തൊഴിയൂർ സുനിൽ വധം
ചാവക്കാട് താലൂക്കിലെ ഗുരുവായൂർ മുനിസിപ്പാലിറ്റിയിലാണ് തൊഴിയൂർ. 1994 ഡിസംബര്‍ നാലിന് പുലര്‍ച്ചെ രണ്ടിനാണ് തൊഴിയൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സുനില്‍കുമാറിനെ വീട്ടിലെത്തിയ സംഘം വെട്ടിക്കൊന്നത്. ഗുരുവായൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത് അന്വേഷിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ ഒന്‍പതുപേരെ പ്രതിചേര്‍ത്തിരുന്നു. ഇതില്‍ നാലുപേരെ തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
ശിക്ഷയനുഭവിച്ചുകൊണ്ട് പ്രതികള്‍ നല്‍കിയ അപ്പീലില്‍ അന്വേഷണം കുറ്റമറ്റതല്ലെന്ന് കണ്ടെത്തി നാലുപ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി. രായംമരയ്ക്കാര്‍ വീട്ടില്‍ റഫീക്ക്, തൈക്കാട് ബാബുരാജ്, വാക്കയില്‍ ബിജി, ഹരിദാസന്‍ എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇതില്‍ ഹരിദാസന്‍ രോഗം ബാധിച്ച് മരിച്ചു. അവശേഷിക്കുന്ന മൂന്നുപേര്‍, നഷ്ടപരിഹാരത്തിന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിക്കുകയായിരുന്നു.
advertisement
നഷ്ടപരിഹാരം
ശിക്ഷിക്കപ്പെട്ടവരല്ല പ്രതികളെന്നും അതിനാല്‍ ജയില്‍ശിക്ഷ അനുഭവിച്ച കാലത്തിനനുസരിച്ച് ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉചിതമായ തീരുമാനം സംസ്ഥാന സര്‍ക്കാരിന‌് സ്വീകരിക്കാമെന്നും കാണിച്ച് തൃശൂര്‍ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് സര്‍ക്കാരിനോട് 2022 സെപ്റ്റംബര്‍ 28-ന് ശുപാര്‍ശ ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശംകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. അന്ന് കേസന്വേഷിച്ച പല ഉദ്യോഗസ്ഥരും നിലവില്‍ വിരമിച്ചിട്ടുണ്ടാകാം. വിരമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തുകയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇതും വായിക്കുക: തൊഴിയൂർ സുനിൽവധക്കേസിൽ മുഖ്യപ്രതി 31 വർഷത്തിനുശേഷം അറസ്റ്റിൽ; പിടിയിലായ ഷാജുദീൻ ജംഇയ്യത്തുൽ ഇഹ്സാനിയയുടെ പ്രവർത്തകൻ
ഒരു ദളിത് കുടുംബത്തെ തകർത്ത കള്ളക്കേസ്
ചാവക്കാട് മുതുവട്ടൂരിൽ തെങ്ങുകയറ്റത്തൊഴിലാളിയായ തുപ്രാടന്‍ രാമുവിന്റേയും ഭാര്യ മാളുവും ഏഴു മക്കളിൽ നാലാമനായിരുന്നു ഹരിദാസന്‍. രാമുവിന്റെ ഒന്‍പതംഗ ദളിത് കുടുംബത്തില്‍ ജീവിച്ചിരിക്കുന്നത് മൂന്നുപേര്‍ മാത്രം. കുടുംബത്തിന്റെ നെടുംതൂണായിരുന്ന ഹരിദാസനെ പോലീസ് വധക്കേസില്‍ പ്രതിയാക്കി. അതോടെ കുടുംബത്തിന്റെ തകര്‍ച്ച തുടങ്ങി. മര്‍ദനവും ശിക്ഷയുമൊക്കെയായി പോലീസ് മുറ നേരിട്ട അവശനായ ഹരിദാസന് ക്ഷയം ബാധിച്ചു. ജയില്‍ വിട്ടിറങ്ങി ഒരു മാസത്തിനകം മരിച്ചു.
