മുൻ ഭാര്യ കിം കർദഷ്യനുമായുള്ള ബന്ധം മോശമായതോടെ അത് വെസ്റ്റിൻെറ വ്യക്തിജീവിതത്തിലെ മോശം വശങ്ങളിൽ പലതും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ കറുത്ത വർഗക്കാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ വന്ന ക്യാമ്പെയിനായ ‘ബ്ലാക്ക് ലൈവ്സ് മാറ്ററിനെ’തിരെ ‘വൈറ്റ് ലൈവ്സ് മാറ്റർ’ എന്നൊരു ക്യാമ്പെയിനുമായി വിവാദത്തിൽ പെട്ടിരിക്കുകയാണ് വെസ്റ്റ്. 'വൈറ്റ് ലൈവ്സ് മാറ്റർ' എന്ന വാചകം ആലേഖനം ചെയ്ത ടി-ഷർട്ടുകൾ പാരീസ് ഫാഷൻ വീക്കിൽ അദ്ദേഹം പുറത്തിറക്കിയിരിക്കുകയാണ്.
വോഗിന്റെ ഗ്ലോബൽ ഫാഷൻ എഡിറ്റർ ഗബ്രിയേല കരേഫ-ജോൺസൺ യെയുടെ ഷോയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ അവരെ പരിഹസിക്കാനാണ് റാപ്പർ ശ്രമിച്ചത്. ഡിഡി/പഫ് ഡാഡി എന്നൊക്കെ വിളിപ്പേരുള്ള അമേരിക്കൻ റാപ്പർ സീൻ കോംബ്‌സും യെയുടെ പുതിയ ടീ-ഷർട്ട് ക്യാമ്പെയിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. “ഞാൻ നിങ്ങളോട് ഒരു കറുത്ത മനുഷ്യനായി സംസാരിക്കാൻ ശ്രമിക്കുകയാണ്… കാരണം ഇത് ഞങ്ങളുടെ ആളുകളെ വേദനിപ്പിക്കുന്നു. എത്രയും പെട്ടെന്ന് നിർത്തുന്നതാണ് നല്ലത്,” കോംബ്സ് അഭിപ്രായപ്പെട്ടു.
advertisement
ഡിഡിയെ ജൂതന്മാരാണ് നിയന്ത്രിക്കുന്നതെന്ന ആരോപണമാണ് ഇതിനെതിരെ യെ ഉന്നയിച്ചത്. ഇൻസ്റ്റഗ്രാമിലായിരുന്നു കോംബ്സിനെതിരെ പോസ്റ്റിട്ടത്. ജൂതരെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടതിന് യെയെ ഇൻസ്റ്റഗ്രാമിൽ നിന്ന് വിലക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ നിന്ന് വിലക്കിയതോടെ യെ ട്വിറ്ററിൽ പോസ്റ്റിട്ടു. ജൂതർക്കെതിരെയുള്ള നേരിട്ടുള്ള വംശീയ ആക്രമണമായതിനാൽ ആ ഒരൊറ്റ ട്വീറ്റോടെ യെക്ക് ട്വിറ്ററിലും വിലക്ക് ലഭിച്ചിരുന്നു.
ജിജി ഹഡിഡ് മുതൽ ജോൺ ലെജൻഡ്, ജസ്റ്റിൻ ബീബർ വരെയുള്ള സെലബ്രിറ്റികൾ യെയുടെ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പരസ്യമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. ഹോളോകാസ്റ്റ് മ്യൂസിയം എൽ.എ.യിൽ നിന്ന് വിദ്വേഷ പ്രസംഗത്തിന്റെ ആഘാതം മനസ്സിലാക്കാൻ യെയെ തങ്ങൾ സഹായിക്കാമെന്ന് വ്യക്തമാക്കി ക്ഷണവും വന്നു.
