ഖത്തർ: എൽജിബിടിക്യു സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടിൽ പ്രതിഷേധിച്ച് 'വൺ ലൗ' എന്ന് രേഖപ്പെടുത്തിയ ആംബാൻഡ് ധരിച്ച് ലോകകപ്പിൽ കളിക്കാനിറങ്ങുമെന്ന് യൂറോപ്പിൽ നിന്നുള്ള ഏഴ് ടീമുകളുടെ നായകൻമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഖത്തറിൽ സ്വവര്‍ഗാനുരാഗമടക്കമുള്ളവ നിയമവിരുദ്ധമാക്കിയത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ അടക്കമുള്ളവരുടെ നീക്കം. ഇന്ന് ഇറാനെതിരെ കളിക്കാനിറങ്ങുമ്പോള്‍ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിക്കുമെന്ന് ഹാരി കെയ്ൻ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാലിപ്പോൾ, യൂറോപ്പിൽ നിന്നുള്ള ഏഴ് ടീമുകളും ആ തീരുമാനത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. ഇംഗ്ലണ്ട്, വെയ്ല്‍സ്, ബെല്‍ജിയം, ഹോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഡെന്‍മാര്‍ക് ടീമുകളുടെ നായകന്മാരാണ് തീരുമാനം മാറ്റിയത്. ഏഴ് ടീമുകളും സംയുക്ത പ്രസ്താവന നടത്തിയാണ് പിന്‍മാറ്റം പ്രഖ്യാപിച്ചത്.
ഫിഫയുടെ സമ്മർദ്ദമാണ് പിന്മാറ്റത്തിന് പിന്നിൽ. വൺ ലവ് ആംബാൻഡ് ധരിച്ചെത്തിയാൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് ഫിഫ അറിയിക്കുകയായിരുന്നു. നായകൻമാർ ആംബാൻഡ് ധരിച്ച് കളിക്കാനിറങ്ങിയാൽ മത്സരം തുടങ്ങിയ ഉടൻ തന്നെ അവർക്കെതിരെ മഞ്ഞക്കാർഡ് ഉയർത്തേണ്ടിവരുമെന്ന് ഫിഫ മുന്നറിയിപ്പ് നൽകി. അതോടെ നായകൻമാർ പിന്മാറുകയും ചെയ്തു. അതേസമയം, ഫിഫയുടെ നിലപാടിൽ കടുത്ത നിരാശയുണ്ടെന്ന് ഡച്ച് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി.
ദേശീയ ഫെഡറേഷനുകൾ എന്ന നിലയിൽ തങ്ങളുടെ കളിക്കാരെ ബുക്കിംഗ് ഉൾപ്പെടെയുള്ള കായിക ഉപരോധങ്ങൾ നേരിടുന്ന അവസ്ഥയില്‍ നിര്‍ത്താന്‍ സാധിക്കില്ല. അതുകൊണ്ട് ഫിഫ ലോകകപ്പ് മത്സരങ്ങളിൽ ആംബാൻഡ് ധരിക്കാൻ ശ്രമിക്കരുതെന്ന് ക്യാപ്റ്റന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസോസിയേഷനുകള്‍ വ്യക്തമാക്കി. കിറ്റ് ചട്ടങ്ങളുടെ ലംഘനങ്ങൾക്ക് സാധാരണയായി ചുമത്താറുള്ള പിഴ അടയ്ക്കാന്‍ തയാറാണ്. പക്ഷേ, താരങ്ങള്‍ ബുക്ക് ചെയ്യപ്പെടുകയും കളിക്കളത്തിൽ നിന്ന് പുറത്തുപോകാൻ അവരെ നിർബന്ധിതരാക്കുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് സാഹചര്യങ്ങളെത്തിക്കാന്‍ സാധിക്കില്ല. ഫിഫയുടെ തീരുമാനത്തില്‍ വളരെയധികം നിരാശയുണ്ട്.
വൺ ലവ് ആംബാൻഡ് ധരിക്കാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ട് സെപ്റ്റംബറിൽ തന്നെ ഫിഫയ്ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍, പ്രതികരണമൊന്നും ഉണ്ടായില്ലെന്നും താരങ്ങളും പരിശീലകരും വളരെ നിരാശയിലാണെന്നും അസോസിയേഷനുകള്‍ വ്യക്തമാക്കി. എൽജിബിടിക്യു സമൂഹത്തോട് ഏറ്റവും പുരോഗമനപരമായ സമീപനമുള്ള നെതർലൻഡ്സാണ് ലോകകപ്പിലെ വൺ ലവ് ക്യാംപയിന് തുടക്കമിട്ടത്. ഇത് വിവിധ യൂറോപ്യന്‍ ടീമുകള്‍ ഏറ്റെടുക്കുകയായിരുന്നു. വെളുത്ത നിറത്തിലുള്ള ക്യാപ്റ്റന്‍ ബാൻഡിൽ ബഹുവർണങ്ങളിലുള്ള ഹൃദയചിഹ്നവും അതിന്റെ ഇരുവശങ്ങളിലുമായി വൺ, ലവ് എന്നിങ്ങനെ ഹാഷ്ടാഗ് രൂപത്തിൽ എഴുതിയതുമാണ് വൺ ലവ് ആം ബാൻഡ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.