ഒരു കിലോഗ്രാം ജാസ്മിന്‍ ഓയിലിന് ഏകദേശം 4.15 ലക്ഷത്തോളം രൂപ (5,000 ഡോളര്‍) വിലയുണ്ടെന്ന് പലര്‍ക്കും അറിയില്ല. ഇത്രയും എണ്ണ ലഭിക്കുന്നതിന്, 5,000-ലധികം മുല്ലമൊട്ടുകള്‍ ആവശ്യമാണ്.
എന്തുകൊണ്ടാണ് ജാസ്മിന്‍ ഓയിലിന് ഇത്രയേറെ വില എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ബിസിനസ് ഇന്‍സൈഡര്‍ പുറത്തിറക്കിയിരുന്നു. ജാസ്മിന്‍ കോണ്‍ക്രീറ്റ് എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡിലെ ഉല്‍പ്പാദന പ്രക്രിയയാണ് വീഡിയോയില്‍ കാണിക്കുന്നത്.
80-ലധികം ഇനം മുല്ലപ്പൂക്കള്‍ ഇന്ത്യയില്‍ വളരുന്നുണ്ട്, ഈ മുല്ലപ്പൂക്കളില്‍ ഗ്രാന്‍ഡിഫ്‌ലോറം, സാംബക് എന്നിവയാണ് വാണിജ്യപരമായി ഏറ്റവും മൂല്യമുള്ള രണ്ട് ഇനങ്ങള്‍. ഇതിൽ സാംബക് ആണ് ഏറ്റവും മികച്ച ഇനമായി കണക്കാക്കുന്നത്, ഇതിനാണ് ആവശ്യക്കാർ കൂടുതലെന്ന് കമ്പനിയുടെ ഡയറക്ടര്‍ രാജാ പളനിസ്വാമി പറഞ്ഞു. മധുരയില്‍ ധാരാളമുള്ള ഇനമാണ് സാംബക് മുല്ലപ്പൂ. അതിനാലാണ് മധുര ഇന്ത്യയുടെ മുല്ലപ്പൂ ആസ്ഥാനമായി അറിയപ്പെടുന്നത്.
advertisement
ബിസിനസ് ഇന്‍സൈഡറിന്റെ വീഡിയോ അടുത്തിടെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഓഫീസര്‍ സുപ്രിയ സാഹു എക്സില്‍ വീണ്ടും പങ്കുവെച്ചിരുന്നു. ആഗോളതലത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ബ്രാന്‍ഡുകളുടെ ശ്രദ്ധ ആവശ്യപ്പെടുന്ന പ്രകൃതിദത്ത ജാസ്മിന്‍ ഓയില്‍ ഉണ്ടാക്കുന്ന പ്രദേശവാസികളുടെ അശ്രാന്ത പരിശ്രമം ചൂണ്ടിക്കാണിക്കുന്നതാണ് ഈ വീഡിയോ.
‘നിങ്ങളുടെ കൈയിലുള്ള വിലകൂടിയ ജാസ്മിന്‍ പെര്‍ഫ്യൂമില്‍ മധുരയുടെ ഒരു ചെറിയ ഭാഗവും ഉണ്ടായിരിക്കാം. മധുര ഇന്ത്യയുടെ മുല്ലപ്പൂ ആസ്ഥാനമായി മാറിയത് എങ്ങനെയെന്ന് മനസിലാക്കാൻ പ്രയാസമില്ല.’ എന്ന് വീഡിയോ പങ്കുവെച്ച് സുപ്രിയ സാഹു പറഞ്ഞു.
രണ്ട് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ എക്‌സില്‍ കണ്ടത്. ഈ വീഡിയോ പങ്കുവെച്ചതിന് നിരവധി ഉപയോക്താക്കള്‍ ഐഎഎസ് ഓഫീസര്‍ക്ക് നന്ദി പറഞ്ഞു.
‘വീഡിയോ കാണുമ്പോള്‍ വൈകുന്നേരങ്ങളിലെ മധുര മല്ലിയുടെ മനോഹരമായ സുഗന്ധത്തിന്റെ ഓര്‍മ്മകള്‍ മനസിലേക്ക് കടന്നുവരുന്നു! കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ന്യായമായ കൂലി ലഭിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. ഈ സുഗന്ധം ശരിക്കും അവരുടെ കഠിനാധ്വാനമാണ്!’ ഒരു ഉപയോക്താവ് കമന്റ് ചെയ്തു.
മറ്റൊരു ഉപഭോക്താവ് ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ പ്രശംസിച്ചാണ് രംഗത്തെത്തിയത്. ‘ഇതാണ് നമ്മുടെ മണ്ണിന്റെ സ്വഭാവം’എന്നാണ് അദ്ദേഹം പറഞ്ഞത്. ‘ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വലിയ സാധ്യതകളുണ്ട്. പെര്‍ഫ്യൂമുകള്‍ക്ക് എപ്പോഴും ആവശ്യക്കാരുണ്ടാകുമെന്നും.’ മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ നിന്നുള്ള ജാസ്മിന്‍ ഓയില്‍ എക്‌സ്ട്രാക്റ്റ് പാരീസിലേക്ക് വരെ കയറ്റുമതി ചെയ്യുന്നുണ്ട്.