ഇത് പൂർണമായി ശരി ആണോ ? അല്ല. എന്നാൽ പൂർണമായി തെറ്റ് ആണോ ? അതും അല്ല. പിന്നെ എന്താണ് വാസ്തവം ?
ലൈബീരിയ എന്ന ഫ്ലാഗ് സ്റ്റേറ്റ്
രജിസ്ട്രേഷൻ എടുക്കുന്ന രാജ്യത്തിന്റെ നിയമങ്ങൾ കപ്പലുകൾക്കും ബാധകമായിരിക്കും. ലോകത്തെവിടെയുമുള്ള കപ്പലുകൾക്കായി സ്വന്തം കപ്പൽ രജിസ്റ്ററി തുറന്നിട്ടിരിക്കുന്ന രാജ്യമാണ് ലൈബീരിയ. ലോകത്തെ വലിപ്പമേറിയ കാർഗോ കപ്പലുകളിൽ മിക്കവയുടെയും ഫ്ലാഗ് സ്റ്റേറ്റ് ലൈബീരിയയാണ്. കപ്പൽ കമ്പനികൾ സ്വന്തം കപ്പലുകൾ രജിസ്റ്റർ ചെയ്യുന്ന രാജ്യങ്ങളെയാണ് ഫ്ലാഗ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന രാജ്യത്തിന്റെ കൊടിയാണ് കപ്പലിന്റെ മുകളിൽ പാറിക്കളിക്കുക.
advertisement
ലോകത്ത് ഏറ്റവും അധികം കപ്പലുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത് പാനമയിലാണ്. എങ്കിലും ഒരു രാജ്യത്ത് രജിസ്റ്റർ ചെയ്ത കപ്പലുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ചരക്കിന്റെ കണക്കെടുത്താൽ പടിഞ്ഞാറൻ ആഫ്രിക്ക രാജ്യമായ ലൈബീരിയ തന്നെ ആവും മുന്നിൽ.
എവിടെയാണ് ഈ രാജ്യം ?
ആഫ്രിക്കയുടെ പടിഞ്ഞാറേ തീരത്തുള്ള ഒരു രാജ്യമാണ് ലൈബീരിയ. സീറാ ലിയോൺ, ഗിനിയ, ഐവറി കോസ്റ്റ് എന്നിവയാണ് അതിർത്തികൾ. വലുപ്പം തെലങ്കാനയുടെ അത്രയും വരും. എന്നാൽ ജനസംഖ്യ ഏതാണ്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കൂടുന്ന അത്രയും മാത്രം.
ലൈബീരിയ എന്ന പദത്തിന്റെ അർത്ഥം "സ്വതന്ത്രരുടെ നാട്" എന്നാണ്. അമേരിക്കൻ സർക്കാരിന്റെ സഹായത്തോടെയായിരുന്നു ഒരു സ്വതന്ത്ര രാഷ്ട്രമായി ലൈബീരിയ എന്ന രാജ്യം സ്ഥാപിച്ചത്. മുൻപ് അടിമകളായിരുന്ന കറുത്ത വർഗക്കാരേ പുനരധിവസിപ്പിക്കുക എന്നതായിരുന്നു സ്ഥാപിത ലക്ഷ്യം.
അരിയും കപ്പയുമാണ് പ്രധാന ഭക്ഷ്യവസ്തുക്കൾ സൂപ്പ്, സോസ് എന്നിവ ഇവയോടൊപ്പം കഴിക്കുന്നു. അരിയും സോസും അടങ്ങിയ വിഭവത്തെ ഫുഫു എന്നും കപ്പയും സോസും അടങ്ങിയ വിഭവത്തെ ദംബോയ് എന്നും വിളിക്കുന്നു. ഇവയോടൊപ്പം ഇറച്ചിയോ മീനോ കഴിക്കുന്നു. പാമോയിൽ ചേർത്താണ് മിക്ക വിഭവങ്ങളും പാചകം ചെയ്യുന്നത്. സോഡയാണ് ജനകീയ പാനീയം. പനങ്കള്ളിനും ആരാധകർ ഏറെ.
എന്താ ഇങ്ങനെ ഇങ്ങോട്ട് കപ്പൽ വരാൻ കാരണം ?
ലോകത്ത് ഏറ്റവും അധികം ചരക്കുകപ്പൽ രജിസ്റ്റർ ചെയ്തിട്ടുള്ള രാജ്യം ലൈബീരിയയാണ്. 2025ലെ കണക്ക് പ്രകാരം ലൈബീരിയ ഇന്റർനാഷണൽ കോർപ്പറേറ്റ് രജിസ്റ്ററിയിൽ 5000 ലേറെ കപ്പലുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറഞ്ഞ നികുതി ഉള്ളതിനാൽ കേരളത്തിൽ നിന്നുള്ള ആഡംബര വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നതുപോലെ ചിലവ് കുറയ്ക്കാൻ തന്നെയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ ലൈബീരിയൻ രജിസ്ട്രേഷൻ എടുക്കുന്നത് എന്ന് പറയാം.
ചട്ടങ്ങളിലെ ഇളവുകൾ മൂലം കപ്പൽ കമ്പനി മറ്റൊരു രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നതിനെ ഫ്ലാഗ് ഓഫ് കൺവീനിയൻസ് (എഫ് ഒ സി) എന്നാണ് അറിയപ്പെടുന്നത്. പുതിയ കണക്കുകൾ പ്രകാരം ഇത്തരത്തിൽ വരുന്ന 10 രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ ലൈബീരിയയാണ്. തൊട്ടു പിന്നിൽ പാനമയും.
കുറഞ്ഞ രജിസ്ട്രേഷൻ നികുതി പരിസ്ഥിതി നിയമങ്ങളിലും ദേശീയ കപ്പൽ ചട്ടങ്ങളിലും തൊഴിൽ നിയമങ്ങളിലും ഉള്ള ഇളവുകൾ, വേതനം കുറഞ്ഞ തൊഴിൽ എന്നിവയാണ് ലൈബീരിയയിലെ പ്രധാന ആകർഷണങ്ങൾ.