TRENDING:

ചെങ്കോൽ കൈമാറ്റം; വേദമന്ത്രോച്ചാരണം, സർവധർമ പ്രാർത്ഥന: പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിങ്ങനെ

Last Updated:

പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനച്ചടങ്ങുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനച്ചടങ്ങ് അനശ്വരനിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വയംപര്യാപ്തവും വികസിതവുമായ ഇന്ത്യയുടെ ഉദയമാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്നും, പുരോഗതിയിലേക്ക് നീങ്ങാൻ മറ്റു രാജ്യങ്ങൾക്ക് ഇത് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തിൻ്റെ പുതിയ പാർലമെൻ്റ് മന്ദിരം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വേദമന്ത്രോച്ചാരണങ്ങളും സർവOധർമ പ്രാർത്ഥനയും ഉൾപ്പെട്ട ചടങ്ങുകളിൽ നിന്നും 20 പ്രതിപക്ഷപ്പാർട്ടികൾ വിട്ടു നിന്നിരുന്നു.
advertisement

ബിസി മൂന്നാം നൂറ്റാണ്ടിൽ ചോളവംശ രാജാക്കന്മാർ ഉപയോഗിച്ചിരുന്ന അധികാരദണ്ഡായിരുന്നു ചെങ്കോൽ. തമിഴ്‌നാട്ടിലെ 21 അധീനങ്ങളിൽ നിന്നുള്ള പ്രധാന പുരോഹിതന്മാർ ചേർന്നാണ് ചെങ്കോൽ പ്രധാനമന്ത്രിയ്ക്ക് കൈമാറിയത്. കൈമാറ്റത്തിനു ശേഷം ആചാരപരമായി പുതിയ മന്ദിരത്തിൽ ചെങ്കോലും കൈയിലേന്തി പ്രവേശിച്ച പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് വലതുവശത്തായി അതു സ്ഥാപിക്കുകയായിരുന്നു. ജനാധിപത്യത്തിൻ്റെ മാതാവായ ഇന്ത്യയുടെ അഭിലാഷങ്ങളുടെയും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതിരൂപമാണ് പുതിയ പാർലമെൻ്റ് മന്ദിരമെന്ന് പ്രധാനമന്ത്രി ചടങ്ങുകൾക്കു ശേഷം പറഞ്ഞു.

Also read- പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു; ഡൽഹിയിൽ കനത്ത സുരക്ഷ

advertisement

‘ഇവിടെ എടുക്കപ്പെടുന്ന ഓരോ തീരുമാനവും ഇന്ത്യയുടെ ശോഭനമായ ഭാവിയ്ക്ക് അടിത്തറ നൽകാനുള്ളതായിരിക്കും. ദരിദ്രർ, ദളിതർ, പിന്നോക്കം നിൽക്കുന്നവർ, ആദിവാസികൾ, ദിവ്യാംഗജർ, മറ്റ് പാർശ്വവൽകൃത വിഭാഗങ്ങൾ എന്നിവരെ ശാക്തീകരിക്കാനുള്ള മാർഗ്ഗങ്ങൾ ഇവിടെ നിന്നുമാണ് ഉരുത്തിരിയുക. പാർലമെൻ്റിൻ്റെ ഓരോ അംശവും ദരിദ്രരുടെ ക്ഷേമത്തിനായി സമർപ്പിക്കപ്പെടണം.’ രാജ്യത്തിനായി നിരവധി മെഡലുകൾ നേടിയ ഗുസ്തി താരങ്ങൾ ലൈംഗികാധിക്ഷേപത്തിനെതിരെ പുതിയ പാർലമെൻ്റ് മന്ദിരത്തിനു പുറത്ത് പ്രതിഷേധിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.

പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കുകയും ചെയ്തിരുന്നു. പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിശിതമായി വിമർശിച്ചിരുന്നു. പ്രധാനമന്ത്രി ഈ ചടങ്ങിനെ തൻ്റെ കിരീടധാരണമായാണ് കണക്കാക്കിയിരിക്കുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ചടങ്ങിൽ നിന്നും മാറ്റി നിർത്തിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷപ്പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ, 25 ഓളം രാഷ്ട്രീയപ്പാർട്ടികൾ കനത്ത സുരക്ഷയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സംതൃപ്തയാണെന്ന് രാഷ്ട്രപതി പിന്നീട് പറഞ്ഞിരുന്നു.

advertisement

Also read- New Parliament Building Inauguration| പൂജാരിമാരിൽ നിന്ന് ചെങ്കോൽ ഏറ്റുവാങ്ങി പ്രധാനമന്ത്രി; പുതിയ പാർലമെന‍്റ് ഉദ്ഘാടനം 

പാർലമെൻ്റിൻ്റെവിശ്വാസ്യതയുടെ പ്രതീകമാണ് മോദിയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.നൂറുകണക്കിന് വർഷങ്ങൾ നീണ്ടു നിന്ന അടിമത്തത്തിനു ശേഷം രാജ്യത്തോട് ഇഴുകിച്ചേർന്നു പോയ അടിമത്തമനോഭാവം തുടച്ചു നീക്കുന്നതിനെക്കുറിച്ചാണ് ലോക്‌സഭയിലെ ആദ്യ പ്രസംഗത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചത്. ഇന്നു മുതൽ രാജ്യം സ്വാതന്ത്ര്യ ലബ്ധിയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047 വരെയുള്ള 25 വർഷക്കാലം, മഹാത്മാ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനം അവസാനിച്ച 1922നും 1947നും ഇടയിലെ 25 വർഷക്കാലവുമായി അദ്ദേഹം താരതമ്യപ്പെടുത്തി.

advertisement

‘140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെയും സ്വപ്‌നങ്ങളുടെയും പ്രതിഫലനമാണ് പുതിയ പാർലമെൻ്റ് മന്ദിരം. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിൻ്റെ സന്ദേശം ലോകത്തിനു നൽകുന്ന, നമ്മുടെ ജനാധിപത്യത്തിൻ്റെ ക്ഷേത്രമാണിത്. എല്ലാ രാജ്യങ്ങളുടെയും ചരിത്രത്തിൽ ചില നിമിഷങ്ങൾ അനശ്വരമായിരിക്കും. ചില തീയതികൾ സമയമുഖത്തെ മായാത്ത കൈയൊപ്പാകും. 2023 മെയ് 28 അത്തരമൊരു ദിവസമാണ്.’ പ്രധാനമന്ത്രി പറഞ്ഞു.

പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനച്ചടങ്ങുകളെക്കുറിച്ച് അറിയേണ്ടതെല്ലാം:

ഹവനം, സർവമത പ്രാർത്ഥന, ചെങ്കോൽ സ്ഥാപനം

അതിരാവിലെ നടന്ന ഹവനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ശേഷം സർവമതപ്രാർത്ഥനയും, തുടർന്ന് ലോക്‌സഭാ ചേംബറിൽ പ്രത്യേകമായി നിർമിച്ച ഭാഗത്ത് ചെങ്കോൽ സ്ഥാപിക്കുന്ന ചടങ്ങും നടന്നു. മതപരമായ ചടങ്ങുകളിൽ സംബന്ധിക്കാൻ ധോത്തിയും കുർത്തയും അണിഞ്ഞാണ് പ്രധാനമന്ത്രി എത്തിയത്. വാസ്തുപൂജാ ചടങ്ങുകളുടെ ഭാഗമായി ഗണപതി ഹോമവും നടത്തി. സർവമതപ്രാർത്ഥനയും, അതിനൊപ്പം തേവാരം പ്രാർത്ഥനകളിൽ നിന്നുമുള്ള ശൈവ സ്‌തോത്രങ്ങളും ചടങ്ങിന് പശ്ചാത്തലമായിരുന്നു.

