ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ടീമിൽ ഉൾപ്പെട്ട രണ്ട് പേരും രണ്ടാം ടി20 യിൽ ഇന്ത്യക്കായി അരങ്ങേറുകയും ചെയ്തു. അദ്യ ടി20 യിലെ തോൽവിയെ തുടർന്ന് ടീമിൽ വരുത്തിയ മാറ്റമാണ് അരങ്ങേറ്റത്തിന് അവസരം ഒരുക്കിയത്. ഓപ്പണിംഗ് ബാറ്റ്സ്മാൻ ശിഖർ ധവാൻ, സ്പിന്നറും ഓൾ റൗണ്ടറുമായ അക്സർ പട്ടേൽ എന്നിവർക്ക് പകരം ഇഷാൻ കിഷനും സൂര്യകുമാർ യാദവിനും അവസരം ഒരുങ്ങുക ആയിരുന്നു. ഓപ്പണറായി എത്തിയ ഇഷാൻ കിഷൻ തുടക്കക്കാരൻ്റെ പതർച്ചയില്ലാതെ ബാറ്റു വീശുകയും അർദ്ധ സെഞ്ച്വറി നേടുകയും ചെയ്തു. മധ്യ നിരയിൽ സ്ഥാനം പിടിച്ച സൂര്യകുമാർ യാദവിന് പക്ഷെ ബാറ്റിംഗിൽ അവസരം ലഭിച്ചില്ല. അതേ സമയം ആരാധകരുടെ പ്രതീക്ഷ കാക്കുന്ന പ്രകടനം നടത്തുന്ന ഇരുവരെയും ടീമിൽ നിലനിർത്താൻ മുംബൈ ഇന്ത്യൻസിന് സാധിക്കില്ല എന്ന പ്രശ്നവും ഉയരുന്നുണ്ട്.
advertisement
Also Read- സൂര്യകുമാറിനെ പുറത്തിരുത്തിയ കോഹ്ലിയുടെ തീരുമാനത്തെ തുറന്ന് വിമർശിച്ച് ഗംഭീർ
പുതുതായി രണ്ട് ടീമുകളെക്കൂടി ഉൾപ്പെടുത്തി ടൂർണമെന്റ് വികസിപ്പിക്കുക ലക്ഷ്യമിട്ട് ഐപിഎൽ 15ാം സീസണിനായി മെഗാ ലേലം നടത്താൻ ബിസിസിഐ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഒരു മെഗാ ലേലം നടക്കുക ആണെങ്കിൽ രണ്ട് താരങ്ങളെയും ടീമിൽ നില നിർത്താൻ മുംബൈ ഇന്ത്യൻസിന് കഴിയണം എന്നില്ല.
താരങ്ങളെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഐപിഎല്ലിലെ നിയമമാണ് ഇതിന് കാരണം. പരമാവധി മൂന്ന് താരങ്ങളെയാണ് ഒരു ടീമിന് നില നിർത്താനാവുക. റൈറ്റ് ടു മാർച്ച് കാർഡ് ഉപയോഗിച്ച് രണ്ട് താരങ്ങളെക്കൂടി നില നിർത്താൻ സാധിക്കും. അങ്ങനെ എങ്കിൽ നിലനിർത്താൻ സാധിക്കുന്ന താരങ്ങളുടെ എണ്ണം 5 ആകും. എന്നാൽ റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ച് ഒരു വിദേശ താരത്തെയും രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത ഒരു ഇന്ത്യൻ താരത്തെയും മാത്രമാണ് നിലനിർത്താനാവുക. ഈ കാരണത്താൽ തന്നെ സൂര്യ കുമാർ യാദവിനായും ഇഷാൻ കിഷനും വേണ്ടിയും റൈറ്റ് ടു മാർച്ച് കാർഡ് ഉപയോഗിക്കാൻ സാധിക്കില്ല. നില നിർത്താൻ കഴിയുന്ന മൂന്ന് താരങ്ങളായി ക്യാപ്റ്റർ രോഹിത് ശർമ്മ, ഫാസ്റ്റ് ബോളർ ജസ്പ്രീത് ബുംറ, ഓൾ റൗണ്ടര്‍ ഹർദിക് പാണ്ഡ്യ എന്നിവരെ തന്നെ ടീം പരിഗണിച്ചേക്കും. ഇതോടെ പുതിയ താരോദയങ്ങളായ രണ്ട് താരങ്ങളെയും ലേലത്തിന് വിട്ടു കൊടുക്കാൻ മുംബൈ ടീം നിർബന്ധിതമാകും. മെഗാ ലേലത്തിന് മുന്നോടിയായി നിയമങ്ങളിൽ ബിസിസിഐ ഏന്തെങ്കിലും തരത്തിലുളള മാറ്റങ്ങൾ വരുത്തുമോ എന്ന് കൂടി ഉറ്റ് നോക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ
