എഐഎഡിഎംകെ – ബിജെപി ഭിന്നത
“ബിജെപിയുടെ സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരു വർഷമായി ഞങ്ങളുടെ മുൻ നേതാക്കളെയും ജനറൽ സെക്രട്ടറിയെയും (ഇ കെ പളനിസ്വാമി) ഞങ്ങളുടെ പ്രവർത്തകരെയും കുറിച്ച് തുടർച്ചയായി അനാവശ്യ പരാമർശങ്ങൾ നടത്തുകയാണ്“, എന്നും എഐഎഡിഎംകെ നേതാക്കൾ ആരോപിച്ചു.
ദ്രാവിഡ നേതാവ് സിഎൻ അണ്ണാദുരൈയെ വിമർശിച്ച് ബിജെപി സംസ്ഥാന ഘടകം അധ്യക്ഷൻ കെ അണ്ണാമലൈ നടത്തിയ പരാമർശത്തെ തുടർന്നായിരുന്നു പുതിയ നീക്കം. 1956ൽ മധുരയിൽ നടന്ന ഒരു പരിപാടിയിൽ അണ്ണാദുരൈ ഹിന്ദുമതത്തെ അവഹേളിച്ചുവെന്നായിരുന്നു അണ്ണാമലൈയുടെ ആരോപണം. തന്റെ പരാമർശത്തിന് ശേഷം അണ്ണാദുരൈക്ക് മധുരയിൽ ഒളിക്കേണ്ടിവന്നുവെന്നും ക്ഷമാപണം നടത്തിയതിന് ശേഷം മാത്രമേ പുറത്തിറങ്ങാൻ സാധിച്ചിട്ടുള്ളുവെന്നും അണ്ണാമലൈ പറഞ്ഞു. ആരോപണം വിവാദമായെങ്കിലും മാപ്പ് പറയാൻ അണ്ണാമലൈ തയ്യാറായില്ല. താൻ അണ്ണാദുരൈയെക്കുറിച്ച് മോശമായി ഒന്നും തന്നെ സംസാരിച്ചിട്ടില്ലെന്നും 1956ലെ ഒരു സംഭവം വിവരിക്കുക മാത്രമാണ് ചെയ്തത് എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. വിഷയത്തിൽ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയെ ബിജെപി ശക്തമായി പിന്തുണയ്ക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.
advertisement
കോയമ്പത്തൂരിൽ നടക്കുന്ന ഒരു കാൽനടയാത്രയിൽ പങ്കെടുക്കുകയാണ് അണ്ണാമലൈ ഇപ്പോൾ. താൻ തെറ്റായി ഒന്നും തന്നെ സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികൾക്കിടയിൽ പ്രശ്‌നമില്ലെന്ന് ഉറപ്പിച്ച് സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു.
ഇരുപാർട്ടികൾക്കുമിടയിലുള്ള അഭിപ്രായ ഭിന്നതകൾക്കിടെ, എഐഎഡിഎംകെ നേതാക്കൾ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അണ്ണാമലൈ ഒന്നുകിൽ മാപ്പ് പറയണമെന്നും അല്ലെങ്കിൽ പകരം മറ്റൊരു നേതാവിനെ നിയമിക്കണമെന്നും ആയിരുന്നു എഐഎഡിഎംകെ മുന്നോട്ടുവെച്ച ആവശ്യം. ഈ രണ്ട് ആവശ്യങ്ങളും പാലിക്കപ്പെടാത്തതിനാൽ സഖ്യം വിടാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
”ഞങ്ങളുടെ ദേശീയ നേതൃത്വം ഇതേക്കുറിച്ച് പ്രതികരിക്കും. ഞങ്ങൾ ഉടൻ ഈ വിഷയം ചർച്ച ചെയ്യും”, എന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങളോട് അണ്ണാമലൈ പ്രതികരിച്ചത്.
തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം തീരുമാനിക്കുമെന്ന് ഡി ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞതിനെ തുടർന്ന് കഴിഞ്ഞയാഴ്ച തന്നെ സഖ്യം പിരിയുന്നതിന്റെ വക്കിലെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനാകാൻ അണ്ണാമലൈ യോഗ്യനല്ല എന്നും മരിച്ചപോയ നേതാക്കളെക്കുറിച്ച് അദ്ദേഹം മോശമായി സംസാരിക്കുന്നത് സ്വയം ഉയർത്തിക്കാട്ടാനാണ് എന്നും എഐഎഡിഎംകെ നേതാക്കൾ വിമർശിച്ചു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഇരു പാർട്ടികൾക്കും ഇടയിൽ ദീർഘകാലമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളുടെയും അണ്ണാമലൈയും മറ്റ് നേതാക്കളും തമ്മിലുള്ള വാക്പോരിന്റെയും തുടർച്ചയായാണ് പുതിയ തീരുമാനമെത്തിയത്. സഖ്യം പിളര്‍ന്നതോടെ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയും എഐഎഡിഎംകെയും തമ്മില്‍ നേർക്കു നേർ ആയിരിക്കും പോരാട്ടം.
ഭിന്നതയുടെ പ്രധാന കാരണങ്ങൾ
അണ്ണാമലൈ സഖ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് എഐഎഡിഎംകെ ആരോപിക്കുന്നു. മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമാരേക്കാൾ പ്രതിഛായ കുറവാണ് അണ്ണാമലൈയ്ക്കെന്നും അദ്ദേഹത്തിന് പക്വതയും കുറവാണെന്നും മുതിർന്ന നേതാക്കൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിൽ എഐഎഡിഎംകെയാണ് എൻഡിഎ സഖ്യത്തെ നയിക്കുന്നതെന്ന കാര്യവും പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അണ്ണാമലൈയുടെ അടുത്ത സഹായിയും ബിജെപിയുടെ ഐടി വിഭാഗത്തിന്റെ തലവനുമായ നിർമൽ കുമാർ ഈ വർഷം മാർച്ചിൽ എഐഎഡിഎംകെയിൽ ചേർന്നതോടെ സഖ്യത്തിനകത്തെ പ്രശ്നങ്ങൾ കൂടുതൽ വഷളായി. അതിനുശേഷം ചില ബിജെപി അം സലഗങ്ങളും പാർട്ടി വിട്ടിരുന്നു. ഇതിനെല്ലാം പുറമേ, ബിജെപിയുടെ ഹിന്ദുത്വ അജണ്ടയോട് എഐഎഡിഎംകെ അനുകൂല സമീപനം സ്വീകരിച്ചിട്ടുമില്ല. സുപ്രധാന വിഷയങ്ങളിൽ, തമിഴ്‌നാട്ടിലെ പൊതുസമൂഹത്തിന്റെയും എഐഎഡിഎംകെയുടെയും കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ ബി.ജെ.പി നിലപാടുകൾ സ്വീകരിച്ചിട്ടുമുണ്ട്. ബിജെപിയുമായുള്ള സഖ്യം സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങളുമായുള്ള പാർട്ടിയുടെ ബന്ധത്തെ ബാധിച്ചതായും എഐഡിഎംകെ കരുതുന്നു.
AIADMK | അണ്ണാ ഡിഎംകെ എന്‍ഡിഎ വിട്ടു; ബിജെപിയുമായി ഇനി ഒരിക്കലും സഖ്യത്തിനില്ലെന്ന് നേതാക്കള്‍
ബിജെപിയും അണ്ണാമലൈയും കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളെ തന്നെ സ്വയം ആക്രമണാത്മക സ്വഭാവമുള്ള പ്രതിപക്ഷ പാർട്ടിയായി ചിത്രീകരിക്കാൻ ശ്രമങ്ങൾ നടത്തിയതായും എഐഎഡിഎംകെ ആരോപിക്കുന്നു. നിരവധി സുപ്രധാന വിഷയങ്ങളിൽ എഐഎഡിഎംകെയേക്കാൾ ഡിഎംകെയെ വിമർശിച്ച് രംഗത്തു വന്നതും ബിജെപിയാണ്. സനാതനധര്‍മ വിവാദത്തില്‍ ഡിഎംകെ ബിജെപിക്കെതിരേ ആഞ്ഞടിച്ചിരുന്നു. എന്നാൽ അപ്പോഴും, അണ്ണാ ഡിഎംകെ ബിജെപിയെ പിന്തുണച്ചില്ലെന്ന ആരോപണവും ഉയർന്നു വന്നിരുന്നു. തമിഴ്‌നാട്ടിലെ ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനാണ് അണ്ണാ ഡിഎംകെയുടെ പുതിയ നീക്കമെന്നും ബിജെപി വൃത്തങ്ങള്‍ പറയന്നു.
