ഏഴ് യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷനുകളാണ് 'വൺ ലവ്' ആം ബാൻഡ് ധരിച്ച് കളിക്കാൻ തീരുമാനിച്ചത്. എന്നാൽ ആതിഥേയ രാജ്യത്തിനെതിരെ ഇത്തരത്തിൽ ആം ബാൻഡ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് ഫിഫ ആവശ്യപ്പെട്ടു. എന്നിരുന്നാലും, ടീമുകളെ അനുനയിപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ആം ബാൻഡ് ധരിച്ചെത്തിയാൽ അച്ചടക്ക നടപടി ഉണ്ടാവുമെന്ന് ഫിഫ വ്യക്തമാക്കി. ഇതോടെ ക്യാമ്പെയിനിൽ നിന്ന് പിൻമാറുന്നതായി ടീമുകളും പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ പ്രചരണം ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് പുതിയ തീരുമാനം വന്നത്.
എന്താണ് വൺ ലവ് ക്യാമ്പെയിൻ? എന്താണ് വൺ ലവ് ആം ബാൻഡ്?
advertisement
ഡച്ച് ഫുട്‌ബോൾ അസോസിയേഷനാണ് 2020ൽ വൺ ലവ് ക്യാമ്പെയിൻ എന്ന ഒരു ആശയം ഫുട്ബോൾ ലോകത്തിന് പരിചയപ്പെടുത്തുന്നത്. എല്ലാത്തരം വിവേചനങ്ങൾക്കും എതിരെ സംസാരിക്കുകയും ഐക്യത്തിന്റെ സന്ദേശം നൽകുകയും ചെയ്യുക എന്നതായിരുന്നു പ്രചാരണത്തിൻെറ ലക്ഷ്യം. മഴവിൽ നിറങ്ങളിൽ ഹൃദയത്തിൻെറ മാതൃകയിലുള്ള ചിഹ്നമാണ് ആം ബാൻഡിൽ ഉപയോഗിക്കുന്നത്. “എല്ലാവരുടെയും പൈതൃകത്തെയും സ്വത്വത്തെയും ലൈംഗിക ആഭിമുഖ്യത്തെയും ബഹുമാനിക്കുക” എന്ന ലക്ഷ്യവും ക്യാമ്പെയിൻ മുന്നോട്ട് വെക്കുന്നുണ്ട്.
മഴവിൽ ഹൃദയത്തിന്റെ മധ്യത്തിൽ വെള്ളനിറത്തിലായി 1 എന്നെഴുതിയിട്ടുണ്ട്. ഇത് കൂടാതെ ഇരുവശങ്ങളിലും വൺ, ലവ് എന്നും എഴുതിയിട്ടുണ്ടാകും.
ആദ്യമായി എപ്പോഴാണ് വൺ ലവ് ആം ബാൻഡ് ഉപയോഗിച്ചത്?
യൂറോപ്യൻ ഫുട്ബോളിന്റെ ഭരണ സമിതിയായ യുവേഫയുടെ അനുമതിയോടെ ഡച്ച് താരം ജോർജിനിയോ വിനാൾഡം ഹംഗറിയിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വൺ ലവ് ആം ബാൻഡ് ധരിച്ച് കളിക്കാനിറങ്ങിയിരുന്നു. ആദ്യമായി ആം ബാൻഡ് ധരിച്ച് എത്തിയ സംഭവം ഇതാണ്.
Also Read-മഞ്ഞ കാർഡെടുത്ത് ഫിഫ; 'വൺ ലവ്' ആംബാൻഡ് ധരിക്കുന്നതിൽ നിന്ന് ഏഴ് യൂറോപ്യൻ ടീമുകൾ പിന്മാറി
എന്തുകൊണ്ടാണ് യൂറോപ്യൻ രാജ്യങ്ങൾ ആം ബാൻഡ് ക്യാമ്പെയിൻ നടത്തുന്നത്?
