സെനറ്റ് അംഗം റിച്ചാർഡ് ബർ പ്രകാശനം ചെയ്ത റിപ്പോർട്ടിൽ കോവിഡ്-19-ൻ്റെ ഉത്ഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരണമെന്നും കൊറോണാ വൈറസ് ലാബിൽ നിന്ന് ചോർന്നതാണ് എന്നുള്ള വാദത്തിന് വില കൽപ്പിക്കാതിരുന്ന ഉദ്യോഗസ്ഥരെയും അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെടുന്നു.
കോവിഡിൻ്റെ ഉദ്ഭവത്തെ കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങൾ പരിശോധിക്കാം:
വുഹാൻ ലാബ് ചോർച്ചാ അനുമാനം
ഇതാണ് കൊറോണാ വൈറസിൻ്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് ആദ്യമുണ്ടായ സിദ്ധാന്തം.
സ്വാഭാവികമായ ചോർച്ച സംഭവിച്ചതാണ് എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള, എല്ലാവർക്കും അറിയാവുന്ന പല കാര്യങ്ങളും റിപ്പബ്ലിക്കൻ പാർട്ടിയുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. രോഗം പടർന്നത് ഒരു മൃഗത്തിൽ നിന്നല്ല എന്നുള്ളതും വൈറസിൻ്റെ വ്യാപനം തടയുന്നതിൽ ചൈന പരാജയപ്പെട്ടതുമടക്കം ഇതിൽ ഉൾപ്പെടുന്നു. കോവിഡ് വ്യാപനമുണ്ടായി രണ്ടു വർഷം കഴിഞ്ഞതോടെ ഇത്തരം പല കാര്യങ്ങളും പൊതുവായി അറിയപ്പെടുന്നവയാണ്.
advertisement
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ മുൻപ് ഒന്നിലധികം സ്ഥലങ്ങളിൽ സംഭവിച്ചിട്ടുണ്ടെങ്കിലും കോവിഡ് വുഹാനിൽ മാത്രമാണ് രൂപമെടുത്തത്, അതും വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ആസ്ഥാനമായ ഇടത്ത്.
“സാർസ്-കോവ്-2 പോലുള്ള, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന, സ്വാഭാവിക റെസ്പിരേറ്ററി വൈറസുകൾ എങ്ങനെയാണ് പടർന്നുപിടിക്കുന്നത് എന്നത് സംബന്ധിച്ച ചരിത്രപരമായ മുൻകാല അനുഭവങ്ങളുമായും ശാസ്ത്രീയ ധാരണയുമായും ഒത്തുപോകുന്നതാണ് ലഭ്യമായ വിവരങ്ങൾ എന്ന് തോന്നുന്നില്ല,” എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
മെർസ്, സാർസ് പോലുള്ള മറ്റ് റെസ്പിരേറ്ററി വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നു പിടിച്ചതിൻ്റെ മുൻകാല അനുഭവങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് കോവിഡിൻ്റെ വ്യാപനമെന്നും റിപ്പോർട്ടിൽ പറയുന്നു. എങ്കിലും കൂടുതൽ തെളിവില്ലാതെ, കൊറോണാ വൈറസിൻ്റെ ഉദ്ഭവത്തെ കുറിച്ച് കൃത്യമായ നിഗമനത്തിൽ എത്താൻ കഴിയില്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
റിപ്പോർട്ടിൻ്റെ പ്രകാശനത്തോട് അനുബന്ധിച്ച് റിപ്പബ്ലിക്കൻ സെനറ്റ് അംഗങ്ങൾ വിദഗ്ദ്ധരുടെ ചർച്ചയും സംഘടിപ്പിച്ചിരുന്നു. വുഹാൻ ലാബിൽ നിന്നാണ് കൊറോണാ വൈറസ് പടർന്നതെന്ന് കരുതുന്നതായി ചർച്ചയിൽ പങ്കെടുത്ത പല വിദഗ്ദ്ധരും പറഞ്ഞു. എന്നാൽ, കൊളംബിയ സർവ്വകലാശാലയിലെ സാമ്പത്തിക വിദഗ്ദ്ധനായ ജെഫ്രി സാക്സിനെ പോലുള്ള ചിലർ, സ്വന്തം നാട്ടിൽ നിന്നാണ് വൈറസ് പടർന്നതെന്ന് വാദിക്കുന്നു.
