ഇന്റർഫേസ് /വാർത്ത /Life / Vava Suresh| ആരാണ് വാവ സുരേഷ്? വിഷപ്പാമ്പുകളെ പിടിക്കുന്ന തിരുവനന്തപുരത്തുകാരൻ ജനകീയനായതെങ്ങിനെ?

Vava Suresh| ആരാണ് വാവ സുരേഷ്? വിഷപ്പാമ്പുകളെ പിടിക്കുന്ന തിരുവനന്തപുരത്തുകാരൻ ജനകീയനായതെങ്ങിനെ?

ഫയൽ ചിത്രം

ഫയൽ ചിത്രം

വാവ സുരേഷിനെ മറ്റ് പാമ്പുപിടിത്തക്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ത്? ഈ തിരുവനന്തപുരത്തുകാരൻ കേരളം മുഴുവൻ അറിയപ്പെടുന്ന പാമ്പുപിടിത്തക്കാരനായി മാറിയത് എങ്ങനെ?

  • Share this:

വാവ സുരേഷ്, കേരളത്തിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത വ്യക്തിത്വം. കുഞ്ഞുകുട്ടികൾ മുതൽ വന്ദ്യവയോധികർ വരെ നീളുന്ന ആരാധകക്കൂട്ടം. ഒരു സുപ്രഭാതത്തിൽ പാമ്പിനെ പിടികൂടി സ്റ്റാറായതല്ല, വർഷങ്ങൾ നീണ്ട സേവന പ്രവർത്തനമാണ് വാവ സുരേഷിനെ ജനകീയനാക്കിയത്.

ആദ്യം പാമ്പിനെ പിടിച്ചത് 12ാം വയസിൽ

1974ല്‍ തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്കലിൽ നിർധന കുടുംബത്തിലാണ് ജനനം. അച്ഛൻ ബാഹുലേയൻ, അമ്മ കൃഷ്ണമ്മ. പാമ്പുകളോടുള്ള താൽപര്യം ചെറുപ്പത്തിലേ തുടങ്ങി. 12 വയസിൽ മൂർഖൻ കുഞ്ഞിനെ പിടികൂടി രഹസ്യമായി വീട്ടിൽ സൂക്ഷിച്ചു. പാമ്പുകളുടെ സ്വഭാവ രീതികൾ പഠിക്കാനായിരുന്നു ഇത്. പത്താം ക്ലാസ്സിന് ശേഷം പഠനം നിർത്തി. ദിവസവേതനത്തിനായി വിവിധ ജോലികൾ ചെയ്തു.

പാമ്പുപിടിത്തക്കാരനായി വളർച്ച

പാമ്പുകളുമായി ഇടപ്പഴാനുള്ള പ്രാഗൽഭ്യം മനസിലാക്കിയവർ വീടുകളിലോ പരിസരത്തോ പാമ്പിനെ കണ്ടെത്തുമ്പോഴെല്ലാം സഹായത്തിനായി സുരേഷിന്റെ അടുത്തെത്തി. അങ്ങനെ കാലം ചെല്ലുംതോറും പാമ്പിനെ പിടികൂടാനായി സുരേഷ് എത്താത്ത സ്ഥലങ്ങൾ കേരളത്തിലില്ലാതെയായി.

Also Read- Vava suresh| വാവ സുരേഷിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി; അടുത്ത 48 മണിക്കൂർ നിർണായകം

വീടുകളിലും പറമ്പുകളിലും പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന വാവ സുരേഷിന് ആരാധകർ ഏറെ. ഇതുവരെ അരലക്ഷത്തോളം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ പെട്ടു പോകുന്ന അപൂർവ ഇനം പാമ്പുകളെ പിടി കൂടി കാട്ടിൽ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നിവയെല്ലാം സുരേഷ് ചെയ്തുവരുന്നു.

പാമ്പിനെ പിടിക്കാൻ വാവ സുരേഷ് പ്രത്യേകം കാശൊന്നും വാങ്ങാറില്ല എന്നതുതന്നെയാണ് വാവ സുരേഷിനെ ജനപ്രിയനാക്കുന്നത്. മറ്റു പാമ്പ് പിടിത്തക്കാർ 5000 രൂപവരെ ഈടാക്കുമ്പോഴാണ് വാവ സുരേഷിന്റെ സൗജന്യ സേവനം.

ശാസ്ത്രീയ പരിശീലനം ഇല്ല

പാമ്പുകളെ നന്നേ ചെറുപ്പം മുതൽ കൈകാര്യം ചെയ്ത് പോന്ന സുരേഷിന് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന് ശാസ്ത്രീയമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ല. ചെറുപ്പം മുതൽ തുടർന്ന് പോരുന്ന നിരീക്ഷണങ്ങളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളാണ് ഇദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യാനുപയോഗിക്കുന്നത്. പാമ്പുകളെ കണ്ടാൽ ഫോൺ വിളിച്ച് പറഞ്ഞാലുടൻ തന്നെ വാവ സുരേഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടും. ഇങ്ങനെ പിടി കൂടുന്ന പാമ്പിനെ പിന്നീട് വനത്തിൽ തുറന്ന് വിടുകയാണ് പതിവ്.