ആതിഥേയ രാഷ്ട്രമായ ഖത്തറിനെതിരെ പ്രതിഷേധിക്കാനായാണ് ഏഴ് യൂറോപ്യൻ ഫെഡറേഷനുകൾ 2022 ഫിഫ ലോകകപ്പിൽ വൺ ലവ് ആം ബാൻഡ് ധരിക്കാൻ തീരുമാനിച്ചത്. ഖത്തറിൽ സ്വവർഗ ബന്ധങ്ങൾ നിയമ വിരുദ്ധമാണ്. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ആ നിലപാടിൽ മാറ്റം വരണമെന്നുമാണ് യൂറോപ്യൻ രാജ്യങ്ങളുടെ അഭിപ്രായം. സ്വവർഗ്ഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണ നൽകാനും കൂടി വേണ്ടിയാണ് വൺ ലവ് ആം ബാൻഡ് പ്രചാരണം നടത്തുന്നത്.
മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിച്ച് നടക്കുന്ന രാജ്യമാണ് ഖത്തറെന്ന് പ്രചാരണമുണ്ട്. ലോകകപ്പിൻെറ ഭാഗമായി സ്റ്റേഡിയങ്ങൾ നിർമ്മിക്കുമ്പോൾ നിരവധി തൊഴിലാളികൾ കൊല്ലപ്പെട്ടുവെന്നും ഇവർക്ക് നീതി ലഭിച്ചില്ലെന്നും പറയപ്പെടുന്നു. സ്ത്രീകൾക്കെതിരായ നിയമങ്ങൾ, LGBTQIA+ കമ്മ്യൂണിറ്റി നേരിടുന്ന അസഹിഷ്ണുത തുടങ്ങിയ വിഷയങ്ങളാണ് യൂറോപ്യൻ രാജ്യങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നത്.
യുവേഫ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ തങ്ങളുടെ ക്യാപ്റ്റൻമാർ ആം ബാൻഡ് ധരിക്കുമെന്ന് സെപ്റ്റംബറിൽ 10 യൂറോപ്യൻ ടീമുകൾ തീരുമാനം എടുത്തിരുന്നു. ഖത്തറിൽ കളിക്കാൻ യോഗ്യത നേടിയ ടീമുകളിൽ എട്ട് ടീമുകൾ ഫിഫയോട് ഇതിന് അനുമതി തേടാനും തീരുമാനിച്ചു. എന്നാൽ ഖത്തറിനോട് ആദരവ് പ്രകടിപ്പിക്കണമെന്ന് വ്യക്തമാക്കി ഫ്രാൻസ് പിന്തുണ പിൻവലിച്ചു. ഇതോടെയാണ് ഏഴ് രാജ്യങ്ങളായി കുറഞ്ഞത്.
ഖത്തറിലെ നിയമം
സ്വവർഗരതി ഖത്തറിൽ നിയമവിരുദ്ധമാണ്. ഏഴ് വർഷം വരെ തടവ് ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റം കൂടിയാണിത്. സ്വവർഗരതിയിൽ ഏർപ്പെടുന്ന മുസ്ലീം പുരുഷന്മാർക്ക് ശരീഅത്ത് കോടതികളിൽ വധശിക്ഷ വരെ പ്രഖ്യാപിക്കാമെന്നും നിയമം പറയുന്നു. ഖത്തറിന്റെ സുരക്ഷാ സേന എൽജിബിടിക്കാരെ അനാവശ്യമായി അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വെച്ച് മോശമായി പെരുമാറുകയും ചെയ്തതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഗ്രൂപ്പ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
"ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്ന ഘട്ടത്തിൽ, സുരക്ഷാ സേന എൽജിബിടി വ്യക്തികളെ അന്യായമായി തടങ്കലിൽ വയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. സുരക്ഷാ സേനയുടെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെയും പരിശോധിക്കപ്പെടാതെയും പോകുമെന്നത് ഉറപ്പുള്ള കാര്യമാണ്,” ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ എൽജിബിടി ആക്ടിവിസ്റ്റായ റാഷ യൂനസ് പറഞ്ഞു. “ലോകം ഖത്തറിലേക്ക് ഉറ്റുനോക്കുകയാണ്. എൽജിബിടിക്കാർക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കാൻ അധികൃതർ തന്നെ മുന്നിട്ടിറങ്ങണം,” അവർ കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് ഫിഫ ആം ബാൻഡിന് അനുമതി നിഷേധിച്ചത്?
