില്‍ ഒപ്പുവെച്ച സമാധാന കരാറിന്റെ ഭാഗമായിരുന്നു ഈ കരാറുകള്‍. യുഎസ് മധ്യസ്ഥതയിലായിരുന്നു ഉടമ്പടി സ്ഥാപിക്കപ്പെട്ടത്.

യാസര്‍ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ) പലസ്തീന്റെ പ്രതിനിധിയായി അംഗീകരിക്കപ്പെട്ടു. എന്നാല്‍ 1990-ല്‍ സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ നടന്ന കുവൈത്തിലെ ഇറാഖ് അധിനിവേശത്തെ അറബ് രാജ്യങ്ങളെ കൂടുതല്‍ പ്രായോഗിത ബുദ്ധിയോടെ ഇടപെടാന്‍ പ്രേരിപ്പിച്ചു. അവരില്‍ ഭൂരിഭാഗവും യാസര്‍ അറാഫത്തിന്റെ നീക്കത്തിനെതിരായിരുന്നു.

സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതോടെ ചേരി ചേരാ പ്രസ്ഥാനത്തിന്റെ പ്രസക്തി നഷ്ടമായി. അറബ് രാജ്യങ്ങളാകട്ടെ ഇവരുടെ താത്പര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായപ്പോള്‍ ഇന്ത്യക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചു. അന്ന് ഇന്ത്യയെപ്പോലെ ചൈനയും വലിയ എണ്ണ ഇറക്കുമതി രാജ്യമായിരുന്നു. 1962-ല്‍ അറബ് രാജ്യങ്ങള്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചു.

1965-ലെയും 1971ലെയും യുദ്ധസമയത്ത്, ദശാബ്ദങ്ങളായി ഇന്ത്യയുമായി പുലര്‍ത്തിപ്പോന്ന സൗഹൃദ സ്വഭാവവും വിദേശനയവും അവഗണിച്ച് പാകിസ്ഥാനെ പിന്തുണയ്ക്കാന്‍ അവര്‍ തീരുമാനിച്ചു.

ഈ സമയം ഇന്ത്യയും പ്രായോഗിക ബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അറബ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതലും ഇടപാട്, ബിസിനസ് താല്‍പ്പര്യങ്ങള്‍ക്കായി മാറി. അവര്‍ക്ക് അവരുടെ വ്യവസായങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള മനുഷ്യശക്തി ആവശ്യമായിരുന്നു. ഇന്ത്യയ്ക്ക് തിരിച്ച് എണ്ണയും ആവശ്യമായിരുന്നു. അതേസമയം ഒരുമിച്ച്, അവര്‍ക്ക് പരസ്പരം വിപണികള്‍ ആവശ്യമായിരുന്നു. വ്യാപാരം ആയിരുന്നു തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി.

സാധാരണ നിലയിലാകുന്നു

മാറിയ സാഹചര്യത്തില്‍ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പിവി നരസിംഹറാവു സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍ അങ്ങനെ ചെയ്യുമ്പോഴും പലസ്തീന്‍ ബന്ധങ്ങളോടുള്ള മുന്‍ സമീപനം ഇന്ത്യ ഉപേക്ഷിച്ചില്ല. ഇത് പിഎല്‍ഒയെയും യാസര്‍ അറാഫത്തിനെയും ഇന്ത്യയോട് അടുപ്പിച്ചു.

ഡല്‍ഹിയില്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, എംബസികള്‍ സ്ഥാപിക്കുന്നതിനും നയതന്ത്ര ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനുമുള്ള ഇന്ത്യയുടെ പരമാധികാരത്തെ താന്‍ മാനിക്കുന്നതായി അറഫാത്ത് പ്രഖ്യാപിച്ചു. ഇസ്രായേലുമായി സമാധാന മാര്‍ഗം തേടുകയും ചര്‍ച്ചകള്‍ നടത്താനും പിഎല്‍ഒ തന്നെ അവസരം തേടിക്കൊണ്ടിരുന്നതിനാല്‍ അറാഫത്ത് ഇന്ത്യയെ പിന്തുണയ്ക്കുകയായിരുന്നു. 1993-ല്‍ അമേരിക്ക ഇടനിലക്കാരായി വാഷിംഗ്ടണില്‍ ഒപ്പുവെച്ച ഓസ്ലോ ഉടമ്പടിയിലൂടെ, ഇസ്രായേല്‍ ഭരണകൂടവും അറഫാത്തിന്റെ പിഎല്‍ഒയും ആദ്യമായി പരസ്പരം ഔദ്യോഗികമായി അംഗീകരിച്ചു. തുടര്‍ന്ന് അറാഫത്ത്, ഷിമോണ്‍ പെരസ്, ഇസഹാക്ക് റാബിന്‍ എന്നിവര്‍ 1994-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു.

