കര്‍ണാട നിയമസഭയിലെ പ്രതിഷേധച്ചൂടിലും റോഡരികിലെ സമരപരിപാടികളിലായാലും തന്റെ വ്യത്യസ്തമായ രീതികളിലൂടെ അദ്ദേഹം സ്ഥിരമായി ജനശ്രദ്ധ പിടിച്ചു പറ്റാറുണ്ട്, ചിലപ്പോള്‍ ബെംഗളൂരു നഗരത്തെ തന്നെ അദ്ദേഹം നിശ്ചലമാക്കാറുണ്ട്. നിയമസഭയില്‍ കരിങ്കൊടി കാണിക്കുക, കാളവണ്ടിയിലും കഴുതപ്പുറത്തും നടത്തുന്ന പരേഡുകള്‍ തുടങ്ങി കര്‍ണാടകയുടെയും കന്നഡികരുടെയും അഭിമാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത് ഇദ്ദേഹത്തിന്റെ ശൈലിയാണ്.
സെപ്റ്റംബര്‍ 29-ന് നടക്കുന്ന കര്‍ണാടക ബന്ദിലും വദല്‍ നാഗരാജ് പങ്കാളിയാകും. കന്നട ചലാവലി വദല്‍ പക്ഷ (കെസിവിപി) എന്ന തന്റെ പാര്‍ട്ടിയുടെ പ്രതിനിധിയായി കന്നഡ അനുകൂല സംഘടനകള്‍ക്കൊപ്പം വദല്‍ നാഗരാജും പങ്കെടുക്കും. കര്‍ണാടക കടുത്ത വരള്‍ച്ചയും മഴക്കെടുതിയും നേരിടുന്ന സമയത്ത് തമിഴ്‌നാടിന് കാവേരി നദീജലം നല്‍കുന്നതിനെതിരെയാണ് സെപ്റ്റംബര്‍ 29-ന് സമരം സംഘടിപ്പിച്ചിരിക്കുന്നത്.
advertisement
Also Read- അണ്ണാ ഡിഎംകെ എൻഡിഎ സഖ്യം വിട്ടത് എന്തുകൊണ്ട്? തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചടിയാകുമോ?
”ഇത് നിലനില്‍പ്പിന്റെ പ്രശ്‌നമായതിനാല്‍, തങ്ങളുടെ വിയർപ്പിന് വില കല്‍പ്പിക്കുന്ന ഓരോ കന്നഡക്കാരനും സമരത്തില്‍ പങ്കെടുക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,” വദല്‍ നാഗരാജ് ന്യൂസ് 18-നോട് പറഞ്ഞു. ”നമ്മുടെയാളുകള്‍, പ്രത്യേകിച്ച് ഇവിടുത്തെ കര്‍ഷകര്‍ വെള്ളത്തിന് വേണ്ടി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ നമുക്കെങ്ങനെയാണ് തമിഴ്‌നാടിന് വെള്ളം നല്‍കാന്‍ കഴിയുക. ഇനിയും നമ്മൾ വെള്ളം കൊടുത്താൽ നമ്മുടെ ഡാമുകളെല്ലാം വറ്റി വരണ്ടുപോകും. കൃഷ്ണ രാജ സാഗര്‍ ഡാം മൈതാനം പോലെയാകും,” അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 15 വരെ തമിഴ്‌നാടിന് 3000 ക്യുസെക് വെള്ളം വിട്ടുനല്‍കാനുള്ള കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റിയുടെ തീരുമാനം കര്‍ണാടകയെ അറിയിച്ചതിന് പിന്നാലെ നാഗരാജ് പറഞ്ഞു.
