ചരക്കുകപ്പലിൽ നിന്നുവീണ കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്; തീരുവനന്തപുരം തീരത്തും കണ്ടെയ്നറുകൾ അടിഞ്ഞു
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീര പ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിൽ ഇന്ന് രാവിലെ കണ്ടെയ്നറുകൾ അടിഞ്ഞു. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചു
കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ തീരത്തടിഞ്ഞു. അഞ്ചുതെങ്ങിലും കണ്ടെയ്നറുകൾ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീര പ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിൽ ഇന്ന് രാവിലെ കണ്ടെയ്നറുകൾ അടിഞ്ഞു. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചു. സമീപവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടലിൽ രാസ വസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന ഫലം ഉടൻ ലഭ്യമാകും.
എംഎസ്സി എൽസി 3 എന്ന ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഇന്ന് രാവിലെ മുതൽ നീക്കം ചെയ്ത് തുടങ്ങും. ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളായതിനാൽ കടൽ മാർഗം കൊല്ലം പോർട്ടിലേക്ക് മാറ്റും. തങ്കശേരിക്ക് സമീപം ഒഴുകി നടന്ന കണ്ടെയ്നർ മത്സ്യബന്ധന ബോട്ടിൽ കെട്ടിവലിച്ച് ഇന്നലെ പോർട്ടിലെത്തിച്ചിരുന്നു. ഇന്നലെ രാത്രി വരെ 34 കണ്ടെയ്നറുകളാണ് തീരത്ത് അടിഞ്ഞിട്ടുള്ളത്. ഭൂരിഭാഗം കണ്ടെയ്നറുകളും ശൂന്യമാണ്. ചിലതിൽ അപകടകരമല്ലാത്ത വസ്തുക്കളും കണ്ടെത്തിയിരുന്നു. കൂടുതൽ കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.
advertisement
അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറുകൾ പുറത്തെടുക്കും. സാൽവേജ് കമ്പനിയെ ഇതിനായി ചുമതലപ്പെടുത്തി. കടൽക്ഷോഭം കുറയുന്ന മുറയ്ക്ക് നടപടികൾ തുടങ്ങാനാണ് തീരുമാനം. 250 ടണ്ണോളം കാൽസ്യം കാർബൈഡ് അടങ്ങിയ 12 കണ്ടെയ്നറുകൾ മുങ്ങിയ കപ്പലിൽ ഉണ്ടെന്നും ഇത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
മുങ്ങിത്താഴും മുമ്പ് കപ്പലിൽ നിന്ന് കടലിലേക്ക് തെറിച്ചുവീണ നൂറിലധികം കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റ്ഗാർഡ് നടത്തിയ ഏരിയൽ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. ഇന്ധനച്ചോർച്ചയെ തുടർന്ന് കടലിൽ വ്യാപിച്ച എണ്ണപ്പാട നീക്കം ചെയ്യാനുളള ശ്രമങ്ങളും തുടരുകയാണ്. മർക്കന്‍റൈൽ മറൈൻ ഡിപ്പാർട്ട്മെന്‍റ് കപ്പൽ കമ്പനിയായ എംഎസ്‍സി എൽസ 3 ന് പൊല്യൂഷൻ ലയബിലിറ്റി വാണിങ് നോട്ടീസ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 27, 2025 7:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചരക്കുകപ്പലിൽ നിന്നുവീണ കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്; തീരുവനന്തപുരം തീരത്തും കണ്ടെയ്നറുകൾ അടിഞ്ഞു