ജവഹര്‍ പോയിന്റ്
ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ് ചന്ദ്രയാന്‍-1. 2008 ഒക്ടോബര്‍ 22നായിരുന്നു ചന്ദ്രയാന്‍-1ന്റെ വിക്ഷേപണം. ഇന്ത്യ, യുഎസ്എ, യുകെ, ജര്‍മനി, സ്വീഡന്‍, ബള്‍ഗേറിയ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 11 സാങ്കേതിക ഡിവൈസുകളും വിക്ഷേപണ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2008 നവംബര്‍ 14നാണ് ചന്ദ്രയാനിലെ മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രോപരിതലത്തിലെത്തിയത്. ദക്ഷിണ ധ്രുവത്തിനോട് അടുത്ത പ്രദേശത്താണ് ബഹിരാകാശവാഹനം ഇടിച്ചിറക്കിയത്. ഈ പ്രദേശത്തെ ജവഹര്‍ പോയിന്റ് എന്നാണ് ശാസ്ത്രലോകം വിളിച്ചത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനോടുള്ള ആദരസൂചകമായിട്ടാണ് ഈ പേര് നല്‍കിയത്. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14നാണ് ചന്ദ്രയാന്‍-1 ചന്ദ്രോപരിതലത്തിലിറങ്ങിയത്.
advertisement
വിക്ഷേപണ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 2009ല്‍ ചന്ദ്രയാന്‍-1 200 കിലോമീറ്റര്‍ ഉയരത്തിലേക്ക് ഭ്രമണപഥം ഉയര്‍ത്തിയിരുന്നു. ചന്ദ്രന് ചുറ്റും 3400 തവണ ഭ്രമണം ചെയ്യാനും ഇവയ്ക്ക് സാധിച്ചു. ആഗസ്റ്റ് 2009ഓടെ വിക്ഷേപണ വാഹനവുമായുള്ള ആശയവിനിമയം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. അതേസമയം ചന്ദ്രയാന്‍-2,3 എന്നിവയിറങ്ങിയ പ്രദേശങ്ങള്‍ക്ക് പ്രധാനമന്ത്രി പേര് നല്‍കിയതിനെ പ്രകീര്‍ത്തിച്ച് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
” ഇന്ത്യ ഫസ്റ്റ് വേഴ്‌സസ് ഫാമിലി ഫസ്റ്റ്. ചന്ദ്രയാന്‍ 1ന്റെ ലാന്‍ഡിംഗ് പോയിന്റിന്റെ പേര് ജവഹര്‍ പോയിന്റ്. ചന്ദ്രയാന്‍-2ന്റെ ലാന്‍ഡിംഗ് പോയിന്റിന്റെ പേര് തിരംഗാ പോയിന്റ്. ചന്ദ്രയാന്‍-3യുടെ ലാന്‍ഡിംഗ് പോയിന്റ് ശിവശക്തി പോയിന്റ്. ലാന്‍ഡറിന്റെ പേര് വിക്രം. വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് ഈ പേര്. യുപിഎ സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ ഒരിക്കലും ചന്ദ്രയാന്‍-2,3 യും വിക്ഷേപിക്കുമായിരുന്നില്ല. ഇനി അഥവാ വിക്ഷേപിച്ചാല്‍ തന്നെ ഈ പ്രദേശങ്ങളുടെ പേര് ഇന്ദിര ഗാന്ധിയെന്നോ രാജീവ് ഗാന്ധിയെന്നോ ഇടുമായിരുന്നു,” എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
അതേസമയം ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കിൽ (ഇസ്ട്രാക്) എത്തിയ മോദിയെ ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സോമനാഥിനെ ആലിംഗനം ചെയ്ത മോദി ഒപ്പമുണ്ടായിരുന്ന ശാസ്ത്രജ്ഞരെ അഭിനന്ദനം അറിയിച്ചു. ഗ്രീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി നേരിട്ടു ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു. ഇസ്രോയുടെ ശാസ്ത്രനേട്ടത്തില്‍ അഭിമാനമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ സമര്‍പ്പണവും അഭിനിവേശവുമാണ് ബഹിരാകാശ മേഖലയില്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നിലെ ചാലകശക്തിയെന്ന് മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചിരുന്നു. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ പുരോഗതിയെ കുറിച്ച് ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിയെ അറിയിക്കും.എച്ച്എഎല്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണം ഒരുക്കിയിരുന്നു. പീനീയയില്‍ ഒരു കിലോമീറ്റര്‍ ദൂരം റോഡ് ഷോയില്‍ നരേന്ദ്ര മോദി പങ്കെടുത്തു.
ബുധനാഴ്ചയാണ് ചന്ദ്രയാന്‍ വിജയകരമായി ലാന്‍ഡ് ചെയ്യിച്ച് ഇന്ത്യ ചരിത്രം കുറിച്ചത്. അതിസങ്കീര്‍ണമായ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, സോവിയറ്റ് യൂണിയന്‍ ചൈന ഇവര്‍ക്കൊപ്പം എലൈറ്റ് ഗ്രൂപ്പില്‍ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. റഷ്യയുടെ ലൂണ 25 പേടകം ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിയാതെ പരാജയപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്.