ഹരിദാസന്‍ അറസ്റ്റിലായതറിഞ്ഞ് കിടപ്പിലായ അച്ഛന്‍ രാമുവാണ് ആദ്യം മരിച്ചത്. മകൻ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ അമ്മ ഹൃദയാഘാതത്താല്‍ മരിച്ചു. ഹൈക്കോടതി കുറ്റവിമുക്തനാക്കിയപ്പോഴേക്കും സഹോദരന്‍ ചന്ദ്രനും മരിച്ചിരുന്നു. കിടപ്പിലായ സഹോദരി ചന്ദ്രികയും വൈകാതെ ഹൃദ്രോഗത്താല്‍ മരിച്ചു. അനിയന്‍ മണികണ്ഠന്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. മാനസികാസ്വാസ്ഥ്യമുള്ള മറ്റൊരു അനിയനും സഹോദരിമാരായ രുക്മിണിയും രജനിയും മാത്രമാണ് ഇനിയുള്ളത്.
കൊന്നതാരാണ്
ഹൈക്കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ജംഇയ്യത്തുല്‍ ഇഹ്സാനിയ എന്ന തീവ്രവാദസംഘടനയില്‍പ്പെട്ട ഒന്‍പതുപേരാണ് സുനിലിനെ കൊന്നതെന്ന് കണ്ടെത്തി. ജംഇയ്യത്തുല്‍ ഇഹ്സാനിയ എന്ന ഇവർ തന്നെയാണ് സുന്നി ടൈഗർ ഫോഴ്‌സ് എന്നും കരുതപ്പെടുന്നു. ഔദ്യോഗികമായ യാതൊരു സംവിധാന രീതിയും ഉണ്ടായിരുന്നില്ല. സംഘടന അതീവ രഹസ്യസ്വഭാവത്തോടെയാണ് പ്രവർത്തിച്ചിരുന്നത്. അതിനാൽ സംഭവം നടന്ന സമയത്ത് ഇത്തരമൊരു സംഘടനയിലേക്ക് അന്വേഷണം പോയില്ല. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായിരുന്നു ഇവരുടെ പ്രവർത്തനം. ചേകന്നൂർ മൗലവി തിരോധനത്തിലും ഇവരുടെ പ്രവർത്തനമേഖലയിൽ തീയറ്ററുകൾ തുടർച്ചയായി അഗ്നിക്കിരയായ സംഭവത്തിലും ആറോളം കൊലപാതകത്തിലും ഇവർക്ക് പങ്കുണ്ടെന്ന് കരുതപ്പെടുന്നു.
ജംഇയ്യത്തുൽ ഇഹ്സാനിയയുടെ 9 പ്രവർത്തകരാണ് തൊഴിയൂർ സുനിൽ കൊലപാതകത്തിന് പിന്നിലെന്ന് തുടരന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിൽ 6 പേരെ അറസ്റ്റ് ചെയ്തു.
മുഖ്യപ്രതി പിടിയിലയായത് 31 വർഷത്തിന് ശേഷം
കേസിൽ 31 വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതി കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ആക്രമണത്തിന് നേതൃത്വം കൊടുത്ത 'ജംഇയ്യത്തുൽ ഇഹ്സാനിയ'യുടെ മുഖ്യ പ്രവർത്തകൻ വാടാനപ്പള്ളി അഞ്ചങ്ങാടി പുയ്യു വീട്ടിൽ ഷാജുദ്ദീൻ (ഷാജു-55) പിടിയിലായി. ചേകന്നൂർ മൗലവി തിരോധാനക്കേസിൽ മുഖ്യപ്രതിയാണ് ഈ കേസിലെ ഒന്നാംപ്രതി സെയ്തലവി അൻവരി. അൻവരിയുടെ വലംകൈയായി പ്രവർത്തിച്ചയാളാണ് ഇപ്പോൾ പിടിയിലായ ഷാജുദ്ദീൻ.
കൊലപാതകത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതി ജൂലായ് 20ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. 1991ൽ പാസ്പോർട്ട് എടുത്ത ഷാജുദ്ദീൻ 1995 തുടക്കത്തിലാണ് വിദേശത്തേക്ക് പോയത്. വിദേശത്ത്നിന്ന് 2005, 2011, 2021 വർഷങ്ങളിൽ പാസ്പോർട്ട് പുതുക്കി. പാസ്പോർട്ടിലെ ഫോട്ടോയിൽ രൂപമാറ്റം വന്ന ഷാജുദ്ദീനെ കണ്ടെത്തുക പ്രയാസമായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. തുടരന്വേഷണത്തിൽ കേരള പൊലീസ്, 2001ൽ ഷാജുദ്ദീൻ വിദേശത്ത് ജോലിക്കായി നൽകിയ അപേക്ഷയോടൊപ്പം സമർപ്പിച്ച ബയോഡേറ്റയും ഫോട്ടോയും കണ്ടെത്തി. അതിനെ തുടർന്നായിരുന്നു തുടരന്വേഷണം. പാസ്പോർട്ട് നമ്പറാണ് പിടികൂടുന്നതിന് തുണയായത്. പുതിയ പാസ്പോർട്ടുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ പിടികൂടി.
