സാധാരണ ഒരാൾക്ക് നൽകുന്നതിൽ കൂടുതൽ ആന്റിവെനം ആണ് വാവ സുരേഷിന് നൽകിയത് എന്ന് മെഡിക്കൽ ബോർഡിന് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. ടി കെ ജയകുമാർ പറഞ്ഞു. ഇതുവരെ 65 കുപ്പി ആന്റിവെനമാണ് വാവ സുരേഷിന്റെ ശരീരത്തിൽ കുത്തിവെച്ചത്. ആദ്യം കൊടുത്ത ആന്റിവെനം കൊണ്ട് കാര്യമായ മാറ്റം ഉണ്ടാകാതെ വന്നതോടെയാണ് കൂടുതൽ മരുന്ന് പ്രയോഗിച്ചത് എന്ന് ഡോക്ടർമാർ പറയുന്നു.
സാധാരണ മൂർഖൻ പാമ്പിന്റെ കടി ഏൽക്കുന്ന ഒരാൾക്ക് 25 കുപ്പി ആന്റി വെനം ആണ് നൽകി വരുന്നത്. സുരേഷിന്റെ ശരീരത്തിൽ കൂടുതൽ അളവിൽ വിഷം കയറിയത് കൊണ്ടാണ് കൂടുതൽ ആന്റി വെനം നൽകേണ്ടി വന്നത് എന്നും വാവ സുരേഷ് പറയുന്നു.
advertisement
ഇനി സുരക്ഷിതമായി മാത്രം
ഇനിയും പാമ്പ് പിടിക്കാൻ പോകുമെന്ന് വാവ സുരേഷ് പറയുന്നു. ദൂരെ സ്ഥലത്തേക്ക് പോകരുത് എന്ന് മന്ത്രി വി എൻ വാസവൻ വാവ സുരേഷിനോട് അഭ്യർത്ഥിച്ചിരുന്നു. ഡോക്ർമാരുടെ നിർദേശം ചൂണ്ടിക്കാട്ടി ആയിരുന്നു മന്ത്രി ഇന്നലെ ആശുപത്രിയിൽ നേരിൽ കണ്ട് വാവ സുരേഷിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പാമ്പ് പിടിക്കുമ്പോൾ ഇനി കൂടുതൽ മുൻകരുതൽ വേണം എന്നും വാവ സുരേഷിനോട് അഭ്യർത്ഥിച്ചു. ഇക്കാര്യം അദ്ദേഹം അംഗീകരിച്ചു. ഇനി പാമ്പിനെ പിടിക്കുമ്പോൾ സുരക്ഷിതമായി മാത്രമേ ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞു. കരിമൂർഖൻ ആണ് കടിച്ചത്. അതാണ് പെട്ടെന്ന് ആരോഗ്യ നില വഷളായത്. വളത്തിന്റെ ചാക്കിൽ ആണ് പാമ്പിനെ കയറ്റാൻ ശ്രമിച്ചത്. ഇതുമൂലം ആണ് പാമ്പ് പലതവണ തിരിച്ചു ഇറങ്ങിയത് എന്നും വാവ സുരേഷ് പറയുന്നു. ഇനി ഇക്കാര്യം ശ്രദ്ധിക്കും എന്നും വാവ സുരേഷ് മന്ത്രിക്ക് ഉറപ്പ് നൽകി.
Also Read-Vava Suresh| ആരാണ് വാവ സുരേഷ്? വിഷപ്പാമ്പുകളെ പിടിക്കുന്ന തിരുവനന്തപുരത്തുകാരൻ ജനകീയനായതെങ്ങിനെ?
അതേസമയം മന്ത്രിയുടെ ആദ്യ അഭ്യർത്ഥന വാവ സുരേഷ് ചിരിച്ചു കൊണ്ട് ആണ് നേരിട്ടത്. കേരളത്തിൽ എവിടെ നിന്ന് ആളുകൾ വിളിച്ചാലും തനിക്ക് പോകാതിരിക്കാൻ ആകില്ല എന്നായിരുന്നു വാവ സുരേഷ് പറഞ്ഞത്. ഇനി കുറച്ച് നാൾ നല്ല വിശ്രമം വേണം എന്ന് ഡോക്ടർമാർ പറഞ്ഞത് ചൂണ്ടിക്കാട്ടി ആയിരുന്നു വാവ സുരേഷിനോട് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
തനിക്ക് വേണ്ടി ഒരുപാട് ആളുകൾ പ്രാർത്ഥിക്കുന്നതിൽ വാവ സുരേഷ് നന്ദി അറിയിച്ചു. ഈ കടം ഒരിക്കലും വീട്ടാനാകുന്നതല്ല എന്നാണ് അദ്ദേഹം പറയുന്നത്.
തിങ്കളാഴ്ച വൈകിട്ട് 4.15 നാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. തുടർന്ന് ഇഴഞ്ഞു പോയ പാമ്പിനെ പിടിച്ചു വാവ സുരേഷ് ചാക്കിലേക്ക് കയറ്റി. തുടർന്ന് കാറിൽ വാവസുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ സ്ഥിതി ഗുരുതരം ആയതോടെയാണ് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാണ് വാവസുരേഷിന് ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വാവസുരേഷിനെ ചികിത്സിക്കുന്നത്.
