Covid 19 | രാജ്യത്ത് പുതിയ കോവിഡ് വകഭേദങ്ങൾ, കേസുകളിൽ വർധനവ്; കേരളത്തിലും മുംബൈയിലും ജാഗ്രതാ നിർദ്ദേശം
- Published by:Amal Surendran
- news18-malayalam
Last Updated:
രോഗ പ്രതിരോധ ശേഷിക്ക് വലിയ വെല്ലുവിളി ഉയർത്താൻ പോന്ന വകഭേദമാണ് എക്സ്ബിബി എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പുറത്ത് വിട്ട ബുള്ളറ്റിനിൽ പറയുന്നത്.
മഹാരാഷ്ട്രയിൽ കൊറോണ വൈറസ് കേസുകളിൽ കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആഴ്ച 17.7% വർധനവ് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് കൊറോണ വൈറസിൻെറ പുതിയ വകഭേദമായ എക്സ്ബിബി റിപ്പോർട്ട് ചെയ്തതായും ആരോഗ്യ വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതാദ്യമായാണ് എക്സ്ബിബി വകഭേദം റിപ്പോർട്ട് ചെയ്യുന്നത്. ശൈത്യകാലവും ഉത്സവ സീസണുമായതിനാൽ കേസുകളിൽ ഇനിയും വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. രോഗ പ്രതിരോധ ശേഷിക്ക് വലിയ വെല്ലുവിളി ഉയർത്താൻ പോന്ന വകഭേദമാണ് എക്സ്ബിബി എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പുറത്ത് വിട്ട ബുള്ളറ്റിനിൽ പറയുന്നത്.
ബിഎ2.3.20, ബിക്യു. 1 വകഭേദങ്ങളും സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. ഇതും രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിൽ തന്നെയാണ്. ഒക്ടോബർ 3 മുതൽ 9 വരെ റിപ്പോർട്ട് ചെയ്ത് കോവിഡ് 19 കേസുകളേക്കാൾ 17.17 ശതമാനം വർധനവാണ് ഒക്ടോബർ 10 മുതൽ 16 വരെയുള്ള സമയത്ത് ഉണ്ടായതെന്ന് ബുള്ളറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനസാന്ദ്രതയും ജനസംഖ്യയും കൂടിയ പ്രദേശങ്ങളായ താനെ, റായ്ഗഢ്, മുംബൈ എന്നിവിടങ്ങളിലാണ് കേസുകൾ വർധിക്കുന്നതെന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ശൈത്യകാലത്ത് കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. ഉത്സവ സീസൺ കൂടി ആയതിനാൽ കേസുകൾ കുത്തനെ ഉയരുമെന്നാണ് കരുതുന്നത്. അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോവിഡ്-19 ന്റെ പുതിയ ജനിതക വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കിയതായി കേരള സർക്കാർ തിങ്കളാഴ്ച വ്യക്തമാക്കി.
advertisement
കോവിഡ് -19 ന്റെ പുതിയ ജനിതക വകഭേദങ്ങളായ XBB, XBB1 എന്നിവ മുമ്പത്തേതിനേക്കാൾ പെട്ടെന്ന് പടർന്ന് പിടിക്കുന്നതായതിനാൽ പ്രായമായവരും രോഗബാധിതരും കൂടുതൽ ജാഗ്രത പാലിക്കണമെന്നും എല്ലാവരും സ്വയം സംരക്ഷണത്തിനായി മാസ്ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പ്രസ്താവനയിൽ പറഞ്ഞു.
പുതിയ കോവിഡ് വകഭേദം പ്രായമായവരെയും രോഗാവസ്ഥയുള്ളവരെയും സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ അവരും ആരോഗ്യ പ്രവർത്തകരും വാക്സിൻ ബൂസ്റ്റർ/മുൻകരുതൽ ഡോസ് എത്രയും പെട്ടെന്ന് തന്നെ എടുത്തിരിക്കണം. വിമാനത്താവളങ്ങളിലും അടച്ചിട്ട പൊതുസ്ഥലങ്ങളിലും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പുതിയ വകഭേദം വരുന്നവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വന്നേക്കാം. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
advertisement
ഇന്ത്യയിൽ പരിശോധിക്കപ്പെടുന്ന 10-15% സാമ്പിളുകളെങ്കിലും XBB യുടെ സാന്നിധ്യം കാണിക്കുന്നുവെന്ന് പുതിയ വകഭേദവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന വിദഗ്ദർ വ്യക്തമാക്കിയിട്ടുള്ളതായി ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. യുഎസിലും യൂറോപ്പിലും നിലവിൽ BA.5 വകഭേദവും അതിൻെറ ഉപവിഭാഗങ്ങളായ BQ.1, BQ.1.1 എന്നിവയുമാണ് കാര്യമായി റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഇന്ത്യയിൽ ഈ വകഭേദങ്ങളുടെ ലക്ഷണമൊന്നും തന്നെ ആരിലും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പുതിയ വകഭേദങ്ങൾ ഇന്ത്യയിലെത്താൻ അധികം സമയമൊന്നും വേണ്ടി വരില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.
advertisement
എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ട വകഭേദങ്ങൾ?
ബിക്യു.1, ബിക്യു.1.1: BA.5 ന്റെ ഉപവിഭാഗങ്ങളായ ഇവ രണ്ടും പെട്ടെന്ന് വ്യാപിക്കാൻ സാധ്യതയുള്ള വകഭേദങ്ങളാണ്. നിലവിൽ യൂറോപ്പിലും യുഎസിലുമാണ് കാര്യമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ ഈ വകഭേദങ്ങളുടെ കാര്യമായ സാന്നിധ്യം ഇത് വരെ കണ്ടെത്തിയിട്ടില്ല.