കോവിഡ് വന്നത് അമേരിക്കയിലെ ലാബിൽ നിന്ന്
പ്രശസ്ത മെഡിക്കൽ ജേണലായ ലാൻസെറ്റിലെ, ഇപ്പോൾ പ്രവർത്തനം നിർത്തിയ, കോവിഡ്-19-ൻ്റെ തലവനായിരുന്നു ജെഫ്രി സാക്സ്. “സാർസ് പോലുള്ള വൈറസുകളുടെ ജനിതകപരമായ വ്യതിയാനങ്ങൾ വരുത്തുന്നതിനുള്ള അപകടകരമായ നിരവധി പദ്ധതികൾ യുഎസ് ഗവൺമെൻ്റ് സ്പോൺസർ ചെയ്യുന്നുണ്ടായിരുന്നു. ആ പ്രവർത്തനങ്ങളുടെ രീതി സത്യസന്ധമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല,” എന്ന് സാക്സ് ടെഹ്റാൻ ടൈംസിനോട് പറഞ്ഞു.
തങ്ങളുടെ ഉത്തരവാദിത്തം അംഗീകരിക്കാതെ ചൈനയെ കുറ്റപ്പെടുത്താനാണ് അമേരിക്ക ശ്രമിച്ചതെന്നും സത്യം കണ്ടെത്താൻ ഗവൺമെൻ്റ് ലോകാരോഗ്യ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“സൂക്ഷ്മജീവികളുടെ ജനിതക വ്യതിയാനം വരുത്തുന്നതിനുള്ള അപകടകരമായ നിരവധി പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ലബോറട്ടറി ഗവേഷണങ്ങൾ പൊതു സമക്ഷം വെളിപ്പെടുത്തുകയും വേണ്ട രീതിയിൽ നിയന്ത്രിക്കുകയും ചെയ്യണം. ജൈവായുധ ഗവേഷണം അവസാനിപ്പിക്കണം. ഇത് സംഭവിക്കാൻ നമുക്ക് ആഗോള സഹകരണം ആവശ്യമാണ്,” സാക്സ് കൂട്ടിച്ചേർത്തു.
ഒരു ജൈവ യുദ്ധ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് കൊറോണാ വൈറസ് ഉദ്ഭവിച്ചത് എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സാക്സ് പറഞ്ഞു. അമേരിക്കൻ രസഹ്യാന്വേഷണ ഏജൻസികളും സമാനമായ തീരുമാനത്തിലാണ് എത്തിച്ചേർന്നിട്ടുള്ളത്.
ഈ വർഷം പുറത്തുവന്ന പല ഗവേഷണങ്ങളും വൈറസ് രൂപമെടുത്തതുമായി ബന്ധപ്പെട്ട്, അതൊരു സ്വാഭാവിക സംഭവമാകാം എന്ന് പറയുന്നുണ്ട്. അല്ലെങ്കിൽ എങ്ങനെയാകാം അതിൻ്റെ ഉദ്ഭവം എന്നതിന് കൃത്യമായ വിശദീകരണം നൽകുന്നുമില്ല.
ലാബിൽ നിന്നാണ് വൈറസ് ചോർന്നത് എന്ന വാദത്തിന് ശാസ്ത്രീയ പിന്തുണയില്ലെന്ന്, ജോൺ ഹോപ്കിൻസ് സെൻ്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റിയിലെ മുഖ്യ ഗവേഷകയും ഇമ്മ്യൂണോളജിസ്റ്റുമായ ജിജി ഗ്രോൻവാൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ട് പ്രമുഖ ഉദാഹരണങ്ങൾ പരിശോധിക്കാം:
സൂനോട്ടിക് സിദ്ധാന്തം
കോവിഡ്-19 മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പടർന്നതാണ് എന്ന ഈ സിദ്ധാന്തമാണ് ശാസ്ത്രജ്ഞന്മാർക്കിടയിൽ ഏറ്റവും പ്രചാരമുള്ളത്. പ്രൊസീഡിംഗ്സ് ഓഫ് ദി നാഷനൽ അക്കാദമി ഓഫ് സയൻസസിൽ ഒരു വിദഗ്ദ്ധ സമിതി ഒക്ടോബർ 10-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, കോവിഡ് സ്വാഭാവികമായി പകർന്നതാകാനാണ് സാധ്യത എന്ന് പറയുന്നു.