എന്നാൽ യെയുടെ അതിരൂക്ഷമായ ആൻറി സെമിറ്റിക് പരാമർശങ്ങൾ പിന്നെയും പുറത്ത് വന്ന് കൊണ്ടേയിരുന്നു. ജൂത ജനസംഖ്യ നിയന്ത്രിക്കാൻ താൻ മുന്നിട്ടിറങ്ങുമെന്നൊക്കെയായിരുന്നു യെയുടെ പരാമർശം. കറുത്ത വർഗക്കാരാണ് യഥാർഥ ജൂതരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശരീരഭാരത്തിൻെറ പേരിൽ ഗായിക ലിസോയെ യെ അപമാനിക്കുകയും ചെയ്തിരുന്നു.
എന്താണ് യഥാർഥത്തിൽ ബെ പോളാർ ഡിസോർഡർ?
കാനി വെസ്റ്റിൻെറ തീവ്രമായ നിലപാടുകൾ പല തരത്തിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. വിദ്വേഷ പ്രസ്താവനകളും തീവ്രമായ ആരോപണങ്ങളുമെല്ലാം അദ്ദേഹത്തിൻെറ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് ഒരു വിലയിരുത്തൽ.
ബൈപോളാർ ഡിസോർഡർ വെസ്റ്റിനുണ്ടെന്ന് 2016ൽ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ജീവിതകാലം മുഴുവൻ ഈ അവസ്ഥയുമായി യെ മല്ലിടേണ്ടി വരുമെന്നാണ് വിദഗ്ദർ പറഞ്ഞത്. 2020ൽ താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വെസ്റ്റ് പ്രഖ്യാപിച്ചതോടെ ഭാര്യ കിം കർദഷ്യനും ഭർത്താവിൻെറ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ വെളിപ്പെടുത്തിയിരുന്നു.
ബൈപോളാർ ഡിസോർഡറിന് മാനിക്, ഡിപ്രസീവ് എപ്പിസോഡുകൾ ഉണ്ടാകാമെന്ന് സൈക്കോളജിസ്റ്റ് രുചിത ചന്ദ്രശേഖർ വിശദീകരിക്കുന്നു. ഇത് ആളുകളെ അസാധാരണമായ പെരുമാറ്റങ്ങളിലേക്ക് നയിച്ചേക്കാം. “പത്താം നിലയിൽ നിന്ന് ചാടിയാൽ പോലും തങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്നും സ്വന്തം കാലിൽ ബാലൻസ് ചെയ്ത് നിൽക്കാൻ സാധിക്കുമെന്നും ഈ അവസ്ഥ ഉള്ളവർ വിശ്വസിക്കുന്നു,” രുചിത പറയുന്നു.
യെ ഇത്തരത്തിലുള്ള മാനസികാവസ്ഥയിലൂടെ കടന്ന് പോവുന്ന ആളാണെന്നും അതിനാലാണ് തീവ്ര ചിന്തകൾ ഉള്ളതെന്നും ഒരു വാദമുണ്ട്.
Also read : ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് 50-ാമത് ചീഫ് ജസ്റ്റിസാകും; പിതാവിന്റെ വിധികൾ റദ്ദാക്കിയ ജഡ്ജി
സുഹൃത്തും സഹപ്രവർത്തകനുമായ കൂഡി സംവിധാനം ചെയ്ത 'ജീൻ-യൂഹ്സ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ യെയുടെ അവസ്ഥ വിശദമായി ചിത്രീകരിച്ചിട്ടുണ്ട്. റാപ്പറെന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും യെ ജീവിതത്തിൽ വലിയ വിജയങ്ങൾ നേടിയിട്ടുള്ള ആളാണ്. എന്നാൽ അമ്മയുടെ മരണം അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. അമ്മ ഡോണ്ടയുടെ മരണത്തിന് ശേഷമാണ് ബൈപോളാർ ഡിസോർഡറിന്റെ ലക്ഷണങ്ങൾ യെയിൽ പ്രകടമായി കാണുന്നത്.
ഡോക്യുമെൻററിയിൽ ഒരു ഘട്ടത്തിൽ യെയുടെ മാനസികാരോഗ്യം മോശമായതിനെ തുടർന്ന് ക്യാമറ ഓഫ് ചെയ്യേണ്ട അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. ഈ എപ്പിസോഡ് പിന്നീട് വലിയ ചർച്ചയാവുകയും ചെയ്തു.
