ജെറ്റ് ലാഗ് മൂലം ഒരു വ്യക്തിക്ക് ക്ഷീണം, ഉറക്കം, ദേഷ്യം എന്നിവയെല്ലാം അനുഭവപ്പെടാം. പലപ്പോഴും പല കാര്യങ്ങൾക്കായും വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന ലോകനേതാക്കളും ഈ പ്രശ്നം അഭിമുഖീകരിക്കാറുണ്ട്. അവർ അതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നു മനസിലാക്കാം.
നരേന്ദ്ര മോദി
നിരവധി രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ളയാളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില സാഹചര്യങ്ങളിൽ വിദേശരാജ്യത്ത് എത്തിയ ഉടൻ തന്നെ അവിടുത്തെ നേതാക്കളുമായും നയതന്ത്രജ്ഞരുമായും അദ്ദേഹം കൂടിക്കാഴ്ച ആരംഭിക്കാറുമുണ്ട്. വിദേശ യാത്രയിൽ അദ്ദേഹം സാധാരണയായി ബാക്ക്-ടു-ബാക്ക് മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യാറാണ് പതിവ്. അതിനാൽ നീണ്ട യാത്രക്കു ശേഷം ക്ഷീണം ഉണ്ടോ എന്ന് ആലോചിക്കാൻ പോലും സമയമില്ല. ഇക്കഴിഞ്ഞ ജൂണിലെ യുഎസ് സന്ദർശന വേളയിൽ അദ്ദേഹം അമേരിക്കൻ പ്രസിഡന്റ്, രാജ്യത്തെ മറ്റ് ഉദ്യോഗസ്ഥർ, വ്യവസായ സമൂഹം, പ്രവാസികൾ എന്നിവരുമായി മൂന്ന് ദിവസങ്ങളിലായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഇതെല്ലാം ബാക്ക്-ടു-ബാക്ക് മീറ്റിംഗുകൾ ആയിരുന്നു.
advertisement
ശരീരവും ഉറക്കവും ലക്ഷ്യ സ്ഥാനത്തിന്റെ ടൈം സോണുകൾക്ക് അനുസരിച്ച് ക്രമപ്പെടുത്തുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇക്കാര്യത്തിലും മോദി ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടു തന്നെ യാത്ര ചെയ്യുന്ന സമയം ഇന്ത്യയിൽ രാത്രിയായാലും അദ്ദേഹം വിമാനത്തിൽ ഉറങ്ങാറില്ല. ഇന്ത്യയിലേക്ക് മടങ്ങുമ്പോഴും അദ്ദേഹം ഇതേ കാര്യം തന്നെ പിന്തുടരുന്നു. തിരിച്ചു വരുമ്പോൾ ഇന്ത്യയിലെ ടൈം സോണിന് അനുസരിച്ച് ശരീരവും ഉറക്കവും ക്രമീകരിക്കുകയും, ആരോഗ്യവാനാണെന്നും യാത്രയ്ക്ക് തയ്യാറാണെന്നും ഉറപ്പുവരുത്തുകയും ചെയ്യുന്നു.
വിദേശത്ത് എത്തുമ്പോൾ സമയം ലാഭിക്കാനായി, ചില മീറ്റിംഗുകൾ വിമാനത്തിനുള്ളിൽ വെച്ചു നടത്താനും പ്രധാനമന്ത്രി ശ്രമിക്കാറുണ്ട്. ദീർഘദൂര വിമാന യാത്രകളിൽ താൻ പേപ്പറുകളും ഫയലുകളും പരിശധിക്കാറുണ്ടെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.
മറ്റ് ലോകനേതാക്കൾ ജെറ്റ് ലാഗ് കൈകാര്യം ചെയ്യുന്നത് എങ്ങനെ?
ജെറ്റ് ലാഗ് കുറയ്ക്കുന്നതിനും നീണ്ട വിമാന യാത്രകൾ മൂലമുള്ള ക്ഷീണം കുറയ്ക്കാനും ലോക നേതാക്കളിൽ പലരും വ്യത്യസ്തമായ രീതികൾ പിന്തുടരാറുണ്ട്. ചിലർ യാത്രയ്ക്ക് മുമ്പേ ഉറക്ക സമയക്രമം ക്രമീകരിക്കും, ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക, മദ്യവും കഫീനും ഒഴിവാക്കുക എന്നിവയാണ് മറ്റു ചില മാർഗങ്ങൾ. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ പ്രാദേശിക ടൈം സോണുമായി പൊരുത്തപ്പെടാൻ സമയം കണ്ടെത്തുന്ന രീതിയും ചിലർ പിന്തുടരാറുണ്ട്.
1973 ലെ യുഎസ് യാത്രയ്ക്കിടെ, താൻ രണ്ട് വാച്ചുകൾ ധരിച്ചിരുന്നതായി സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ലിയോനിഡ് ബ്രെഷ്നെവ് മുൻപ് പറഞ്ഞിരുന്നു. ഒന്നിൽ റഷ്യൻ സമയവും മറ്റൊന്നിൽ അമേരിക്കൻ സമയവും ആയിരുന്നു ഉണ്ടായിരുന്നത്. രണ്ട് വാച്ചുകൾ ധരിച്ചത് ശരീരത്തിന്റെ താളം നിരീക്ഷിക്കാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.