പത്തു വർഷത്തോളമായി വീൽ ചെയറിന്റെ സഹായത്തോടെയാണ് ഗെർട്ട് ജാൻ ജീവിക്കുന്നത്. എന്നാൽ ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് (brain-computer interface) എന്ന ടെക്നോളജി വഴി ഇദ്ദേഹത്തിന് ഇപ്പോൾ നടക്കാനായി. പല തരത്തിലുള്ള ഭൂപ്രദേശങ്ങളിലൂടെ നടക്കാനും പടികൾ കയറാനുമൊക്കെ ഗെർട്ടിന് സാധിച്ചു. ജേണൽ നേച്ചറിൽ ന്യൂറോപ്രോസ്തെറ്റിക്സ് മേഖലയിലെ ഈ ശ്രദ്ധേയമായ നേട്ടത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം, ഫ്രാൻസിലെയും സ്വിറ്റ്‌സർലൻഡിലെയും ഒരു ഗവേഷക സംഘം കാലിന്റെ പേശികളുടെ ചലനത്തെ ഉത്തേജിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള സ്പൈനൽ കോഡ് ഇംപ്ലാന്റ് (spinal cord implant) വികസിപ്പിച്ചിരുന്നു. ഇതിൽ ഇലക്ട്രികൽ പൾസുകൾ ഉപയോഗിച്ചാണ് പേശികളെ ഉത്തേജിപ്പിച്ചിരുന്നത്. തളർവാതം ബാധിച്ച മൂന്ന് രോഗികൾ ഈ സ്പൈനൽ കോഡ് ഇംപ്ലാന്റ് ഉപയോഗിച്ച് നടന്നിരുന്നു. എന്നാലിവിടെ കാൽ ചലിപ്പിക്കാൻ രോഗികൾക്ക് ഒരു ബട്ടൺ അമത്തേണ്ടിയിരുന്നു. അതിനാൽ തന്നെ ഇവർ സ്വാഭാവികമായ താളത്തിലായിരുന്നില്ല നടന്നിരുന്നത്.
advertisement
Also Read- DNA ടെസ്റ്റിൽ കമ്പനിയിലെ മേലുദ്യോഗസ്ഥൻ അർദ്ധ സഹോദരൻ എന്ന് തെളിഞ്ഞു; യുവതിക്ക് ജോലി നഷ്‌ടമായി
എന്താണ് ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് (brain-computer interface) ?
മുകളിൽ പറഞ്ഞ സ്പൈനൽ കോഡ് ഇംപ്ലാന്റിൽ നിന്നും വ്യത്യസ്തമാണ് പുതിയ ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ്. കാലിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്നതിന് തലച്ചോറിലാണ് ഈ ഇൻർഫേസ് സ്ഥാപിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഇതുവഴി മസ്തിഷ്ക സംബന്ധമായ പ്രവർത്തനങ്ങൾ ഡീകോഡ് ചെയ്യാനും സാധിക്കുന്നു. ഫ്രാൻസിലെ ആറ്റോമിക് എനർജി കമ്മീഷനിലെ (സിഇഎ) ശാസ്ത്രജ്ഞരാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. നടക്കണമെന്ന് രോഗി ചിന്തിക്കുമ്പോൾ തന്നെ ഈ ഇന്റർഫേസിന് അത് തിരിച്ചറിയാൻ സാധിക്കും. വാക്കറിലോ ബാക്ക്‌പാക്കിലോ ഒക്കെ സൂക്ഷിക്കാവുന്ന ഒരു പോർട്ടബിൾ ഉപകരണം വഴി ഈ ഡാറ്റ സ്പൈനൽ കോർഡ് ഇംപ്ലാന്റിലേക്ക് കൈമാറുന്നു. അങ്ങനെ മറ്റുള്ളവരെ ആശ്രയിക്കാതെ ഗെർട്ട് ജാനിനെ പോലെയുള്ള രോഗികൾക്ക് നടക്കാൻ സാധിക്കും. ഇത്തരം രോഗികളിൽ നട്ടെല്ലിനെയും തലച്ചോറിനെയും തമ്മിൽ ബന്ധിപ്പിക്കുകയാണ് ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് ചെയ്യുന്നത്.
Also Read- ഇന്ന് ലോക തൈറോയ്ഡ് ബോധവത്ക്കരണ ദിനം: രോഗലക്ഷണങ്ങളും പ്രതിവിധിയും
“ഇപ്പോൾ എനിക്ക് വേണ്ടത് എന്തും സ്വന്തമായി ചെയ്യാൻ കഴിയും. ഞാൻ ഒരു ചുവടു വെക്കാൻ തീരുമാനിച്ചാൽ, അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ എന്റെ കാലുകൾക്ക് അതിനുള്ള ഉത്തേജനം ലഭിക്കും,” ഗെർട്ട് ജാൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. ”ഇവിടം വരെയെത്താൻ ഞാൻ വളരെക്കാലം യാത്ര ചെയ്തു. ഈ ചെറിയ ജീവിതത്തിൽ സംഭവിച്ച ഒരു വലിയ കാര്യമായി ഞാനിതിനെ കാണുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.
പക്ഷാഘാതം ബാധിച്ച വ്യക്തികളെ നടക്കാൻ പ്രാപ്തരാക്കുന്ന ഈ കണ്ടുപിടിത്തം സമീപകാലത്തുണ്ടായ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങളിൽ ഒന്നാണെന്ന് സ്വിറ്റ്സർലൻഡിലെ ഒരു ന്യൂറോ സയന്റിസ്റ്റായ ഗ്രിഗറി കോർട്ടിൻ എഎഫ്പിയോട് പറഞ്ഞു.