മാതാപിതാക്കൾ
നഴ്സുമാരുടെ സംഘടനയായ യുഎൻഎയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റായ റെജി ജോൺ പത്തനംതിട്ടയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെയും സിജി തങ്കച്ചൻ കൊട്ടിയത്തുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയിലെയും ജീവനക്കാരാണ്.
സംഭവസ്ഥലം
ചടയമംഗലം മണ്ഡലത്തിലെ വെളിനല്ലൂർ പഞ്ചായത്തിലെ ഓയൂരിനടുത്ത് മണ്ഡലത്തിലെ ചാത്തന്നൂർ പൂയപ്പള്ളി പഞ്ചായത്തിലെ മരുതൻപള്ളി കാറ്റാടിയിലാണ് സംഭവം. കൊട്ടാരക്കരയിലേക്ക് 18 കിലോമീറ്റർ ദൂരം.
നവംബർ 27 വൈകുന്നേരം 4.45
അമ്പലംകുന്നിലെ സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് അബിഗേൽ സാറ റെജി. സഹോദരനും നാലാം ക്ലാസ് വിദ്യാർഥിയുമായ ജോനാഥൻ റെജിയ്ക്കൊപ്പം സ്കൂളിൽനിന്ന് വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷമാണ് വീടിന് 100 മീറ്റർ അകലെ ട്യൂഷൻ വീട്ടിലേക്ക് പോകാൻ ഇറങ്ങിയത്.ഈ സമയം മാതാപിതാക്കൾ ജോലിസ്ഥലത്തായിരുന്നു. റെജിയുടെ മാതാപിതാക്കളാണ് വീട്ടിൽ ഉണ്ടായിരുന്നത്. അബിഗേലിനെ ബലമായി പിടിച്ചുവലിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയെന്നാണ് സഹോദരൻ പറയുന്നത്.
advertisement
ആ കാർ കുറച്ചു ദിവസങ്ങളായി അവിടെ ഉണ്ടായിരുന്നു
കാറിൽ മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്. അമ്മയ്ക്ക് നൽകാനായി ഒരു പേപ്പർ ജോനാഥന് നേരെ നീട്ടി. എന്നാൽ കുട്ടി അത് വാങ്ങാൻ തയ്യാറായില്ല. അതിനിടെയാണ് അബിഗേലിനെ ബലമായി പിടിച്ചു കാറിലേക്ക് കയറ്റിയത്. സംശയാസ്പദമായി കാർ കണ്ടതിനെ തുടർന്ന് ജോനാഥൻ ഒരു വടി കൈയിൽ പിടിച്ചിരുന്നു. കാറിലെ സ്ത്രീ അനുജത്തിയെ പിടിച്ചുവലിക്കുന്നത് കണ്ട് ജോനാഥൻ വടിയെടുത്ത് അടിച്ചെങ്കിലും അവനെ വലിച്ചിഴച്ചശേഷം അബിഗേലുമായി സംഘം കടന്നുകളഞ്ഞു. ഈ സമയം പ്രദേശവാസിയായ ഒരു സ്ത്രീ സ്കൂട്ടറിൽ അതുവഴി വന്നെങ്കിലും കാർ അതിവേഗം ഓടിച്ചുപോയി.
അനുജത്തിയെ തട്ടിക്കൊണ്ടുപോയ കാർ കഴിഞ്ഞ ദിവസങ്ങളിലും ഇതേ പ്രദേശത്ത് കണ്ടിരുന്നതായി ജോനാഥൻ വീട്ടുകാരോടും പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിട്ടുണ്ട്.
പോകാൻ സാധ്യതയുള്ള വഴികൾ
പൂയപ്പള്ളി-ഓയൂർ റൂട്ടിൽ മരുതമൺപള്ളി ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കോഴിക്കോട് വഴി എത്തുന്ന കാറ്റാടിയിലാണ് കുട്ടിയുടെ വീട്. സംഘം വേളമാനൂർ വഴി കടന്നുപോയതായി സിസിടിവി ദൃശ്യത്തിലുണ്ടെങ്കിലും കൊട്ടാരക്കര-പൂയപ്പള്ളി-ഓയൂർ-പകൽക്കുറി-പാരിപ്പള്ളി റൂട്ടിൽ എവിടെയാണ് ഇറങ്ങിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഈ പ്രദേശത്തെ സിസിടിവിയുള്ള കടകൾ അടഞ്ഞുകിടക്കുകയായിരുന്നു. കുട്ടിയുടെ വീടിന് മുന്നിലെ റോഡിൽനിന്ന് കൊട്ടാരക്കര-പാരിപ്പള്ളി റോഡിൽ പ്രവേശിക്കാൻ നിരവധി വഴികളുണ്ട്.
