അൻപതു വർഷങ്ങൾക്കു മുൻപ് ടാസ്മാനിയ തീരത്തു നിന്നും കാണാതായ എംവി ബ്ലൈത്ത് സ്റ്റാർ എന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. 1973 ഒക്‌ടോബർ 13ന്, ഹോബാർട്ടിൽ നിന്ന് കിംഗ് ഐലൻഡിലേക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു അപകടം. പത്ത് ക്രൂ അംഗങ്ങളിൽ ഒരാൾ കടലിൽ വെച്ചു തന്നെ മരിച്ചിരുന്നു. മറ്റ് രണ്ട് ക്രൂ അംഗങ്ങൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ക്ഷീണവും ഹൈപ്പോതെർമിയയും മൂലം മരിച്ചു. ഏകദേശം രണ്ടാഴ്‌ചയ്‌ക്ക് ശേഷം, ഒക്ടോബർ 26നാണ് മറ്റുള്ളവർ രക്ഷപ്പെട്ട് കരയിലെത്തിയത്. വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും, ഇത്രയും വർഷങ്ങളായിട്ടും കപ്പലിന്റെ ചെറിയൊരു അവശിഷ്ടം പോലും കണ്ടെത്താനായിരുന്നില്ല. സിഎസ്‌ഐആർഒയിലെയും ടാസ്മാനിയ സർവകലാശാലയിലെയും ഗവേഷകർ ചേർന്നാണ് ഇപ്പോൾ എംവി ബ്ലൈത്ത് സ്റ്റാറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
സമാനമായ മറ്റു കപ്പൽ തിരോധാനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം. 1. മേരി സെലസ്റ്റ് (MARY CELESTE)
ഷെർലക് ഹോംസിന്റെ രചയിതാവായ ഡോ ആർതർ കോനൻ ഡോയൽ മേരി സെലസ്റ്റ് കപ്പൽ കഥയെ ആസ്പദമാക്കി ഒരു ചെറുകഥ എഴുതിയിട്ടുണ്ട്. 1872 നവംബർ 7-ന് ന്യൂയോർക്കിൽ ഇറ്റലിയിലെ ജെനോവയിലേക്ക് മദ്യച്ചരക്കുമായി പുറപ്പെട്ട കപ്പലായിരുന്നു ഇത്. മേരി സെലസ്റ്റിനു സമീപത്തു കൂടി പോയ ഒരു ബ്രിട്ടിഷ് കപ്പലിൽ നിന്നായിരുന്നു അപകടം സംബന്ധിച്ച ആദ്യത്തെ സന്ദേശം എത്തിയത്. മേരി സെലസ്റ്റ് നടുക്കടലിലൂടെ ഒഴുകി നടക്കുന്നു എന്നായിരുന്നു സന്ദേശം.
അകത്തേക്കു കയറി നോക്കിയപ്പോൾ യാത്രക്കാരിൽ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ആറു മാസത്തേക്കുള്ള ഭക്ഷണവും വെള്ളവും അതിൽ സുരക്ഷിതമായുണ്ടായിരുന്നു. ബോട്ടിലെ മദ്യച്ചരക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ക്യാപ്റ്റന്റെയും ക്രൂവിന്റെയും സ്വകാര്യ വസ്തുക്കളും കപ്പലിൽ ഉണ്ടായിരനന്നു. യാത്രക്കാരിൽ ആരെയും പിന്നീട് ആരും കണ്ടിട്ടില്ല. എന്താണ് മേരി സെലസ്റ്റ് കപ്പലിന് സംഭവിച്ചത് എന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്.