വൺ ലവ് ആം ബാൻഡുകൾ ലോകകപ്പിൽ ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു ഫിഫയുടെ നിലപാട്. നവംബർ 19 ന് യൂറോപ്യൻ ഫെഡറേഷനുകളുമായി നടത്തിയ ചർച്ചയിൽ ഫിഫ ഇത് വ്യക്തമാക്കിയിരുന്നു. ഏഴ് യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷനുകളും വൺ ലവ് ആം ബാൻഡ് ക്യാമ്പെയിനിൽ നിന്ന് പിൻമാറണമെന്ന് ഫിഫ ആവശ്യപ്പെട്ടു. പകരം ഫിഫ നിർദ്ദേശിക്കുന്ന പൊതുകാര്യങ്ങളുമായി ബന്ധപ്പെട്ട പ്രചാരണം നടത്താമെന്നും വ്യക്തമാക്കി.
“രണ്ട് ദിവസം മുമ്പാണ് ഫിഫ അവരുടെ സ്വന്തം ആം ബാൻഡ് ആശയം കൊണ്ടുവന്നത്. അത് ഞങ്ങൾക്ക് സ്വീകാര്യമായിരുന്നില്ല,” ജർമ്മൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ബെർൻഡ് ന്യൂൻഡോർഫ് പറഞ്ഞു. “പരിസ്ഥിതിയെ സംരക്ഷിക്കുക, കുട്ടികളെ സംരക്ഷിക്കുക, ഭക്ഷണം പാഴാക്കാതിരിക്കുക, വിവേചനം ഇല്ലാതാക്കുക” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് ഫിഫയുടെ ക്യാമ്പെയിനിൽ ഉണ്ടായിരുന്നത്. ഇതിൽ ‘വിവേചനം ഇല്ലാതാക്കുക’ എന്ന ക്യാമ്പെയിൻ ഏറ്റെടുക്കാൻ യൂറോപ്യൻ ടീമുകൾ തയ്യാറായിട്ടുണ്ട്. ക്വാർട്ടർ ഫൈനൽ മത്സരഘട്ടത്തിലായിരിക്കും ഈ ക്യാമ്പെയിൻ നടത്തുക.
ക്യാപ്റ്റൻമാർആം ബാൻഡ് ധരിക്കുന്നത് സംബന്ധിച്ച ഫിഫ നിയമം
ലോകകപ്പിൽ ക്യാപ്റ്റൻമാർ ആം ബാൻഡ് ധരിച്ചിരുന്നുവെങ്കിൽ അത് ഫിഫയുടെ നിയമങ്ങളുടെ ലംഘനമായി മാറുമായിരുന്നു. ലോകകപ്പ് മത്സരങ്ങളിൽ ഫിഫ നൽകുന്ന ആം ബാൻഡ് തന്നെ ക്യാപ്റ്റൻമാർ ധരിക്കണമെന്നാണ് നിയമം പറയുന്നത്. നിയമം ലംഘിച്ചിരുന്നുവെങ്കിൽ സ്വാഭാവികമായും ഫിഫ യൂറോപ്യൻ ടീമുകൾക്കെതിരെ നടപടി എടുക്കുമായിരുന്നു. ഫിഫയുടെ നടപടി വിളിച്ച് വരുത്തേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് ഇംഗ്ലണ്ടും ജർമനിയുമാണ് ആദ്യം ആം ബാൻഡ് ക്യാമ്പെയിനിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചത്. ഇംഗ്ലണ്ട്, വെയിൽസ്, ബെൽജിയം, ഡെൻമാർക്ക്, ജർമ്മനി, നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ലോകകപ്പിൽ ആം ബാൻഡ് ക്യാമ്പെയിൻ നടത്താൻ തീരുമാനിച്ചിരുന്നത്. ഇറാനെതിരെയാണ് ലോകകപ്പിൽ ഇംഗ്ലണ്ട് ആദ്യമത്സരം കളിച്ചത്. സെനഗലിനെതിരെയായിരുന്നു നെതർലൻഡ്സിന്റെ മത്സരം.