വാക്പോര് രൂക്ഷം
തമിഴ്‌നാട്ടിൽ ചില രാഷ്ട്രീയ വിഷയങ്ങൾ ഉണ്ടാകുമ്പോൾ, കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായുള്ള സഖ്യം എഐഎഡിഎംകെക്ക് പലപ്പോഴും ഒരു തടസമായി നിൽക്കാറുണ്ടായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഇ പളനിസ്വാമിയെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഉയർത്തിക്കാട്ടണമെന്ന എഐഎഡിഎംകെയുടെ ആവശ്യത്തെ പിന്തുണയ്ക്കാനും അണ്ണാമലൈ നേരത്തെ വിസമ്മതിച്ചിരുന്നു. ഇത്തരമൊരു പ്രഖ്യാപനം നടത്താൻ തനിക്ക് അധികാരമില്ലെന്നും ദേശീയ നേതൃത്വത്തിന് മാത്രമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇക്കഴിഞ്ഞ ജൂലൈയിൽ, ഡിഎംകെയ്‌ക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് അണ്ണാമലൈ രംഗത്തെത്തിയിരുന്നു. ‘ഡിഎംകെ ഫയൽസ്’ എന്ന പേരിലായിരുന്നു അണ്ണാമലൈ ഡിഎംകെ നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരായ അണ്ണാമലൈയുടെ ആരോപണത്തിന് പിന്നാലെ തമിഴ്നാട്ടിൽ ഡിഎംകെ നേതാക്കളുടെ വീടുകളിലും ജി സ്ക്വയർ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. എഐഎഡിഎംകെ ഉൾപ്പെടെ തമിഴ്‌നാട്ടിലെ എല്ലാ പാർട്ടികളുടെയും അഴിമതി തുറന്നുകാട്ടുമെന്ന താക്കീതും അണ്ണാമലൈ നൽകിയിരുന്നു. അന്തരിച്ച എഐഎഡിഎംകെ നേതാവ് ജെ ജയലളിതയുടെ പേരും ഇതോടൊപ്പം ഉയർത്തിക്കാട്ടി. സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിക്ക് അഴിമതിയിൽ പങ്കുണ്ടെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു. എഐഎഡിഎംകെ നേതാക്കൾ ഇത് അപമാനമായി കണക്കാക്കുകയും രാഷ്ട്രീയ പക്വതയും അനുഭവപരിചയവും ഇല്ലാത്തയാളാണ് അണ്ണാമലൈയെന്ന് ആരോപിക്കുകയും ചെയ്തു. അണ്ണാമലൈ അപലപിച്ച് പാർട്ടി പ്രമേയവും പാസാക്കി. സിഎൻ അണ്ണാദുരൈയെക്കുറിച്ച് അണ്ണാമലൈയുടെ അടുത്തിടെ നടത്തിയ പരാമർശങ്ങൾ നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് മൂർച്ച കൂട്ടി.
എഐഎഡിഎംകെ സഖ്യം വിട്ടത് ബിജെപിക്ക് തിരിച്ചടിയാകുമോ?
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, ബിജെപിക്ക് ഇതുവരെ ഒട്ടും വേരുറപ്പിക്കാൻ കഴിയാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് തമിഴ്നാട്. എഐഎഡിഎംകെയുടെ ശക്തിയെക്കുറിച്ച് പാർട്ടിക്ക് നന്നായി അറിയുകയും ചെയ്യാം. അതിനാൽ തന്നെ ഈ നീക്കം ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. 2024-ൽ ഒരുമിച്ച് ലോക്‌സഭയിലേക്ക് മത്സരിക്കാനായിരുന്നു തങ്ങളുടെ പദ്ധതിയെന്ന് ബിജെപി നേതാക്കൾ പറയുന്നു.
2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇനി സ്വതന്ത്രമായി മത്സരിക്കാനാണ് ബിജെപി തീരുമാനം.
”സംസ്ഥാനത്തെ വലിയ പാർട്ടിയാണ് എഐഎഡിഎംകെ. ഇപിഎസ് പാർട്ടിയുടെ ഏറ്റവും ശക്തനായ നേതാവാണ്. പുതിയ നീക്കങ്ങൾ ഡിഎംകെയ്ക്ക് അനുകൂലമാകും. കേന്ദ്രനേതൃത്വം എന്ത് തീരുമാനിക്കുമെന്ന് കണ്ടറിയണം”, സംസ്ഥാനത്തെ ഒരു മുതിർന്ന ബിജെപി നേതാവ് ഔട്ട്‌ലെറ്റിനോട് പറഞ്ഞു.