advertisement

Also read- New Parliament Building Inauguration LIVE: പുതിയ പാർലമെന്റ് സ്വാശ്രയ ഇന്ത്യയുടെ ഉയർച്ചയ്ക്ക് സാക്ഷിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കർണാടകത്തിലെ ശൃംഗേരി മഠത്തിൽ നിന്നുള്ള പുരോഹിതരാണ് വാസ്തുപൂജ നടത്തിയത്. ഉദ്ഘാടനച്ചടങ്ങുകളുടെ സ്മരണയ്ക്കായി കേന്ദ്രസർക്കാർ പോസ്റ്റൽ സ്റ്റാമ്പും 75 രൂപയുടെ നാണയവും പുറത്തിറക്കിയിരുന്നു. പുതിയ കെട്ടിടത്തിൻ്റെ നിർമാണപ്രവൃത്തി 60,000 തൊഴിലാളികൾക്ക് ജോലി നൽകിയെന്നും, അവർക്കായി സമർപ്പിക്കപ്പെട്ട ഒരു ഡിജിറ്റൽ ഗാലറി കെട്ടിടത്തിലുണ്ടെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. നിർമാണപ്രവൃത്തനങ്ങളിൽ പങ്കാളികളായ തൊഴിലാളികളിൽ ചിലരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തിരുന്നു.

ചടങ്ങിൽ പങ്കെടുത്തത് ആരെല്ലാം?

മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ഔപചാരിക ഉദ്ഘാടനച്ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്ത എൻഡിഎ ഇതര രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള ഏക നേതാവ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, മേഖാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, മിസോറാം മുഖ്യമന്ത്രി സോറംതാങ്ഗ, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫു റിയോ, സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ചില വിദേശരാജ്യങ്ങളുടെ അംബാസഡർമാരും സന്നിഹിതരായിരുന്നു. പാർലമെൻ്റംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

പുതിയ കെട്ടിടം പണിതീർത്തത് റെക്കോർഡ് വേഗത്തിൽ

പഴയ പാർലമെൻ്റ് മന്ദിരം പണികഴിപ്പിക്കാൻ എടുത്തത് ആറു വർഷമാണെങ്കിൽ, പുതിയ കെട്ടിടത്തിന്റെ നിർമാണം വെറും രണ്ടര വർഷത്തിലാണ് പൂർത്തീകരിച്ചത്. 64,500 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ആകെ ചെലവായ തുക ഏകദേശം 1,200 കോടിയാണ്. 888 ഇരിപ്പിടങ്ങളാണ് ലോക്‌സഭ ചേംബറിലുള്ളത്. ഇരു സഭകളുടെയും ഒന്നിച്ചുള്ള യോഗത്തിൽ 1,272 അംഗങ്ങളെ ഉൾക്കൊള്ളാൻ പുതിയ കെട്ടിടത്തിന് കഴിയും. അപ്പർ ഹൗസ് ചേംബറിൽ 384 സീറ്റുകളുണ്ട്. ടാറ്റ പ്രോജക്ടസ് ലിമിറ്റഡാണ് നിർമാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യം പ്രദർശിപ്പിക്കാനുള്ള കോൺസ്റ്റിറ്റ്യൂഷൻ ഹാൾ, എംപിമാർക്കായുള്ള വിശ്രമമുറി, ലൈബ്രറി, വിവിധ കമ്മറ്റി റൂമുകൾ, ഡൈനിംഗ് ഏരിയ, പാർക്കിംഗ് സ്‌പേസ് എന്നിവയും കെട്ടിടത്തിന്റെ ഭാഗമായുണ്ട്. ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ ദ്വാർ എന്നീ പേരുകളിൽ മൂന്ന് പ്രധാന ഗേറ്റുകളാണ് കെട്ടിടത്തിനുള്ളത്.