വ്യത്യസ്തമായ പ്രതിഷേധങ്ങളിലൂടെ കര്‍ണാടകയില്‍ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് നാഗരാജ്. കാവേരി പ്രശ്‌നത്തില്‍ നാഗരാജിന്റെ നേതൃത്വത്തില്‍ ഓരോ തവണയും പ്രതിഷേധം നടത്തുമ്പോള്‍ കന്നഡികരുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
”കര്‍ണാടകയിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് എന്റെ പോരാട്ടം. കന്നഡയെ സംരക്ഷിക്കാനും എല്ലാ കന്നഡികരുടെയും ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടാനും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. നമ്മുടെ സംസ്‌കാരത്തിലും ഭാഷയിലും ആളുകള്‍ അഭിമാനിക്കുന്ന രീതിയില്‍ ഇക്കാലയളവില്‍ ശ്രദ്ധേയമായ മാറ്റം ഞാന്‍ കണ്ടു. നമുക്ക് ഒന്നിച്ചുനിന്ന് പോരാടാം,”നാഗരാജ് പറഞ്ഞു.
Also Read- Five Eyes | എന്താണ് ഫൈവ് ഐസ്? കാനഡയ്ക്ക് നിർണായക വിവരങ്ങൾ കൈമാറിയത് ‘ഫൈവ് ഐസ്’ എന്ന് യുഎസ് പ്രതിനിധി
മൈസൂര്‍ ജില്ലയിലെ വദലയില്‍ ജനിച്ച നാഗരാജിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് 1964-ല്‍ ആണ്. ആറ് തവണ ചാമരാജനഗറില്‍ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009-ല്‍ തന്റെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് നാഗരാജ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
1996-ല്‍ ബെംഗളൂരുവില്‍ വെച്ചുനടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിനെതിരേ നാഗരാജ് സമരം ചെയ്തിരുന്നു. രാമയണത്തിലും മഹാഭാരതത്തിലും വിവരിക്കുന്ന അഞ്ച് രാക്ഷസിമാരുടെ വേഷം അണിഞ്ഞാണ് അദ്ദേഹം സമരം നടത്തിയത്. താന്‍ സൗന്ദര്യത്തിന് എതിരല്ലെന്നും എന്നാല്‍ അതിന് പ്രത്യേക മൂല്യമോ ഗ്രേഡോ നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുന്നതായും നാഗരാജ് വാദിച്ചു. ഈ മത്സരത്തിലാണ് ഐശ്വര്യ റായ് മിസ് യൂണിവേഴ്‌സ് കിരീടം അണിഞ്ഞത്.
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും നാഗരാജിന്റെ പ്രതിഷേധച്ചൂട് അറിഞ്ഞിട്ടുണ്ട്. കന്നട ഇതര സിനിമകള്‍ റിലീസ് ചെയ്യുന്നതിനെതിരായിട്ടായിരുന്നു നാഗരാജിന്റെ സമരം. 2016-ല്‍ അദ്ദേഹത്തിന്റെ കബാലി എന്ന സിനിമ റിലീസ് ചെയ്ത സമയത്ത് കന്നഡ ഇതര സിനിമയ്ക്ക് അനാവശ്യമായ ശ്രദ്ധ നല്‍കിയെന്ന് ആരോപിച്ച് നാഗരാജും അനുയായികളും കോലം കത്തിച്ചിരുന്നു. ഒരിയ്ക്കൽ ഇദ്ദേഹം കഴുതകള്‍, നായകള്‍, പോത്ത്, പശു എന്നിവയുള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളെ സംസ്ഥാനത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ രാജ്യോത്സവ പുരസ്‌കാരം എന്ന പേരിൽ അംഗീകാരം നല്‍കി ആദരിക്കുകയുണ്ടായി.
”രാഷ്ട്രീയക്കാരെക്കാളും ആളുകളേക്കാളും ഏറ്റവും വിശ്വസ്തർ മൃഗങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരെ ഒപ്പം ചേർത്ത് പ്രതിഷേധിക്കുന്നതിന് കൂടുതല്‍ അര്‍ത്ഥം ഉള്ളതായി തോന്നുന്നുവെന്നും, ”നാഗരാജ് പറഞ്ഞു.
ഇപ്പോഴത്തെ കാവേരി നദീജല വിഷയത്തില്‍ കര്‍ണാട മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണാന്‍ താന്‍ ശ്രമിക്കുകയാണെന്നും തമിഴ്‌നാടിന് ഒരു തുള്ളിവെള്ളം പോലും കൊടുക്കരുതെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.