9 പ്രതികളിൽ ഒന്നാംപ്രതി സെയ്തലവി അൻവരി, നഹാസ് എന്നിവരെ പിടികൂടാനായില്ല. ഒരു പ്രതി മരിച്ചു. മറ്റ് ആറു പേരാണ് പിടിയിലായിട്ടുള്ളത്.
ചേകന്നൂർ മൗലവി തിരോധനക്കേസ്
ചേകന്നൂർ മൗലവി എന്നറിയപ്പെട്ട മലപ്പുറം എടപ്പാൾ സ്വദേശി ചേകന്നൂർ പി കെ മുഹമ്മദ് അബുൽ ഹസൻ മൗലവിയെ ദുരൂഹസാഹചര്യത്തിൽ കാണാതായതാണ് കേസ്. 1993 ജൂലൈ 29-ന് മതപ്രഭാഷണത്തിന് എന്ന പേരിൽ ചിലർ ഇദ്ദേഹത്തെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. അന്ന് 56 വയസായിരുന്നു അദ്ദേഹത്തിന്.
ഖുറാൻ സുന്നത്ത് സൊസൈറ്റി എന്ന സംഘം സ്ഥാപിച്ച് ഖുറാനെ ആധാരമാക്കി ഇസ്ലാംമതവിചാരം നടത്തിയ ചേകന്നൂർ മൗലവിയുടെ ഖുർആനേക്കുറിച്ചുള്ള വ്യാഖ്യാനം സമുദായത്തിലെ ചിലരെ പ്രകോപിപ്പിച്ചു. ഖുറാൻ മാത്രമേ അടിസ്ഥാനമായി പരിഗണിക്കാവൂ എന്നും പിൽക്കാലത്ത് എഴുതപ്പെട്ട പ്രമാണങ്ങൾ സ്വീകരിക്കാവുന്നതല്ല എന്നും ഇദ്ദേഹം വാദിച്ചു. ഹദീസുകൾ ഇദ്ദേഹം തള്ളി.
വിവാദമായ ഷാബാനു കേസിലെ സുപ്രീം കോടതി വിധി ഖുർആനിന്റെ അടിസ്ഥാനത്തിൽ ശരിയാണെന്ന് സ്ഥാപിച്ചുകൊണ്ട് ഗ്രന്ഥമെഴുതുകയും പ്രസംഗിക്കുകയും ചെയ്ത ചേകന്നൂരിന്റെ അഭിപ്രായം ബാബരി മസ്ജിദ്, തലാഖ് വിഷയങ്ങളിലും മറ്റു സമുദായനേതാക്കളുടേതിൽ നിന്ന് ഭിന്നമായിരുന്നു. ഇതൊക്കെ പല പ്രബല ഇസ്‌ലാമിക വിഭാഗങ്ങൾക്കും ഇദ്ദേഹത്തോട് കടുത്ത എതിർപ്പ് ഉണ്ടാകാൻ കാരണമായി.
കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷൻ ബെഞ്ച് കേസിലെ ഒന്നാം പ്രതിയെ വെറുതെ വിട്ടു. ഇതോടെ കേസിലെ എല്ലാ പ്രതികളും കുറ്റവിമുക്തരായി. ചേകന്നൂരിന്റെ മരണം പോലും തെളിയിക്കാനായില്ല. ചേകന്നൂർ മൗലവി തിരോധാനക്കേസിൽ മുഖ്യപ്രതിയായിരുന്നു തൊഴിയൂർ കേസിലെ ഒന്നാംപ്രതി സെയ്തലവി അൻവരി. അൻവരിയുടെ വലംകൈയായി പ്രവർത്തിച്ചയാളാണ് തൊഴിയൂർ കേസിൽ ഇപ്പോൾ പിടിയിലായ ഷാജുദ്ദീൻ.