മതവിദ്വേഷം ഉണ്ടായതിന് ബെപ്പോളാർ ഡിസോർഡർ കാരണമാണോ?
യെ ഈയടുത്ത് നടത്തിയ വിദ്വേഷ പ്രസ്താവനകൾക്ക് പിന്നിൽ ബെപ്പോളാർ ഡിസോർഡർ വലിയ പങ്ക് വഹിച്ചിട്ടുണ്ടോയെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല. ഈ അവസ്ഥയെ തന്റെ "സൂപ്പർ പവർ" എന്നാണ് യെ ഒരിക്കൽ വിശേഷിപ്പിച്ചത്. ഇത് വിശദീകരിച്ച് കൊണ്ട് ഒരു റാപ്പും അദ്ദേഹം പുറത്തിറക്കിയിരുന്നു. ആരാധകർ ഇത് കാര്യമായി ഏറ്റെടുക്കുകയും ചെയ്തു.
ആന്റിസെമിറ്റിസവും വംശീയതയും ബൈപോളാർ ഡിസോർഡറിന്റെ സ്വഭാവ ലക്ഷണങ്ങളല്ല. യെയുടെ വംശീയ വിദ്വേഷത്തെ ബൈപോളാർ ഡിസോർഡറുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന് ഒരു കൂട്ടർ വാദിക്കുന്നു. ഇതേ അവസ്ഥയുള്ളവരെ മോശക്കാരാക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പറയുന്നു.
വിദ്വേഷ പ്രചാരണത്തെ ന്യായീകരിക്കാൻ സാധിക്കുമോ?
2021ൽ മാത്രം അമേരിക്കയിൽ 2,717 സെമിറ്റിക് വിരുദ്ധ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. യെയുടെ വിദ്വേഷ പ്രസ്താവനകൾ അദ്ദേഹത്തിൻെറ ആരാധകരെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അവരിലും ഇത്തരം ചിന്തകൾ ഉണ്ടാവുന്നുണ്ട്. അതിനാൽ മാനസികാരോഗ്യ പ്രശ്നങ്ങളുമായി കൂട്ടിക്കെട്ടി ഇതിനെ നിസ്സാരമായി കാണാൻ സാധിക്കില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. യെയിൽ നിന്നുണ്ടാവുന്ന ചില പ്രവൃത്തികൾ ബെ പോളാർ ഡിസോർഡർ കാരണമാണെന്ന് പറയാം. എന്നാൽ വിദ്വേഷ പ്രചാരണങ്ങളിലും മതവിദ്വേഷത്തിലും യെക്ക് പങ്കില്ലെന്ന് ഒരു കാരണവശാലും പറയാൻ സാധിക്കില്ലെന്ന് രുചിത അഭിപ്രായപ്പെടുന്നു.
കുറ്റബോധം തോന്നുകയോ ചെയ്യുന്നതിൻെറ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ചെയ്യുന്നവർ ഈ മാനസികാവസ്ഥയുടെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കും. അവർ മാനസികാരോഗ്യം നന്നാവുന്നതിന് വിദഗ്ദരുടെ സഹായം തേടും. എന്നാൽ രോഗത്തിൻെറ മറവിൽ തൻെറ മാനസികാരോഗ്യ പ്രശ്നങ്ങളെ യെ വളരെ അലസമായാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം ബുദ്ധിമുട്ടുള്ള എല്ലാവരും വലിയ കുഴപ്പക്കാരാണെന്ന തെറ്റിദ്ധാരണയും ഇത് വഴിയുണ്ടാവും. ഇത് അനുവദിച്ച് കൊടുക്കാൻ സാധിക്കില്ല. അരാജകത്വത്തിൻെറ സ്വയം പ്രഖ്യാപിത ഏജൻറുമാരായാണ് ഇവർ മാറുന്നതെന്നും രുചിത കൂട്ടിച്ചേർത്തു.