Also read- ‘ഭാരതം വളരുമ്പോൾ ലോകം വളരുന്നു; പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന്‍റെ വികസനത്തിന്‍റെ അടയാളം’: പ്രധാനമന്ത്രി

ആറു പുതിയ കമ്മിറ്റി മുറികൾക്കു പുറമേ, മന്ത്രിസഭാ കൗൺസിലിന് ഓഫീസുകളായി ഉപയോഗിക്കാൻ 92 മുറികളും മന്ദിരത്തിലുണ്ട്. ഡിജിറ്റൽ വോട്ടിംഗ് സംവിധാനം, മികച്ച ശബ്ദക്രമീകരണം, അതീനൂതന ഓഡിയോ-വിഷ്വൽ സംവിധാനങ്ങൾ എന്നിവയും ലോക്‌സഭാ-രാജ്യസഭാ ചേംബറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേദിക് കാലഘട്ടം മുതൽ ഇന്നുവരെയുള്ള രാജ്യത്തിൻ്റെ ജനാധിപത്യ പാരമ്പര്യത്തിൻ്റെ കഥ പറയുന്ന അനവധി കലാസൃഷ്ടികൾ മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പൊതു പ്രവേശന കവാടങ്ങൾ കടന്നാൽ മൂന്ന് ഗാലറികളിലേക്കെത്താം – നൃത്തം, സംഗീതം എന്നിവയിലെ രാജ്യത്തിൻ്റെ പാരമ്പര്യം പ്രദർശിപ്പിക്കുന്ന സംഗീത് ഗാലറി, രാജ്യത്തിൻ്റെ വാസ്തുവിദ്യാ പാരമ്പര്യം ചിത്രീകരിക്കുന്ന സ്തപ്ത്യ ഗാലറി, വിവിധ സംസ്ഥാനങ്ങളിലെ കരകൗശലവിദ്യകൾ പ്രദർശിപ്പിച്ചിട്ടുള്ള ശില്പ് ഗാലറി എന്നിവയാണത്.

ചിത്രങ്ങൾ, പാനലുകൾ, ശിലാ ശില്പങ്ങൾ, ലോഹ മ്യൂറലുകൾ എന്നിങ്ങനെ അയ്യായിരത്തോളം കലാസൃഷ്ടികളാണ് കെട്ടിടത്തിലുള്ളത്. ലോക്‌സഭയിലെ പരവതാനികൾ, മേൽക്കൂര, ജനാലകൾ എന്നിവയിൽ മയിൽരൂപങ്ങളാണുള്ളതെങ്കിൽ, രാജ്യസഭയിൽ അത് താമരയുടെ രൂപങ്ങളാണ്. ഇന്ത്യൻ ഭരണഘടനയുടെ ഡിജിറ്റൽ കോപ്പി സൂക്ഷിച്ചിരിക്കുന്ന കോൺസ്റ്റിറ്റിയൂഷൻ ഹാളിൽ, ഭൂമിയുടെ കറക്കം സൂചിപ്പിക്കുന്ന ഫൂക്കോസ് പെൻഡുലവും സ്ഥാപിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി, ചാണക്യൻ, ഗാർഗി, സർദാർ വല്ലഭായ് പട്ടേൽ, ബിആർ അംബേദ്കർ എന്നിവരുടെ പിച്ചളയിൽ കൊത്തിയ രൂപങ്ങളും മന്ദിരത്തിലുണ്ട്. ഉസ്താദ് അംജദ് അലിഖാൻ, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് ബിസ്മില്ല ഖാൻ, പണ്ഡിറ്റ് രവിശങ്കർ എന്നിവരുടെ കുടുംബങ്ങളാണ് സംഗീത് ഗാലറിയിലേക്ക് അവരുടെ സംഗീതോപകരണങ്ങൾ സംഭാവന ചെയ്തിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ചെങ്കോൽ കൈമാറ്റം; വേദമന്ത്രോച്ചാരണം, സർവധർമ പ്രാർത്ഥന: പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിങ്ങനെ
Open in App
Home
Video
Impact Shorts
Web Stories