നവംബര്‍ 19 മുതല്‍ എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ തടസ്സപ്പെടുത്തുമെന്നും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പന്നൂനിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്ത് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ആരോപണങ്ങള്‍ പുറത്തു വരുന്നത്.
ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച പന്നൂന്‍ ഖലിസ്ഥാനി വിഘടനവാദി സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ നേതാവാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍വെച്ച് ഇക്കഴിഞ്ഞ ജൂണില്‍ മറ്റൊരു ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പന്നൂനെ കൊലപ്പെടുത്താനുള്ള ശ്രമം തടഞ്ഞുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ പുറത്തു വരുന്നത്. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം നയതന്ത്രതലത്തില്‍ പ്രതിസന്ധികള്‍ക്കിടയാക്കിയിരുന്നു.
advertisement
സംഘടിത കുറ്റവാളികള്‍, തോക്ക് ഉപയോഗിക്കുന്നവര്‍, ഭീകവാദികള്‍ എന്നിവര്‍ തമ്മിലുള്ള ബന്ധം സംബന്ധിച്ച് യുഎസ് നല്‍കിയ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചു. ഇത്തരം വിവരങ്ങള്‍ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. കാരണം, അവ നമ്മുടെ ദേശീയ സുരക്ഷാ താത്പര്യങ്ങളെയും ബാധിക്കുന്നു. യുഎസ് നല്‍കിയ വിവരങ്ങളുടെ പശ്ചാത്തലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ചു വരികയാണ്, വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ആരാണ് ഗുര്‍പത് വന്ത്‌സിങ് പന്നൂന്‍?
യുഎസ്, കാനഡ എന്നീ രാജ്യങ്ങളുടെ ഇരട്ട പൗരത്വമുള്ള സിഖ് വംശജനാണ് ഗുര്‍പത് വന്ത്‌സിങ് പന്നൂന്‍. സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ ജനറല്‍ കൗണ്‍സില്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു. അമൃത്സറിന്റെ പ്രാന്ത പ്രദേശമായ ഖാന്‍കോട്ട് ഗ്രാമത്തിലാണ് പന്നൂനിന്റെ ജനനം. പഞ്ചാബ് സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ബോര്‍ഡ് മുന്‍ ജീവനക്കാരനായ മഹീന്ദര്‍ സിംഗിന്റെ മകനാണ് പന്നൂന്‍.
1990-ല്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഇയാൾ 2007ല്‍ ആരംഭിച്ച സിഖ് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപകനേതാവു കൂടിയാണെന്ന് പറയപ്പെടുന്നു. ബിസിനസ് അഡ്മിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. 1997 മുതല്‍ 2002 വരെ ന്യൂയോര്‍ക്കില്‍ നിയമ പഠനം നടത്തുന്ന കാലത്ത് സാമ്പത്തിക സ്ഥാപനമായ മെറില്‍ ലിഞ്ചിന്റെ മുതിര്‍ന്ന സിസ്റ്റംസ് അനലിസ്റ്റായി ജോലി ചെയ്തിരുന്നു.
സിഖ് വംശജര്‍ കൂടുതലായി അധിവസിക്കുന്ന രാജ്യങ്ങളായ കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ സിഖുകാര്‍ക്കായി പ്രത്യേക രാജ്യം വേണമെന്ന് ആവശ്യത്തില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പുകള്‍ക്കും ഇയാള്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. കാനഡയില്‍ നടക്കുന്ന ഖലിസ്ഥാൻ അനുകൂല പരിപാടികളിലും കൂടിച്ചേരലുകളിലും സജീവ സാന്നിധ്യമാണ് പന്നൂന്‍. ഇന്ത്യന്‍ സര്‍ക്കാരിനെയും നേതാക്കന്മാരെയും ഭീഷണിപ്പെടുത്തി ഇയാള്‍ സമൂഹമാധ്യമത്തില്‍ വീഡിയോ സന്ദേശം പങ്കുവയ്ക്കുന്നതും പതിവാണ്. നരച്ച താടിയുള്ള ഇയാള്‍ മിക്കപ്പോഴും ഇരുണ്ട നിറമുള്ള വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്.
ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍
2019 മുതല്‍ പന്നൂന്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. 2019-ലാണ് എന്‍ഐഎ ഇയാള്‍ക്കെതിരേ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പഞ്ചാബിലെ അമൃത്സറിലെയും ചണ്ഡീഗഡിലെയും ഇയാളുടെ വീടും സ്ഥലവും ഈ വര്‍ഷം സെപ്റ്റംബറില്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു.
Also read-Exclusive | ഖലിസ്ഥാൻ വാദി ഗുർപത്‌വന്ത് പന്നൂനിന്റെ സ്വത്ത് എൻഐഎ കണ്ടുകെട്ടി
2021 ഫെബ്രുവരി മൂന്നിന് എന്‍ഐഎ സ്‌പെഷ്യല്‍ കോര്‍ട്ട് ജാമ്യം കിട്ടാത്ത അറസ്റ്റ് വാറന്റ് ഇയാള്‍ക്കെതിരേ പുറപ്പെടുവിച്ചിരുന്നു. ജീവന് ഭീഷണിയുള്ളതിനാല്‍ നവംബര്‍ 19-നും അതിനുശേഷവും സിഖുകാര്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന് ഇയാള്‍ നവംബര്‍ നാലിന് പുറത്തുവിട്ട വീഡിയോ സന്ദേശങ്ങളില്‍ പറഞ്ഞിരുന്നു.
എന്താണ് സിഖ് ഫോര്‍ ജസ്റ്റിസ്?
നിയമവിരുദ്ധ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ ജനറല്‍ കൗണ്‍സെലാണ് പന്നൂന്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലും ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച സംഘടനയാണിത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന 2007-ലാണ് രൂപം കൊണ്ടത്. ഇന്ത്യയില്‍ ഖലിസ്ഥാൻ എന്ന പേരില്‍ സംസ്ഥാനം രൂപവത്കരിക്കണമെന്നതാണ് ഇവരുടെ ആവശ്യം. വാഷിങ്ടണ്‍, ലണ്ടന്‍, ടൊറോന്റോ എന്നിവടങ്ങളില്‍ ഈ സംഘടനയ്ക്ക് ഓഫീസുകളുണ്ട്. ക്വീന്‍സ്, ന്യൂയോര്‍ക്ക്, ഫ്രീമോണ്ട്, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ തങ്ങളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതായി പന്നൂനിന്റെ നിയമസ്ഥാപനം പറയുന്നു.
2019-ലാണ് നിയമവിരുദ്ധ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സിഖ് ഫോര്‍ ജസ്റ്റിസ് നിരോധിക്കുന്നത്. പന്നൂന്റെ പ്രസ്ഥാനത്തിന് പഞ്ചാബിലും വിദേശത്തുള്ള സിഖ് പ്രവാസികള്‍ക്കിടയിലും വലിയ സ്വാധീനമൊന്നുമില്ലെങ്കിലും ബ്രിട്ടന്‍, ഇറ്റലി, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ ഒന്നിലധികം നഗരങ്ങളില്‍ സിഖ് പ്രവാസികള്‍ക്കിടയില്‍ ''അഭിപ്രായവോട്ടെടുപ്പ്'' നടത്തി സംഘടന അടുത്തിടെ ജനപ്രീതി നേടിയിരുന്നു.