നഗരത്തിലെ റസിഡൻഷ്യൽ മേഖലകളിലുള്ളവരെ പ്രധാനറോഡിൽ എത്തിക്കുന്നതിനും നഗരത്തിലെ വാഹനപ്പെരുപ്പം കാരണമുള്ള ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രധാന റോഡുകളിലേക്കും ബസ് സ്റ്റോപ്പുകളിലേക്കും എത്തുന്നതിന് യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനാണ് ക്രമീകരണം. മണ്ണന്തല-കുടപ്പനക്കുന്ന്-എകെജി നഗർ-പേരൂർക്കട-ഇന്ദിരാ നഗർ-മണികണ്ഠേശ്വരം-നെട്ടയം-വട്ടിയൂർക്കാവ്-തിട്ടമംഗലം-കുണ്ടമൺകടവ്- വലിയവിള-തിരുമല റൂട്ടിലാണ് ആദ്യ ഫീഡർ സർവിസ്. രാവിലെയും വൈകുന്നേരവുമാണ് പ്രധാനമായും ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്.
എം.സി റോഡ്, തിരുവനന്തപുരം-നെടുമങ്ങാട് റോഡ്, കിഴക്കേകോട്ട-വട്ടിയൂർക്കാവ് റോഡ്, തിരുവനന്തപുരം-കാട്ടാക്കട റോഡ് എന്നിങ്ങനെ നാല് പ്രധാന റോഡുകളെ റസിഡൻഷ്യൽ ഏരിയകളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ഫീഡർ സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്.
advertisement
കണ്ടക്ടർ ഉണ്ടാവില്ല, യാത്രക്ക് ട്രാവൽ കാർഡ്
ഒരു ഡ്രൈവർ കം കണ്ടക്ടറാണ് ബസിലുണ്ടാകുക, ടിക്കറ്റ് നൽകുന്നതിന് പ്രത്യേകം കണ്ടക്ടറെ നിയോഗിക്കില്ല. ഫീഡർ ബസുകളിലെ യാത്ര പൂർണമായും ട്രാവൽ കാർഡ് ഉപയോഗിച്ച് മാത്രമായിരിക്കും. ഉടൻ തന്നെ ഫോൺ പേ വഴിയുള്ള ക്യു ആർ കോഡ് ടിക്കറ്റിംഗും നടപ്പാക്കും.
ഏകദേശം 7.5 കി.മി ദൂരം വരുന്ന 3 ഫെയർ സ്റ്റേജുകൾക്ക് 10 രൂപ മിനിമം ടിക്കറ്റ് നിരക്ക് വരുന്ന തരത്തിലാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ പരിഷ്ക്കരിച്ച ഒരു മിനി ബസ് ഉപയോഗിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് നടത്തുന്നത്.
Also Read- Women’s IPL | വനിതാ ഐപിഎൽ വരുന്നു; മത്സരം എവിടെ? അറിയേണ്ടതെല്ലാം
ബസിലും പുറത്തും സിസിടിവി കാമറ, ഡാഷ് കാമറ എന്നീ സുരക്ഷാ സംവിധാനങ്ങളുണ്ടാകും. പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ മിനി ബസ് ഉപയോഗിച്ച് ആരംഭിക്കുന്ന ഈ സർവിസിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 6 സീറ്റർ മുതൽ 24 സീറ്റർ വരെയുള്ള വാഹനങ്ങൾ നിരത്തിലിറക്കും.
ഫീഡർ സർവിസുകളുടെ വിജയത്തിനായി ഗൃഹസന്ദർശനങ്ങൾ നടത്തിയിരുന്നു. റസിഡൻസ് അസോസിയേഷനുകൾ മുഖേന 2000 ട്രാവൽ കാർഡുകൾ വിതരണം നടത്തി.
100 രൂപ മുതൽ റീ ചാർജ് ചെയ്യാം, പരമാവധി 2000 രൂപ വരെ
ട്രാവൽ കാർഡ് ഉപയോഗിച്ച് സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവിസുകളിലും യാത്ര ചെയ്യാം. സർവിസ് നടത്തുന്ന പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ചാണ് കാർഡിന്റെ വിതരണവും റീചാർജിങും.
ഫീഡർ ബസുകളിലും കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലും കാർഡുകൾ റീചാർജ് ചെയ്യാം. പ്രാരംഭമായി 100 രൂപക്ക് ചാർജ് ചെയ്താൽ 100 രൂപയുടെ യാത്ര നടത്താൻ കഴിയും. 100 രൂപ മുതൽ 2000 രൂപ വരെ ഒരു ട്രാവൽ കാർഡിൽ റീചാർജ് ചെയ്യാം. ട്രാവൽ കാർഡ് മറ്റുള്ളവർക്ക് കൈമാറ്റം ചെയ്ത് ഉപയോഗിക്കാനും സാധിക്കും.
250 രൂപക്ക് മുകളിലുള്ള റീചാർജുകൾക്ക് 10 ശതമാനം അധികമൂല്യം ലഭിക്കും. ദൈനംദിന ഓഫീസ്, വാണിജ്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ഇരുചക്ര വാഹനയാത്രക്കാരെ അടക്കം ഉദ്ദേശിച്ചാണ് ഫീഡർ സർവീസ് തുടങ്ങിയിരിക്കുന്നത്.