BA.2.75.2: ഇത് BA.2 ന് സമാനമായ വകഭേദമാണ്. BA.5 പിൻഗാമികളുമായി ഇതിനെ താരതമ്യപ്പെടുത്തുന്നുണ്ട്. ഈ വകഭേദത്തിന് ആൻറിബോഡികളെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് ചൈനീസ് ഗവേഷകർ ഈയടുത്ത് നടത്തിയിട്ടുള്ള പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ഈ വകഭേദമാണ്.
advertisement
BJ.1: വളരെ പെട്ടെന്ന് മാറ്റങ്ങൾ സംഭവിക്കുന്ന കോവിഡ് 19 വകഭേദങ്ങളിൽ ഒന്നാണിത്. ഇന്ത്യയിൽ കാര്യമായി കാണുന്ന ഈ വകഭേദം പല സംസ്ഥാനങ്ങളിലും വ്യാപിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.
XBB: ഒമിക്രോണിൻെറ BA.2.75, BJ.1 ഉപവിഭാഗങ്ങൾ രണ്ടും ചേർന്ന തരത്തിലുള്ള ഒരു കോവിഡ് 19 വകഭേദമാണിത്. ആഗസ്തിൽ സിംഗപ്പൂരിലാണ് ഇത് ആദ്യം കണ്ടെത്തിയത്. അവിടുത്തെ കോവിഡ് -19 കേസുകളുടെ ഗണ്യമായ വർദ്ധനവിന് ഒരു പ്രധാന കാരണം ഈ വകഭേദമാണ്. ഈ വകഭേദം മനുഷ്യൻെറ പ്രതിരോധ ശേഷിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതാണെന്നും പുതിയ ഒമിക്രൊൺ ബൈവാലന്റ് വാക്സിനുകൾക്ക് വെല്ലുവിളി ഉയർത്തിയേക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
advertisement
എല്ലാ പുതിയ വകഭേദങ്ങളും ഒമിക്രോണിൽ നിന്ന് രൂപാന്തരം പ്രാപിച്ചിട്ടുള്ളതാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. “കാലത്തിനനുസരിച്ച് പേരുകൾ മാത്രമേ മാറുന്നുള്ളൂ. പുതിയ സ്വഭാവവും ലക്ഷണവും എല്ലാം അനുസരിച്ച് ലോകാരോഗ്യ സംഘടനയമാണ് പുതിയ പേരുകൾ നൽകുന്നത്," INSACOG അംഗം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
എക്സ്ബിബി വലിയ പ്രതിസന്ധി സൃഷ്ടിക്കുമോ?
ആന്റിബോഡികളെ പ്രതിരോധിക്കാൻ ഏറ്റവും കഴിവുള്ള കോവിഡ് 19 വകഭേദങ്ങളിൽ ഒന്നാണിതെന്ന് വിവിധ ചൈനീസ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള ശാസ്ത്രജ്ഞർ വ്യക്തമാക്കിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയെ തകർക്കുന്ന കാര്യത്തിൽ BA.2.75.2നെ മറികടക്കാൻ എക്സ്ബിബിക്ക് സാധിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
advertisement
"ഇന്ന് വരെ കണ്ട കോവിഡ് വകഭേദങ്ങളിൽ BA.2.75.2 ആയിരുന്നു ഏറ്റവും ശക്തമായി രോഗപ്രതിരോധ ശേഷിയെ വെല്ലുവിളിച്ചിരുന്നത്. BA.5 ബൈവാലന്റ് വാക്സിൻ സംരക്ഷണത്തെ വെല്ലുവിളിക്കുമെന്ന് പ്രവചിക്കപ്പെടുന്ന XBB അത് ഇപ്പോൾ മറികടന്നിരിക്കുന്നു," സാർസ്-കോവ്-2 ഡാറ്റ വിപുലമായി വിശകലനം ചെയ്യുന്ന ശാസ്ത്രജ്ഞനായ എറിക് ടോപോൾ മുമ്പ് ട്വീറ്റ് ചെയ്തു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള വകഭേദങ്ങളിൽ ഒന്ന് BA.2.75 ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. എക്‌സ്‌ബിബി കേസുകൾ വർധിച്ചാൽ പോലും ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തന്നെയാണ് വിദഗ്ദരുടെ അഭിപ്രായം. സിംഗപ്പൂരിലും ഈ വകഭേദം റിപ്പോർട്ട് ചെയ്തതിന് ശേഷം കേസുകൾ വർധിച്ചിരുന്നു. എന്നാൽ കൂടുതൽ ആളുകൾ ആശുപത്രിയിൽ ചികിത്സ തേടുന്ന സാഹചര്യം ഉണ്ടായിട്ടില്ല. മരണനിരക്ക് കൂട്ടിയിട്ടില്ലെന്നും അവർ പറഞ്ഞു.
ഒരു ആർഎൻഎ വൈറസ് ആയതിനാൽ എക്സ്ബിബി വകഭേദം അതിവേഗം മാറ്റത്തിന് വിധേയമാകാൻ സാധ്യതയുണ്ടെന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പൾമണോളജി വിഭാഗം മുൻ മേധാവി ഡോ. ജി.സി. ഖിൽനാനി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടേണ്ട ഗുരുതരമായ സാഹചര്യം ഉണ്ടാവാൻ സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Location :
First Published :
October 18, 2022 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രാജ്യത്ത് പുതിയ കോവിഡ് വകഭേദങ്ങൾ, കേസുകളിൽ വർധനവ്; കേരളത്തിലും മുംബൈയിലും ജാഗ്രതാ നിർദ്ദേശം