2. കരോൾ എ. ഡീറിംഗ് (THE CARROLL A. DEERING)
കരോൾ എ. ഡീറിംഗ് എന്ന ചരക്ക് കപ്പലും അതിലെ പത്തോളം ക്രൂ അംഗങ്ങളും 1920-ലാണ് അപ്രത്യക്ഷരായത്. നോർത്ത് കരോലിനയിൽ നിന്ന് വിർജീനിയയിലേക്ക് മടങ്ങുന്ന വഴിയിൽ അപ്രതീക്ഷിതമായി എന്തോ സംഭവിക്കുകയായിരുന്നു. കരച്ചിൽ കേട്ട് തീരദേശ സേന ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. അവർ കപ്പൽ കണ്ടെത്തിയപ്പോൾ കപ്പലിൽ ആരും ഉണ്ടായിരുന്നില്ല. കപ്പൽ ഏതാണ്ട് കത്തി നശിച്ച അവസ്ഥയിൽ ആയിരുന്നു. ലൈഫ് ബോട്ടുകൾ ഇല്ലായിരുന്നു. അടുത്ത ദിവസം കപ്പലിന്റെ ചില അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. കപ്പലിലെ യാത്രക്കാരെ പിന്നീടൊരിക്കലും കണ്ടിട്ടില്ല.
Also read-തുർക്കിയിൽ ആരാകും പ്രസിഡന്റ്? തിരഞ്ഞെടുപ്പ് ഫലം ലോകരാജ്യങ്ങളെ ബാധിക്കുന്നത് എങ്ങനെ?
3. ഹൈ എയിം നമ്പർ 6 (HIGH AIM NO. 6)
ഹൈ എയിം നമ്പർ 6 എന്ന മത്സ്യബന്ധന ബോട്ട് 2002-ലാണ് തായ്‌വാനിൽ നിന്ന് പുറപ്പെട്ടത്. 2003 ജനുവരിയിൽ ഓസ്‌ട്രേലിയൻ നാവികസേന കപ്പലാണ് ഹൈ എയിം നമ്പർ 6 നെ കടലിൽ കണ്ടെത്തിയത്. ഈ സമയത്ത് എഞ്ചിൻ പ്രവർത്തിക്കുന്നുണ്ടായിരുന്നു. പ്രധാന പെട്രോൾ ടാങ്ക് പൂർണമായും ശൂന്യമായിരുന്നു. എന്നാൽ ഓക്സിലറി ഇന്ധന ടാങ്കുകൾ നിറഞ്ഞു തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. കപ്പലിൽ ആളുകളൊന്നും ഉണ്ടായിരുന്നില്ല. ക്രൂ അംഗങ്ങൾ കടൽക്കൊള്ളക്കാരോടൊപ്പം ചേർന്ന് കപ്പലിന്റെ ക്യാപ്റ്റനെയും സീനിയർ എഞ്ചിനീയറെയും കൊന്നതാണെന്നാണ് ഇന്തോനേഷ്യൻ മത്സ്യത്തൊഴിലാളികൾ പറയുന്നത് എന്ന് റീഡേഴ്സ് ഡൈജസ്റ്റ് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
4. എച്ച്എംഎസ് റെസലൂട്ട് (HMS RESOLUTE)
ബ്രിട്ടീഷ് റോയൽ നേവി കപ്പലായിരുന്നു എച്ച്എംഎസ് റെസലൂട്ട്. 1854-ൽ കനേഡിയൻ ആർട്ടിക്കിലെ ബാഫിൻ ദ്വീപിന്റെ തീരത്തു നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഈ കപ്പൽ കണ്ടെത്തിയത്. എച്ച്എംഎസ് റെസലൂട്ടിലെ ക്രൂ അംഗങ്ങൾ മഞ്ഞുപാളി കണ്ടതിനെത്തുടർന്ന് കപ്പൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ബോട്ട് ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നത്.
എച്ച്എംഎസ് റെസലൂട്ട് കണ്ടെത്തുമ്പോൾ ക്യാപ്റ്റന്റെ ക്യാബിനിൽ കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ല. ഒരു ടേബിളിനു മുകളിൽ ബൈബിളും മേശപ്പുറത്ത് സ്പിരിറ്റ് നിറച്ച ഗ്ലാസുകളും ഉണ്ടായിരുന്നു. കപ്പലിന്റെ കമാൻഡറായിരുന്ന ക്യാപ്റ്റൻ കെല്ലറ്റ് തന്റെ കസേരയിൽ ഒരു ബ്രിട്ടീഷ് പതാക പൊതിഞ്ഞിരുന്നു. 1879-ൽ എച്ച്എംഎസ് റെസലൂട്ടിനെ ഡീകമ്മീഷൻ ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.