യെതി എയര്‍ലൈന്‍സിന്റെ 9N-ANC ATR-72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 10:33 നാണ് വിമാനം പുറപ്പെട്ടതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് നേപ്പാള്‍ (CAAN) അറിയിച്ചു. പൊഖാറ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് വിമാനം തകര്‍ന്നുവീണത്.
10 വിദേശികളും നാല് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ ആകെ 68 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് റിപ്പബ്ലിക്ക പത്രം റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 15 വിദേശ പൗരന്മാരില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരായിരുന്നു. നാല് റഷ്യക്കാര്‍, രണ്ട് കൊറിയക്കാര്‍, ഒരു ഓസ്ട്രേലിയ സ്വദേശി, ഒരു ഐറിഷ് സ്വദേശി, ഒരു അര്‍ജന്റീനിയന്‍, ഒരു ഫ്രാൻസ് സ്വദേശി എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മറ്റ് വിദേശികള്‍.
advertisement
ലാന്‍ഡിംഗിന് 10 സെക്കന്‍ഡ് മുമ്പാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തിന് മുമ്പ് കോക്ക്പിറ്റില്‍ നിന്ന് അലേര്‍ട്ട് കോളുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് എയര്‍ലൈന്‍ വക്താവ് സുദര്‍ശന്‍ ബര്‍തൗള പറഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
കാലാവസ്ഥയിലെ മാറ്റമല്ലെന്നും സാങ്കേതിക കാരണങ്ങള്‍ മൂലമാകാം വിമാനം തകര്‍ന്നതെന്നുമാണ് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നതെന്നും നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഗ്യാനേന്ദ്ര ഭൂല്‍ പറഞ്ഞു. വിമാനം പറക്കുന്നതിനിടെ തീ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഗ്യാനേന്ദ്ര ഭുല്‍ പറഞ്ഞു.
Also read-നേപ്പാൾ വിമാനാപകടം; 45 പേർ മരിച്ചതായി വിവരം, വിമാനത്തിൽ 10 വിദേശ പൗരന്മാർ
ഇരട്ട എഞ്ചിനുള്ള യെതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.വിമാനത്തില്‍ 15 വര്‍ഷം പഴക്കമുള്ള ട്രാന്‍സ്പോണ്ടറായിരുന്നു ഉണ്ടായിരുന്നത്. എയര്‍ബസിന്റെയും ഇറ്റലിയുടെ ലിയോനാര്‍ഡോയുടെയും സംയുക്ത സംരംഭത്തില്‍ നിര്‍മ്മിച്ച എടിആര്‍ 72, വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇരട്ട എഞ്ചിനുള്ള ടര്‍ബോപ്രോപ്പ് വിമാനമാണ്. യെതി എയര്‍ലൈന്‍സിന് ഇത്തരത്തില്‍ ആറ് വിമാനങ്ങളുണ്ട്. യെതി എയര്‍ലൈന്‍സിന്റെ 9N-ANC ATR-72 എന്ന വിമാനത്തിന്റെ ഞായറാഴ്ചത്തെ മൂന്നാമത്തെ യാത്രക്കിടെയാണ് അപകടം ഉണ്ടായത്.
കാഠ്മണ്ഡുവില്‍ നിന്ന് രാവിലെ 10.33ന് പറന്നുയര്‍ന്ന വിമാനം രാവിലെ 11 മണിയോടെ പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്. യെതി എയര്‍ലൈന്‍സ് വിമാനാപകടത്തെത്തുടര്‍ന്ന് പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിരുന്നു.
അപകടം വിവരം അറിഞ്ഞ ഉടന്‍ തന്നെ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ അടിയന്തര യോഗം ചേരുകയും കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അതേസമയം, വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ അഞ്ചംഗ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.