കുട്ടിയുടെ വീടിന് മുന്നിൽനിന്ന് രണ്ടു വഴികളിലൂടെ കൊട്ടാരക്കര-ഓയൂർ-പാരിപ്പള്ളി റോഡിൽ പ്രവേശിക്കാം. എന്നാൽ ഓയൂർ വഴി കടന്നുപോയതിന് ഇതുവരെ തെളിവ് ലഭിക്കാത്തതിനാൽ ഈ സാധ്യതയ്ക്ക് പൊലീസ് മുൻഗണന നൽകുന്നില്ല. കാറ്റാടിയിൽനിന്ന് ഓട്ടുമല വഴി ഓയൂർ-അമ്പലംകുന്ന് റോഡിലൂടെ വെളിനെല്ലൂർ സിഎച്ച്സിയുടെ സമീപത്ത് പാരിപ്പള്ളി റോഡിൽ പ്രവേശിച്ചിരിക്കാമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വേളമാനൂർ വഴി കാർ കടന്നുപോയതിന്‍റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ പാരിപ്പള്ളിയിൽനിന്ന് ഫോൺ സന്ദേശം വന്നതും ഈ റൂട്ടിലേക്ക് തന്നെയാണ് ഇവർ എത്തിയെന്നത് ഉറപ്പിക്കുന്നു.
കൊട്ടാരക്കരയിൽനിന്ന് ഓടനാവട്ടം, വെളിയം, പൂയപ്പള്ളി, മരുതമൺപള്ളി വഴി അബിഗേൽ സാറയുടെ വീട്ടിലേക്ക് 18 കിലോമീറ്ററും പാരിപ്പള്ളിയിലേക്ക് മരുതൺപള്ളി വഴിയും ഓട്ടുമല, വെളിനെല്ലൂർ വഴിയും ഏകദേശം 12 കിലോമീറ്ററുമാണ് ദൂരം. കൊട്ടാരക്കര-പാരിപ്പള്ളി റൂട്ടിൽനിന്ന് കൊല്ലം, ആയൂർ, ചാത്തന്നൂർ, കൊട്ടിയം, കൊട്ടാരക്കര, പള്ളിക്കൽ തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകാനാകും. കൊല്ലത്തേക്ക് പോകാൻ മൂന്നിലേറെ റോഡുകൾ ഈ റൂട്ടിലുണ്ട്. കൊട്ടാരക്കരയ്ക്കും നേരിട്ട് പോകാനാകും.
ഫോൺ സന്ദേശം
കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിച്ചതോടെ വിവിധ സ്ഥലങ്ങളിൽനിന്ന് പ്രദേശവാസികളും പൊലീസും മാധ്യമപ്രവർത്തകരും വീട്ടിലെത്തി. ഇതിനിടെ പൊലീസ് അന്വേഷണവും വാഹനപരിശോധനയും ആരംഭിച്ചിരുന്നു. വാഹനം പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. അതിനിടെ കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഒരു സ്ത്രീയുടെ കോൾ വന്നു.അഞ്ച് ലക്ഷം രൂപ നൽകിയാൽ കുട്ടിയെ വിട്ടുതരാമെന്നും കുട്ടി സുരക്ഷിതയാണെന്നും അറിയിച്ചു. ഇതിന് തൊട്ടുപിന്നാലെ മറ്റൊരു ഫോൺ കോൾ കൂടി വന്നു. ഈ സമയം റെജിയുടെ ബന്ധുവാണ് സംസാരിച്ചത്.