“ഉദ്ഭവത്തിന് വ്യത്യസ്തമായ വിവിധ സാധ്യതകൾ ഉണ്ടെന്ന് ഞങ്ങളുടെ പ്രബന്ധം അംഗീകരിക്കുന്നു, എന്നാൽ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പടർന്നതിനുള്ള തെളിവുകൾ ധാരാളമാണ്,” യൂണിവേഴ്സിറ്റി ഓഫ് മെൽബണിലെ വൈറോളജിസ്റ്റും പ്രബന്ധത്തിൻ്റെ സഹ എഴുത്തുകാരിൽ ഒരാളുമായ ഡാനിയേൽ ആൻഡേഴ്സൺ സയൻസ് ഡോട്ട് ഓ ആർ ജിയോട് പറഞ്ഞു.
വവ്വാലുകളിൽ നിന്ന് രൂപമെടുത്ത കൊറോണാ വൈറസ് മറ്റു ജീവികളിലേക്ക് പടരുകയും അതുവഴി കാട്ടുജീവികളുടെ വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യരിലേക്ക് എത്തുകയും ഒടുവിൽ വുഹാനിലെ ഹുവാനാൻ സീഫുഡ് വിപണിയിൽ നിന്ന് പടർന്നുപിടിക്കുകയുമായിരുന്നു എന്നതിനുള്ള നിരവധി തെളിവുകൾ തങ്ങളുടെ ഗവേഷണത്തിൽ ലഭിച്ചതായി ശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നു.
ദി ലാൻസെറ്റാണ് ഈ പാനലിനെ ആദ്യം നിയമിച്ചത് എന്നതാണ് രസകരമായ കാര്യം. ഇതിലെ വിദഗ്ദ്ധർക്ക് വ്യത്യസ്ത താൽപ്പര്യങ്ങൾ ഉണ്ട് എന്ന് കാണിച്ച് സാക്സ് പിന്നീട് സമിതിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.
മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ഗവേഷണവുമായി ബന്ധപ്പെട്ടാകാം എന്നത് സംബന്ധിച്ചുള്ള തെളിവുകൾ വസ്തുനിഷ്ഠമായി പരിശോധിക്കാൻ ഗവേഷകർ തയ്യാറായില്ലെന്നാണ് സാക്സ് ആരോപിക്കുന്നത്. എന്നാൽ, ലാൻസെറ്റ് സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ രണ്ട് സിദ്ധാന്തങ്ങൾക്കും ഒരേ പ്രാധാന്യമാണ് നൽകുന്നത്.
“രണ്ട് പ്രധാന അനുമാനങ്ങളാണ് ഉള്ളത്: ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു സ്ഥലത്തുവെച്ച്, മത്സ്യമാംസാദികൾ വിൽക്കുന്ന ഒരു ചന്തയിലൂടെ, കാട്ടുമൃഗത്തിൽ നിന്നോ ഫാമിൽ വളർത്തുന്ന മൃഗത്തിൽ നിന്നോ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതാകാനാണ് സാധ്യത; അല്ലെങ്കിൽ ഫീൽഡിൽ നിന്ന് വൈറസുകളെ ശേഖരിക്കുമ്പോഴോ ലാബോറട്ടറിയുമായി ബന്ധപ്പെട്ട ചോർച്ചയിൽ നിന്നോ, ഗവേഷണവുമായി ബന്ധപ്പെട്ട ഒരു അപകടത്തിൽ നിന്നാകാം വൈറസ് പടർന്നത്,” എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.