പലതവണ കടിയേറ്റു

പാമ്പുപിടിത്തതിനിടെ പലവട്ടം കടിയേറ്റിട്ടും വിദഗ്ധ ചികിത്സയിലൂടെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തി. നിരവധി തവണ പാമ്പ് കടിയേറ്റിട്ടുള്ളതിനാൽ പാമ്പിൻ വിഷത്തിനെതിരായ ചില ആന്റിബോഡികൾ വാവ സുരേഷിന്റെ ശരീരത്തിലുള്ളതായി തെളിഞ്ഞിട്ടുണ്ട്. നാല് തവണ സുരേഷ് ഐസിയുവിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. 250ൽ അധികം തവണ പാമ്പുകടിയേറ്റു. ഒരിക്കൽ ഒരു മൂർഖൻ കടിയേറ്റതിനെത്തുടർന്ന് വാവ സുരേഷിന്റെ വിരലുകളിലൊന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു. 2012ൽ സർപ്പ ദംശനമേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ വലത് കൈവെള്ളയിലെ ചർമ്മം മാറ്റി വെയ്ക്കേണ്ടുന്നതായും വന്നു. 2013 ഓഗസ്റ്റിൽ അണലി കടിച്ചത് കാരണം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Also Read- വാവാ സുരേഷിനായി കുറിച്ചി ഗ്രാമത്തിൽ രാത്രി മുഴുവൻ പ്രാർത്ഥന; നാടിനെ രക്ഷിക്കാൻ വന്നയാളിന്റെ അപകടം സഹിക്കാനായില്ല 

2020 ഫ്രെബുവരിയിൽ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വെച്ച് വാവ സുരേഷിന് പാമ്പ് കടിയേറ്റു. കല്ലേറത്തെ ഒരു വീട്ടിൽ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പുറത്തെടുക്കുന്നതിനിടയിലാണ് വാവ സുരേഷിന്റെ കയ്യിൽ കടിയേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില വഷളായതുകൊണ്ട് ഐ സി യുവിൽ പ്രവേശിപ്പിക്കുകയും ചയ്തു. വിദഗ്ധ ചികിത്സയെ തുടർന്ന് അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചുവന്നു.

അംഗീകാരം

2019 ൽ സുരേഷിന് വാർത്തേതര പരിപാടികളിലെ മികച്ച അവതാരകനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. കൗമുദി ടി വിയിൽ അവതരിപ്പിക്കുന്ന സ്നേക്ക് മാസ്റ്റർ എന്ന പരിപാടിയിലെ അവതരണത്തിനായിരുന്നു അവാർഡ്.

വാവ സുരേഷിന്റെ ജീവിതം ആസ്പദമാക്കി അടുത്തിടെ ഒരു ഡോക്യുമെന്ററി ഫിലിം പുറത്തിറങ്ങിയിരുന്നു. അതീവ വിഷമുള്ള 181 രാജ വെമ്പാലകളെയും ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു പാമ്പു പിടുത്തക്കാരൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയാണെന്നും വാവ സുരേഷ് തെളിയിച്ചിട്ടുണ്ട്.

വാവ സുരേഷിന് ആയിരത്തിലധികം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ നിലയിൽ വരുന്ന മുഴുവൻ പണവും അഭ്യുദയകാംക്ഷികളും പ്രകൃതിസ്‌നേഹികളും നൽകുന്ന ധനസഹായങ്ങളും അദ്ദേഹം ഉരഗങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി വിനിയോഗിക്കുന്നു. വാവ സുരേഷിന്റെ സേവനങ്ങൾ മുന്നിർത്തി കാട്ടാക്കടയിൽ നിർമ്മിക്കാനിരിക്കുക്ക സ്നേക്ക് പാർക്കിൽ ജോലി നൽകാമെന്ന് മന്ത്രിയായിരിക്കെ കെ ബി ഗണേഷ് കുമാർ വാഗ്ദാനം നൽകിയെങ്കിലും സ്ഥിരം ജോലിയുണ്ടെങ്കിൽ തനിക്ക് സാധാരണക്കാരെ സേവിക്കാനാകില്ലെന്ന കാരണം പറഞ്ഞ് സുരേഷ് ആ ജോലി നിരസിച്ചു. റോട്ടറി ക്ലബ് തിരുവനന്തപുരം 2011ലെ വൊക്കേഷണൽ സർവീസ് അവാർഡ് നൽകി ആദരിച്ചു.

2013ൽ മുൻ കേന്ദ്രമന്ത്രിയും മൃഗസംരക്ഷണ പ്രവർത്തകയുമായ മനേക ഗാന്ധി, എം‌.പി മാധവൻ പിള്ള ഫൗണ്ടേഷന്റെ പ്രകൃതി സംരക്ഷണ അവാർഡ് വാവ സുരേഷിന് സമ്മാനിച്ചു. 2013 നവംബറിൽ കേരള സന്ദർശനത്തിനിടെ ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ വാവ സുരേഷിനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും വാഴച്ചാലിൽ ഒരു കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 2017 ജൂൺ 15ന് എട്ടാമത് വി സി പത്മനാഭൻ മെമ്മോറിയൽ ബഹുമതിയും വാവ സുരേഷിനെ ലഭിച്ചു.

വിമർശനങ്ങൾ

വാവ സുരേഷ് പാമ്പുകളെ പിടികൂടുന്നത് അശാസ്ത്രീയമാണെന്ന വിമർശനം പലകോണുകളിൽ നിന്നും മുൻപും ഉയർന്നിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ ശാസ്ത്രീയ മുന്നൊരുക്കങ്ങളും സ്‌നേക് ഹുക്ക് പോലെയുള്ള സുരക്ഷക്രമീകരണങ്ങളും ഉപയോഗിക്കണമെന്നാണ് വിമർശകർ പറയുന്നത്. ‌സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചെയ്യേണ്ട ഈ ജോലി ഒരു പ്രകടനമാക്കി മാറ്റുകയാണെന്നും പാമ്പുകളെ അനാവശ്യമായി വേദനിപ്പിച്ചാണ് പിടിക്കുന്നതെന്നുമാണ് വാവ സുരേഷിനെതിരെ ഉയരുന്ന പ്രധാന വിമർശനം.

First published:

Tags: Vava Suresh