ഇന്ത്യയുടെ നയതന്ത്രത്തില്‍ മാറ്റം വരുന്നു

ശീതയുദ്ധത്തിനു ശേഷവും 1991 ലെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിനു ശേഷവും ഇന്ത്യക്ക് വിദേശനയത്തില്‍ നികത്താന്‍ ധാരാളം വിടവുകള്‍ ഉണ്ടായിരുന്നു.അമേരിക്കയുടെ സമ്മര്‍ദവും മറ്റൊരു കാരണമായിരുന്നു. 1991-ല്‍ ഇന്ത്യ സാമ്പത്തിക ഉദാരവത്കരണത്തിന് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ ആവശ്യമായിരുന്നു. കൂടാതെ, ആയുധ ഇടപാടുകള്‍ സാധ്യമാക്കേണ്ടതുണ്ടായിരുന്നു. ഇന്ത്യയുടെ മികച്ച ആയുധ പങ്കാളിയായിരുന്ന യുഎസ്എസ്ആറിന്റെ തകര്‍ച്ചയും ഇതിന് കാരണമായി. അതിനാല്‍, യുഎസുമായി ചങ്ങാത്തം ശക്തമാക്കുകയായിരുന്നു മുന്നിലുള്ള വഴി. അതിന്റെ ഭാഗമായി ഇസ്രയേലിനെക്കൂടി വിദേശബന്ധങ്ങളില്‍ കൂടെക്കൂട്ടാന്‍ അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു.

ഇന്ത്യയെ സൈനികമായി സഹായിക്കാന്‍ മുന്നോട്ട് വരാനുള്ള മുന്‍കാല സന്നദ്ധതയുമായി ഇസ്രായേല്‍ രംഗത്തെത്തി.എതിരാളിയായി പാകിസ്താന്‍ ഉണ്ടായിരുന്നതിനാല്‍, ഭീകരവാദത്തിന്റെ ഏറ്റവും അധികം ഭീഷണികള്‍ നേരിടുന്ന രാജ്യമായിരുന്നു ഇന്ത്യ. അതിനാല്‍, ഇന്ത്യക്ക് വിശ്വസനീയമായ ഒരു അന്താരാഷ്ട്ര പ്രതിരോധ പങ്കാളിയെ ആവശ്യമായിരുന്നു.

1990-91 കാലഘട്ടത്തിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പുറത്തുവരാന്‍ ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണ്യനിധിയുടെയും സഹായവും വായ്പകളും ഇന്ത്യക്ക് ആവശ്യമായിരുന്നു. ഈ സ്ഥാപനങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന വാഷിംഗ്ടണില്‍ ഉയരാനിടയുള്ള ഇന്ത്യാ വിരുദ്ധ ശബ്ദങ്ങളെ നിര്‍വീര്യമാക്കാനുള്ള ഒരു ഉപകരണമായിരുന്നു ഇസ്രായേലിന് സമ്പൂര്‍ണ്ണ നയതന്ത്ര പങ്കാളിത്തം നല്‍കുന്നതിലൂടെ ഇന്ത്യക്ക് ലഭിച്ചത്.

ഇസ്രായേല്‍ ഇന്ത്യയുടെ ആത്മമിത്രമാകുന്നു

നാല് പതിറ്റാണ്ടിലേറെയായി ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും അംഗീകാരം ലഭിക്കാത്തതിനാല്‍ ഇസ്രായേല്‍ ഏഷ്യയില്‍ ഒറ്റപ്പെട്ടു നില്‍ക്കുകയായിരുന്നു. ചൈന വ്യത്യസ്തമായി യുഎസ് വിരുദ്ധ വളര്‍ച്ചാ തന്ത്രം പിന്തുടര്‍ന്നപ്പോള്‍, ശീതയുദ്ധാനന്തര ലോകത്ത് ഏറ്റവും പഴക്കമുള്ള ജനാധിപത്യത്തോട് അടുക്കാന്‍ ഇന്ത്യ തീരുമാനിച്ചു. കാര്‍ഗില്‍ പര്‍വതങ്ങളിലും പരിസരങ്ങളിലും ഒളിഞ്ഞിരിക്കുന്ന പാകിസ്ഥാന്‍ സൈനികരെ ലക്ഷ്യമിടാന്‍ ഇന്ത്യയ്ക്ക് കൃത്യമായ ബോംബുകള്‍ ആവശ്യമായിരുന്നു, ഇസ്രായേല്‍ മുന്നോട്ട് വന്ന് ഇന്ത്യക്ക് ആവശ്യമായ ആയുധങ്ങള്‍ വിതരണം ചെയ്ത് സഹായിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിനൊപ്പം, നിരീക്ഷണ ഡ്രോണുകള്‍, ലേസര്‍ ഗൈഡഡ് മിസൈലുകള്‍, മോര്‍ട്ടാര്‍ വെടിമരുന്ന് എന്നിവയും ഇസ്രായേല്‍ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തു.

