സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിൽ കെ.എസ്.ഇ.ബി. മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ വൈദ്യുതി മന്ത്രിയും കെ.എസ്.ഇ.ബിയിലെ യൂണിയനുകളും തമ്മിൽ ഇന്ന് ചര്‍ച്ച നടക്കും. 15-നു മുമ്പ് സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിന്റെ ഒന്നാംഘട്ട പുരോഗതി അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേരളത്തിൽ ടെൻഡർവിളിപോലും പൂർത്തിയായിട്ടില്ല. പദ്ധതി ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനുമായി കെഎസ്ഇബിക്ക് നൽകിയ കോടികളുടെ സഹായധനം തിരിച്ചെടുക്കേണ്ടിവരുമെന്നാണ് ഊർജ മന്ത്രാലയം നൽകിയ മുന്നറിയിപ്പ്.
ടെൻഡർ നൽകുന്നത് ഇനിയും വൈകിയാൽ കേന്ദ്രം മുൻകൂറായി നൽകിയ 67 കോടി തിരിച്ചുപിടിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുന്നത്.
advertisement
Also read-വീടുകളിലെ വൈദ്യുതി ഉപഭോഗം അളക്കാനുള്ള സ്മാര്‍ട്ട് മീറ്റര്‍ അപകടകരമോ?
തൊഴിലാളി യൂണിയനുകളുടെ വാദം
- മീറ്ററുകൾ സ്ഥാപിക്കുന്നതിനായി കെഎസ്ഇബി തിരഞ്ഞെടുത്ത RDSS-ന്റെ ടോട്ടക്സ് രീതിയോട് എതിർപ്പ്
- പുതിയ രീതി സ്വകാര്യവത്കരണത്തിലേക്ക് നയിക്കുമെന്ന് സി.പി.എം. സംഘടനയായ ഓഫീസേഴ്‌സ് അസോസിയേഷനും സി.ഐ.ടി.യു. സംഘടനയായ വർക്കേഴ്സ് അസോസിയേഷനും
- സ്വകാര്യ കരാറുകാരെ ബില്ലിങ് സോഫ്റ്റ‍്‍വെയർ കൈകാര്യംചെയ്യുന്നതും ബിൽ നൽകുന്നതും അടക്കമുള്ളവ ഏൽപ്പിക്കാതെ കെ.എസ്.ഇ.ബി. നേരിട്ടുനടത്തുന്നതാകും ലാഭകരമെന്നും ഇവർ വാദിക്കുന്നു.
- 15,000 കോടി മാത്രം ആസ്തിയുള്ള കെ.എസ്.ഇ.ബി. എങ്ങനെ 8000 കോടി രൂപയുടെ സ്മാർട്ട് മീറ്റർ പദ്ധതി ഏറ്റെടുക്കുമെന്ന് ഐ.എൻ.ടി.യു.സി.
സർക്കാർ വാദം
- കെ.എസ്.ഇ.ബി.ക്കിത് കൈകാര്യം ചെയ്യാൻ ശേഷിയില്ല
- സ്മാർട്ട് മീറ്റർ നിർമിക്കുന്നത് പ്രധാനമായും സ്വകാര്യ കമ്പനികളായതിനാൽ അവരെ ഒഴിവാക്കി പദ്ധതി നടപ്പാക്കാനാകില്ല
- സ്മാർട്ട് മീറ്ററിൽ നിന്ന് പിന്നാക്കംപോയാൽ പല സഹായങ്ങളും തടസ്സപ്പെടുമെന്ന് സർക്കാർ
- ടെൻഡർ നൽകുന്നത് ഇനിയും വൈകിയാൽ കേന്ദ്രം മുൻകൂറായി നൽകിയ 67 കോടി തിരിച്ചുപിടിക്കുമെന്ന ആശങ്ക.