രണ്ടാമത് ലഭിച്ച ഫോൺ കോളിന്‍റെ വിശദാംശം
ഫോൺ വിളിച്ച സ്ത്രീ: കുട്ടി സുരക്ഷിതയാണ്. കുട്ടി സുരക്ഷിതമായി ഞങ്ങളുടെ കൈയിലുണ്ട്.
കുട്ടിയുടെ ബന്ധു: നിങ്ങളിപ്പോൾ എവിടെയാണ്
സ്ത്രീ: നിങ്ങൾ 10 ലക്ഷം രൂപ അറേഞ്ച് ചെയ്യണം
ബന്ധു: ഓകെ ഓകെ.... നിങ്ങൾ ഇപ്പോൾ എവിടെയാണ്.... സ്ഥലം പറഞ്ഞാൽ മതി
സ്ത്രീ: നിങ്ങൾ അറേഞ്ച് ചെയ്താല്‍ മതി. നാളെ പത്തു മണിക്ക് കുട്ടിയെ വിട്ടുതരാം.
ബന്ധു: തരാം തരാം
സ്ത്രീ: പൊലീസിൽ അറിയിക്കാൻ ഒന്നും നില്‍ക്കരുത്
ബന്ധു: നിങ്ങൾ പറയുന്നിടത്തു പൈസ തരാം. കുട്ടിയെ ഒന്നും ചെയ്യരുത്.
സ്ത്രീ: നാളെ പത്തു മണിക്ക് നിങ്ങളുടെ വീട്ടിൽ കൊണ്ടുവരാം
ബന്ധു: ഓയൂര് കൊണ്ടുവരുമോ ?
സ്ത്രീ: അതെ, കൊണ്ടുവരും. ഈ ഫോണിൽ ഇങ്ങോട്ടു വിളിക്കരുത്. ഈ ഫോൺ ഞങ്ങളുടേതല്ല.
ബന്ധു: നിങ്ങളുടേതല്ല....? ഇപ്പോൾ പൈസ അറേഞ്ചു ചെയ്താൽ കുട്ടിയെ ഇപ്പോൾ തിരിച്ചുതരുമോ ? പൈസ ഞങ്ങൾക്കു വിഷയമല്ല. കുട്ടിയെ ഉപദ്രവിക്കരുത്.
സ്ത്രീ: ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് രാവിലെ 10 നു കൊടുക്കണം എന്നാണ്. (തുടർന്നു കോൾ കട്ടായി.)
പലചരക്ക് കടക്കാരിയുടെ ഫോണിലെ വിളി
കൊട്ടാരക്കര-പാരിപ്പള്ളി റൂട്ടിൽ വേളമാനൂർ കഴിഞ്ഞ് കുളനടയ്ക്ക് സമീപമാണ് കിഴക്കനേല എന്ന സ്ഥലം. കിഴക്കനേലയിൽനിന്ന് രണ്ടര കിലോമീറ്ററോളം ദൂരമാണ് പാരിപ്പള്ളിയിലേക്ക്. അവിടെ പലചരക്ക് കട നടത്തുന്ന ഗിരിജ എന്ന സ്ത്രീയുടെ ഫോണിൽ നിന്നായിരുന്നു കോൾ. ഓട്ടോയിൽ കടയിൽ എത്തിയ സംഘം എന്തൊക്കെ സാധനങ്ങളാണ് വാങ്ങേണ്ടതെന്ന് ചോദിക്കാൻ മറന്നെന്നും വീട്ടിൽ വിളിക്കാൻ ഫോൺ വേണമെന്നും ആവശ്യപ്പെട്ടു. ഒരു സ്ത്രീ ഫോൺ വാങ്ങിച്ച് മാറിനിന്ന് ഫോണിൽ സംസാരിക്കുമ്പോൾ, സംഘത്തിലുണ്ടായിരുന്ന പുരുഷൻ ബിസ്ക്കറ്റും, റസ്ക്കും വെള്ളവും തേങ്ങയും വാങ്ങിയിരുന്നു. ഈ സമയം ഓട്ടോ ഡ്രൈവർ മുഖം കമിഴ്ത്തി ഡ്രൈവിങ് സീറ്റിൽ തന്നെ ഇരിക്കുകയായിരുന്നുവെന്ന് കടയുടെ സമീപത്തുണ്ടായിരുന്ന സതീശൻ എന്നയാൾ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞു.
വഴി തിരിയുമ്പോൾ
കടയിൽ നിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ കുളനട ജങ്ഷൻ.ഈ ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞാൽ പാരിപ്പള്ളിയിലേക്കുംഇടത്തേക്ക് തിരിഞ്ഞാൽ പള്ളിക്കൽ വഴി നിലമേൽ, ചടയമംഗലം കാരേറ്റ്, കിളിമാനൂർ എന്നിവിടങ്ങളിലേക്ക് പോകാനാകും.
Also Read- കൊട്ടാരക്കരയിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി
കാട്ടുതീ പോലെ വാർത്ത ഒഴുകി എത്തിയ പ്രമുഖർ
കൊല്ലം ജില്ലയിലെ ജനപ്രതിനിധികളും മറ്റ് പ്രമുഖരും ഉടൻ കുട്ടിയുടെ വീട്ടിലെത്തി. ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാൽ, പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ കൊല്ലം എം.പി എൻ കെ പ്രേമചന്ദ്രനും കുട്ടിയുടെ വീട് സന്ദർശിച്ചു. ചടയമംഗലം എംഎൽഎയും മന്ത്രിയുമായ ചിഞ്ചുറാണി വീട്ടുകാരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടു. കൊട്ടാരക്കര എംഎൽഎ ധനമന്ത്രി കെ എൻ ബാലഗോപാലും വീട്ടുകാരെ വിളിക്കുകയും പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം കുട്ടിയുടെ വീടും സംഭവസ്ഥലവും സന്ദർശിച്ചു. തുടർന്ന് അവരുടെ നേതൃത്വത്തിൽ കൊട്ടാരക്കര റൂറൽ എസ്.പി പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. എഡിജിപി എം.ആർ അജിത് കുമാറിന്‍റെ മേൽനോട്ടത്തിൽ കൊട്ടാരക്കര ഡിവൈഎസ്.പിയുടെയും ശാസ്താംകോട്ട ഡിവൈ.എസ്.പിയുടെയും നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്.
രേഖാചിത്രം
രാത്രിയോടെ പ്രതിയെന്ന് സംശിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയിലെത്തി, കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച സംഘത്തിലുണ്ടായിരുന്ന ആളുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്.
2023 നവംബർ 28 രാവിലെ ഏഴ് മണി
തിരുവനന്തപുരത്ത് നിന്ന് മൂന്നുപേർ കസ്റ്റഡിയിലെന്ന് വാർത്തകൾ വരുന്നു. ശ്രീകന്ടെശ്വരത്തെ കാർ വാഷിങ് സെന്‍ററിൽനിന്ന് രണ്ടുപേരും ശ്രീകാര്യത്ത് നിന്ന് ഒരാളുമാണ് കസ്റ്റഡിയിലായത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. കാർ വാഷിങ് സെന്‍ററിലെ ഓഫീസിൽനിന്ന് ഷോൾഡർ ബാഗിൽ സൂക്ഷിച്ച ഒമ്പതരലക്ഷം രൂപ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത ശേഷം പിന്നീട് വിട്ടയച്ചു
തിരുവനന്തപുരം വർക്കല, കൊല്ലം അരിപ്പ വന മേഖല എന്നിവിടങ്ങളിൽ പൊലീസ് വ്യാപക പരിശോധന നടത്തി.
നവംബർ 28 ഉച്ചതിരിഞ്ഞ് 1.30
21 മണിക്കൂറിന് ശേഷം കൊല്ലം നഗരമധ്യത്തിലുള്ള ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ മരുതംപള്ളി കാറ്റാടിയിൽ നിന്ന് 23 കിലോമീറ്ററോളം അകലെയാണ് ആശ്രാമം മൈതാനം.
മുഖ്യമന്ത്രിക്കും പോലീസിനും അഭിനന്ദനം
തുടർന്ന് മുഖ്യമന്ത്രിയെയും കേരള പൊലീസിനെയും അഭിനന്ദിച്ച് മന്ത്രിമാർ രംഗത്തെത്തി. ''മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരളാപോലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും സല്യൂട്ട്.,' മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.