തുടര്‍ന്ന് ഇരു രാജ്യങ്ങളും ഉന്നതതല മന്ത്രിമാരുടെ സന്ദര്‍ശന പരമ്പര ആരംഭിച്ചു. 2003-ല്‍ ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയായി. അദ്ദേഹത്തിന്റെ സന്ദര്‍ശന വേളയില്‍ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും കരാറില്‍ ഡല്‍ഹി ഒപ്പുവച്ചു. ‘ഇന്ത്യയും ഇസ്രായേലും പ്രതിരോധത്തില്‍ അടുത്ത ബന്ധമുണ്ടെന്നും ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് ഇസ്രായേല്‍’ എന്നും ഇസ്രായേല്‍ ആദ്യമായി വെളിപ്പെടുത്തി.

മോദിക്കാലത്ത് ഇസ്രയേല്‍ ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചു

ഇക്കാലത്തിനിടയ്ക്ക് പല രാജ്യങ്ങളുടെയും ഇസ്രാലേയിലനോടുള്ള മനസ്ഥിതിയില്‍ മാറ്റം പ്രകടമായി. ഒട്ടേറെ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി ആശയവിനിമയം നടത്തിത്തുടങ്ങി. ഈജിപ്ത് 1979-ലും ജോര്‍ദാന്‍ 1994-ലും രാജ്യവുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. 1993ലെ ഓസ്ലോ ഉടമ്പടിക്ക് ശേഷം ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ മുന്നോട്ടുവന്നു. 2002-ല്‍ അറബ് പീസ് ഇനീഷ്യേറ്റീവിന് സൗദി അറേബ്യ നേതൃത്വം നല്‍കി. ഇസ്രായേലുമായുള്ള ബന്ധം സോപാധികമായി സാധാരണ നിലയിലാക്കാന്‍ ഇത് പ്രേരിപ്പിച്ചു. പലസ്തീന്റെ രാഷ്ട്രത്വവും 1967-ല്‍ പിടിച്ചെടുത്ത പലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഇസ്രായേലിന്റെ പിന്‍വാങ്ങലും ഇതിന്റെ പ്രാഥമിക ആവശ്യങ്ങളായിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായിരുന്ന ‘ചുവന്ന രേഖ’ മങ്ങിത്തുടങ്ങി. അതിന്റെ ഭാഗമായി യുഎഇയും ബഹ്‌റൈനും 2020-ല്‍ ഇസ്രയേലുമായി കരാറുകള്‍ ഒപ്പുവെച്ചു.

എന്നാല്‍, മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ മാറ്റം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. സഖ്യകക്ഷികളുടെ എതിര്‍പ്പ് അതിന് കാരണമായിരിക്കണം. 2003 ലെ ഏരിയല്‍ ഷാരോണിന്റെ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യ തങ്ങളുടെ പ്രധാനമന്ത്രിയെ ഇസ്രയേലിലേക്ക് പകരം സന്ദര്‍ശനത്തിന് അയയ്ക്കേണ്ടതായിരുന്നു. എന്നാല്‍ അന്നത്തെ സര്‍ക്കാരിന്റെ വിദേശനയത്തില്‍ അത്തരമൊരു സമീപനത്തിന് സ്ഥാനമില്ലായിരുന്നു. മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വന്നതോടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടായി. ഇസ്രയേലുമായുള്ള സഖ്യം കൂടുതല്‍ ആഴത്തിലുള്ളതായി. ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. 2017-ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഇസ്രായേല്‍ സന്ദര്‍ശനം. ഇസ്രയേലും പലസ്തീല്‍ പ്രദേശങ്ങളും ഒരുമിച്ച് സന്ദര്‍ശിക്കുക എന്ന ചിട്ട ലംഘിച്ചുകൊണ്ട് അദ്ദേഹം ഇസ്രയേല്‍ മാത്രം സന്ദര്‍ശിച്ചു.

എന്നാല്‍, ഇന്ത്യയുടെ പലസ്തീന്‍ നയത്തില്‍ മാറ്റം വരുത്തിയെന്നതല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

അറബ് രാഷ്ട്രങ്ങളുമായുള്ള വര്‍ദ്ധിച്ചുവരുന്ന ഇടപഴകലും വ്യാപാര ബന്ധവുമാണ് മോദിയുടെ വിദേശനയ സമീപനത്തിന്റെ നെടുംതൂണുകള്‍. കൂടാതെ, 2017 ജൂലൈയില്‍ മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് മുമ്പ് 2017 മെയ് മാസത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയിരുന്നു. 2018 ഫെബ്രുവരിയില്‍ മോദി പലസ്തീന്‍ പ്രദേശം സന്ദര്‍ശിച്ചു. ഇത് ചരിത്രപരമായ ഒന്നായിരുന്നു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നതും ആദ്യമായായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ഒരുകാലത്ത് രാജ്യപദവി പോലുമില്ലാതിരുന്ന ഇസ്രായേല്‍ ഇന്ത്യയുടെ ഉറ്റപങ്കാളിയായത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories