മൂന്നു വർഷം മുൻപു നടന്ന മാർക്ക് തിരിമറിയുമായി ബന്ധപ്പെട്ട് ഒരു സെക്‌ഷൻ ഓഫിസറെ സർവീസിൽനിന്നു പിരിച്ചുവിട്ടെങ്കിലും ഇതു സംബന്ധിച്ചു പൊലീസിനു കൃത്യമായി വിവരങ്ങൾ നൽകുകയോ വ്യാജഫലം റദ്ദാക്കാൻ പരീക്ഷാ വിഭാഗത്തിനു നിർദേശം നൽകുകയോ ചെയ്തിരുന്നില്ല. ജോലി നഷ്ടപ്പെട്ട സെക്‌ഷൻ ഓഫിസർ പിന്നീട് ജീവനൊടുക്കിയിരുന്നു. ഡോ. മോഹനൻ കുന്നുമ്മൽ വൈസ് ചാൻസലറുടെ ചുമതല ഏറ്റതിനെ തുടർന്ന് ഇക്കാര്യം പരിശോധിക്കുകയും സിൻഡിക്കറ്റ് യോഗത്തിൽവച്ചു സർട്ടിഫിക്കറ്റുകളും മാർക്കും റദ്ദാക്കാൻ തീരുമാനിക്കുകയുമായിരുന്നു.
Also read-തെരഞ്ഞെടുപ്പിൽ കൃത്രിമം; കേരള സർവകലാശാലയിൽ 39 യൂണിയൻ കൗൺസിലർമാരെ അയോഗ്യരാക്കി
advertisement
മാർക്ക് തിരിമറി അന്വേഷിക്കുന്ന മുൻ വിസി ഡോ. പി.പി.അജയകുമാർ അധ്യക്ഷനായ സമിതി അന്വേഷണം ഇതുവരെ പൂർത്തിയാക്കാത്തതാണു മാർക്ക് റദ്ദാക്കാതിരിക്കാൻ കാരണമായി പരീക്ഷാ വിഭാഗം വിസിയെ അറിയിച്ചത്. വ്യാജമാർക്ക് ലഭിച്ച ആർക്കും ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും ബന്ധപ്പെട്ടവർ വിസിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. തോറ്റ വിദ്യാർഥികൾക്കു നൽകിയ വ്യാജ ബിരുദസർട്ടിഫിക്കറ്റുകളും ഉയർന്ന മാർക്കും റദ്ദാക്കുന്നില്ലെന്ന വിവരം സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഗവർണറുടെ നിർദേശപ്രകാരമാണ് ഇക്കാര്യം വിസി സിൻഡിക്കറ്റിന്റെ പരിഗണനയ്ക്കു വച്ചത്.
റദ്ദാക്കിയ സർട്ടിഫിക്കറ്റ് കൈപ്പറ്റിയ പലർക്കും ഇതിനകം വിദേശത്തു ജോലി ലഭിച്ചിട്ടുണ്ട്. ഗ്രേസ് മാർക്ക് തിരുത്തി ജയിപ്പിച്ച ഒരു വിദ്യാർഥിക്കു ബിരുദ സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ സർവകലാശാലയുടെ അഭിഭാഷകനു വിസി നിർദേശം നൽകിയിരുന്നു. എന്നാൽ തിരിമറിയിലൂടെയാണു ഗ്രേസ് മാർക്ക് നേടിയതെന്ന വിവരം കോടതിയിൽ ബോധിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ വിധിക്കെതിരെ അപ്പീൽ നൽകാനും തീരുമാനിച്ചിട്ടുണ്ട്.