ഇസ്രായേല്‍ - ഹമാസ് സംഘര്‍ഷം: നെതന്യാഹു സ്ഥിതിഗതികൾ നരേന്ദ്രമോദിയെ ധരിപ്പിച്ചു; പിന്തുണ ആവർത്തിച്ച് പ്രധാനമന്ത്രി
- Published by:Vishnupriya S
- news18-malayalam
Last Updated:
ചൊവ്വാഴ്ചയാണ് നെതന്യാഹു നരേന്ദ്രമോദിയുമായി ഫോണ്‍ സംഭാഷണം നടത്തിയത്
ഇസ്രായേലിലെ നിലവിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചറിയിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൊവ്വാഴ്ചയാണ് നെതന്യാഹു നരേന്ദ്രമോദിയുമായി ഫോണ്‍ സംഭാഷണം നടത്തിയത്. ” നിലവിലെ സ്ഥിതി വിളിച്ചറിയിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് നന്ദി. ഈ വെല്ലുവിളി ഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രായേലിനോടൊപ്പം നിലകൊള്ളുന്നു. ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും ഇന്ത്യ എതിര്‍ക്കുന്നു,’ എന്ന് മോദി എക്‌സില്‍ കുറിച്ചു.
ഇത് രണ്ടാം തവണയാണ് ഇസ്രായേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തുന്നത്. ശനിയാഴ്ചയും ആക്രമണത്തെ അപലപിച്ച് മോദി സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതിയിരുന്നു. ” ഇസ്രായേലിലെ ഭീകരവാദ ആക്രമണത്തില്‍ ഞെട്ടിയിരിക്കുകയാണ് ഞങ്ങള്‍. ഇസ്രായേലിലെ നിഷ്‌കളങ്കരായ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഇസ്രായേലിന് എല്ലാ പിന്തുണയും നല്‍കും,” എന്നാണ് മോദി ശനിയാഴ്ച പറഞ്ഞത്.
അതേസമയം ഗാസയിലെ വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ബന്ദികളെ ഓരോരുത്തരെ പരസ്യമായി വധിക്കുമെന്ന ഭീഷണിയുമായി ഹമാസ് രംഗത്തെത്തിയിരുന്നു. ബന്ദികളെ വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുമെന്നും വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്നും ഹമാസ് അറിയിച്ചു. അതേസമയം ഇസ്രായേല്‍- ഹമാസ് സംഘര്‍ത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികള്‍ക്കും 700 ഗാസ നിവാസികള്‍ക്കുമാണ് ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. ഗാസയില്‍ രാത്രി മുഴുവന്‍ വ്യോമാക്രമണം നടന്നു.
advertisement
I thank Prime Minister @netanyahu for his phone call and providing an update on the ongoing situation. People of India stand firmly with Israel in this difficult hour. India strongly and unequivocally condemns terrorism in all its forms and manifestations.
— Narendra Modi (@narendramodi) October 10, 2023
advertisement
ഗാസ മുനമ്പില്‍ ഇസ്രായേല്‍ വ്യോമസേന രാത്രിയില്‍ ശക്തമായ വ്യോമാക്രമണം നടത്തി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എക്സില്‍ പങ്കിട്ട വീഡിയോയില്‍, വ്യോമാക്രമണത്തെത്തുടര്‍ന്ന് ഒരു കെട്ടിടം തകര്‍ന്നത് കാണിക്കുന്നുണ്ട്. ഈ വീഡിയോ പങ്കിട്ടുകൊണ്ട് അദ്ദേഹം എഴുതി, ”ഞങ്ങള്‍ ആരംഭിച്ചു. ഇസ്രായേല്‍ വിജയിക്കും”. ഇസ്രായേല്‍ യുദ്ധം ”മിഡില്‍ ഈസ്റ്റിനെ മാറ്റിമറിക്കുമെന്നും” നെതന്യാഹു പറഞ്ഞു, ഹമാസിന് നേരിടേണ്ടിവരിക ഏറെ ബുദ്ധിമുട്ടുള്ളതും ഭയാനകവുമായ കാര്യങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പാലസ്തീന്‍ തീവ്രവാദി സംഘടനയായ ഹമാസ് ഭരിക്കുന്ന ഗാസ മുനമ്പില്‍ ”സമ്പൂര്‍ണ ഉപരോധം” ഏര്‍പ്പെടുത്താന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തിങ്കളാഴ്ച ഉത്തരവിട്ടു. ”ഗാസ പൂര്‍ണ്ണമായും ഉപരോധിക്കപ്പെടും. വൈദ്യുതിയോ ഭക്ഷണമോ ഇന്ധനമോ ഗാസയില്‍ എത്തിച്ചു നല്‍കില്ല. ഞങ്ങള്‍ ഭീകരവാദികളോട് പോരാടുകയാണ്, അതിനനുസരിച്ച് പ്രതികരിക്കും,” ഗാലന്റ് പറഞ്ഞു. ആക്രമണത്തിനിടെ ഹമാസ് പോരാളികള്‍ പിടിച്ചെടുത്ത അതിര്‍ത്തി സമൂഹങ്ങളുടെ നിയന്ത്രണം ഇസ്രായേല്‍ സൈന്യം തിരിച്ചുപിടിച്ചതായി വക്താവ് പറഞ്ഞു. അതേസമയം ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഇറാന്‍ തള്ളി.
advertisement
”ഇറാന്റെ പങ്കുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയ കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്,” വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പലസ്തീന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇസ്ലാമിക് റിപ്പബ്ലിക്ക് ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ചുവെങ്കിലും ഗാസ മുനമ്പില്‍ രാജ്യം സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയതില്‍ തനിക്ക് കടുത്ത വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 10, 2023 5:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇസ്രായേല്‍ - ഹമാസ് സംഘര്‍ഷം: നെതന്യാഹു സ്ഥിതിഗതികൾ നരേന്ദ്രമോദിയെ ധരിപ്പിച്ചു; പിന്തുണ ആവർത്തിച്ച് പ്രധാനമന്ത്രി