കഴിഞ്ഞ വർഷം മാർച്ചിൽ സാൽവഡോറിയൻ പ്രസിഡന്റ് നയിബ് ബുകെലെ രാജ്യത്തെ ക്രിമിനൽ സംഘങ്ങൾക്കെതിരെ നടത്തിയ പോരാട്ടത്തിൽ നിരവധി പേരാണ് ജയിലിലായത്. 67000-ത്തിലധികം പേരെയാണ് ഇതോടെ അറസ്റ്റ് ചെയ്ത് എൽ സാൽവഡോർ ജയിലിൽ അടച്ചത്. എന്നാൽ ഇപ്പോൾ എൽ സാൽവഡോർ ജയിലിൽ 153 തടവുകാർ മരണപ്പെട്ടു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
advertisement
രാജ്യത്ത് അക്രമങ്ങൾ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്‍റ് നയിബ് ബുകെലെയുടെ നേതൃത്വത്തില്‍ ഗുണ്ടാ തലവന്മാരെയും ക്രിമിനൽ സംഘങ്ങളെയും പൂട്ടാനുള്ള നടപടി കർശനമാക്കിയത്. എന്നാൽ 67000-ത്തിലധികം ആളുകളെ ജയിലിൽ അടയ്ക്കാനുള്ള സൗകര്യം കുറവായതിനാൽ ഇവിടെ പ്രത്യേക തടവറകളും നിർമ്മിക്കാൻ ആരംഭിച്ചിരിന്നു.
എക്കാലത്തെയും ഭീകരമായ ജയിൽ എന്നാണ് എൽ സാൽവഡോർ ജയിലിനെ വിശേഷിപ്പിക്കാറുള്ളത്. തടവുകാരെ കന്നുകാലികളെ പോലെ തല കുനിച്ച് നിർത്തി നഗ്നമാക്കി സോമ്പികളെപ്പോലെ നടത്തിക്കും. കൂടാതെ കുറ്റവാളികളുടെ കൈകളും കാലുകളും ചങ്ങലകൊണ്ട് ബന്ധിക്കും. അവരുടെ ശരീരത്തിൽ ടാറ്റുകൾ പതിപ്പിക്കും. ഒറ്റനോട്ടത്തിൽ എല്ലാവരും ഒരുപോലെ കാണപ്പെടും. ഇതിനുള്ളിലെ വേദനയും പീഡനവും സഹിക്കാതെ ആണ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന 153 തടവുകാർ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Also Read- സുവിശേഷകനെ വിശ്വസിച്ച് സ്വർഗം കാണാൻ പട്ടിണി കിടന്ന് നൂറിലേറെപ്പേരുടെ മരണം; ലോകത്തെ നടുക്കി കെനിയ
ഇവരുടെ മൃതദേഹങ്ങൾ ജയിൽ പരിസരത്തു നിന്നും മാറ്റിയിട്ടുണ്ട്. മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റോസലാണ് ജയിലിലെ കുറ്റവാളികളുടെ മരണവാർത്തയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മരിച്ചവർ ഏതെങ്കിലും കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ടവരല്ലെന്നും ഇവർ ആരോപികുന്നു. കൊല്ലപ്പെട്ട 153 പേരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. ഒരു തെളിവുകളും ഇല്ലാതെയാണ് ഇവരെ കുറ്റക്കാർ ആക്കിയതെന്നും ക്രൂരമായ മർദനത്തിന്റെ ഫലമാണ് ഈ മരണങ്ങളെന്നും ക്രിസ്റ്റോസൽ ആരോപിച്ചു.
ഇവരുടെ ശരീരത്തിൽ സാരമായ മുറിവുകളുടെ പാടുകൾ ഉണ്ട്. പലർക്കും പ്രാഥമിക വൈദ്യസഹായം പോലും നൽകിയിട്ടുമില്ല. പോഷകാഹാരക്കുറവും ഭക്ഷണം നൽകുന്നതിലെ അശ്രദ്ധയും മേൽ അധികൃതരുടെ പീഡനവുമാണ് അന്തേവാസികളുടെ അതിദാരുണമായ മരണത്തിനിടയാക്കിയതെന്നും സംഘടന ആരോപിക്കുന്നു. ജീവിക്കാനുള്ള അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ഇതെന്നാണ് റിപ്പോർട്ട്. ജയിൽ ഉദ്യോഗസ്ഥരുടെ ഇത്തരം മോശം പ്രവൃത്തികൾക്കെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ക്രിസ്റ്റോസലിന്റെ ആവശ്യം. തടവുകാരുടെ നിലവിലെ സാഹചര്യത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ നയിബ് ബുക്കേലെ ആവശ്യപ്പെട്ടിട്ടുണ്ട്.