എന്നാല്‍, അവകാശവാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും സംഘടന നല്‍കിയിട്ടില്ല. ISIS-Kയുടെ ഭീകരത വെളിപ്പെടുത്തുന്നതാണ് ആക്രമണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസിനെക്കുറിച്ചും റഷ്യയെ അവര്‍ ആക്രമിക്കാനുള്ള കാരണം എന്താണെന്നും വിശദമായി അറിയാം.
ആരാണ് ISIS-K?
ഇറാന്‍, തുര്‍ഖ്‌മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പഴയ പേരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറസാന്‍. 2014-ന്റെ അവസാനം കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് സംഘടനയുടെ ഉത്ഭവം. അതിക്രൂരമായ ആക്രമണങ്ങളിലൂടെയാണ് ഇവര്‍ വേഗത്തില്‍ ശ്രദ്ധ നേടിയത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയുടെ ഏറ്റവും സജീവ വിഭാഗമാണ് ISIS-K. 2018 ആയപ്പോഴേക്കും ഇവരുടെ അംഗബലം വളരെയധികം കുറഞ്ഞു. താലിബാനും യുഎസ് സേനയുമാണ് സംഘടനയ്ക്ക് കനത്ത നഷ്ടം വരുത്തിയത്. 2021-ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതിന് ശേഷം ISIS-K പോലുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരേയുള്ള ഇന്റലിജന്റ്‌സ് പ്രവര്‍ത്തനങ്ങള്‍ കുറച്ചതായി അമേരിക്ക പറഞ്ഞിരുന്നു.
advertisement
റഷ്യയെ ആക്രമിക്കാനുള്ള കാരണം
സമീപ വര്‍ഷങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ ISIS-K എതിര്‍ത്തിരുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടുവര്‍ഷമായി റഷ്യയെ ലക്ഷ്യമിട്ട് ISIS-K പ്രവര്‍ത്തിച്ചു വരുന്നു. സംഘടനയുടെ പ്രചാരണങ്ങളില്‍ പുടിനെ നിരന്തരം വിമര്‍ശിക്കാറുണ്ടായിരുന്നുവെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ സൗഫാന്‍ സെന്ററിലെ ഗവേഷകനായ കോളിന്‍ ക്ലാര്‍ക്ക് പറഞ്ഞു.
മുസ്ലീങ്ങളെ നിരന്തരമായി അടിച്ചമര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ റഷ്യ പങ്കാളിയാണെന്ന് ISIS-K കരുതുന്നതായി വാഷിങ്ടണ്‍ ആസ്ഥാനമായുള്ള വില്‍സണ്‍ സെറ്റിലെ വിദഗ്ധന്‍ മൈക്കല്‍ കുഗല്‍മാന്‍ പറഞ്ഞു. മോസ്‌കോയെ വിമര്‍ശിക്കുന്ന ഒട്ടേറെ മധ്യേഷ്യന്‍ തീവ്രവാദികളെയും സംഘടന അംഗങ്ങളായി കണക്കാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രധാന ആക്രമണങ്ങള്‍
അഫ്ഗാനിസ്ഥാന് അകത്തും പുറത്തുമായി നടന്ന ഒട്ടനവധി ആക്രമണങ്ങളില്‍ സംഘടന പ്രതിസ്ഥാനത്തുണ്ട്. ഈ വര്‍ഷം ആദ്യം ഇറാനില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ട ഇരട്ട സ്‌ഫോടനം നടത്തിയത് സംഘടനയാണെന്ന് യുഎസ് വെളിപ്പെടുത്തിയിരുന്നു.
കാബൂളിലെ റഷ്യന്‍ എംബസിയില്‍ നടന്ന മാരകമായ ചാവേര്‍ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ISIS-K ഏറ്റെടുത്തിരുന്നു.2021-ല്‍ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഈ സംഘടന ഏറ്റെടുത്തിരുന്നു. ഈ ആക്രമണത്തില്‍ 13 യുഎസ് സൈനികരും ഒട്ടേറെ സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.
ആറുമാസത്തിനുള്ളില്‍ യുഎസ് ഉള്‍പ്പടെയുള്ള പാശ്ചാത്യരാജ്യങ്ങളെ ISIS-K ആക്രമിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഈ മാസമാദ്യം മിഡില്‍ ഈസ്റ്റിലെ ഒരു ഉന്നത യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.