ചില യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം കൂടിയാണിത്. 1949 ല്‍ മേരിലാന്‍ഡിലെ കോട്ടേജ് സിറ്റി, മിസൊറിയിലെ സെന്റ് ലൂയിസ് എന്നിവിടങ്ങളില്‍ വെച്ച് ബാധയൊഴിപ്പിക്കലിന് വിധേയനായ റോളണ്ട് എഡ്വിന്‍ ഹങ്കെലര്‍ എന്ന 14 വയസ്സുകാരന്റെ ജീവിതമാണ് ചിത്രത്തിന് പ്രചോദനമായത്. 2020ലാണ് ഇദ്ദേഹം മരിച്ചത്.
നാസയിലെ ഒരു എന്‍ജീനിയറായ സേവനമനുഷ്ടിച്ച വ്യക്തിയായിരുന്നു റോളണ്ട്. 1960 ലെ അപ്പോളോ മിഷനിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കൊടും ചൂടിനെ നേരിടാന്‍ ബഹിരാകാശ വാഹനങ്ങളെ സഹായിക്കുന്ന സാങ്കേതിക വിദ്യയും അദ്ദേഹം വികസിപ്പിച്ചിരുന്നു. അതിന്റെ പേറ്റന്റും അദ്ദേഹം നേടി. 2001ലാണ് ഇദ്ദേഹം നാസയില്‍ നിന്ന് വിരമിച്ചത്.
advertisement
ദി എക്‌സോര്‍സിസ്റ്റ് എന്ന നോവലിന്റെ രചയിതാവും തിരക്കഥാകൃത്തും കൂടിയായ വില്യം പീറ്റര്‍ ബ്ലാറ്റി റോളണ്ടിന്റെ കുട്ടിക്കാലത്തുണ്ടായ അനുഭവത്തെപ്പറ്റി അറിയാനിടയായി. വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് ഇതേപ്പറ്റി ഇദ്ദേഹം അറിയുന്നത്.
1935 ല്‍ കോട്ടേജ് സിറ്റിയിലാണ് റോളണ്ട് ജനിച്ചത്. പാരാനോര്‍മല്‍ ശക്തികളുടെ സ്വാധീനം 14 വയസ്സുമുതല്‍ റോളണ്ടില്‍ അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. വീടിനുള്ളിലെ ചുമരിലും മുറിയ്ക്കുള്ളിലും ആരൊക്കെയോ മാന്തിപ്പൊളിക്കുന്ന ശബ്ദങ്ങള്‍ അദ്ദേഹം കേള്‍ക്കാറുണ്ടായിരുന്നു.
റവറന്റ് ലൂഥര്‍ ഷൂള്‍സ് ഇക്കാര്യങ്ങള്‍ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു. റോളണ്ടിന്റെ സാന്നിദ്ധ്യത്തില്‍ കസേര നീങ്ങിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ കത്തില്‍ പ്രതിപാദിച്ചിരുന്നു. റോളണ്ടിന്റെ സാന്നിദ്ധ്യത്തില്‍ ചുമരിലുണ്ടായിരുന്ന ക്രിസ്തുവിന്‌റെ ചിത്രത്തിനും സ്ഥാനചലനം സംഭവിച്ചുവെന്നും ഷൂള്‍സിന്റെ കത്തില്‍ പറയുന്നു. ഈ കത്ത് ഡ്യൂക്ക് സര്‍വകലാശാലയുടെ പാരാസൈക്കോളജി ലാബോറട്ടറി വിഭാഗത്തിന് കൈമാറുകയും ചെയ്തു.
ഇത്തരം സംഭവങ്ങള്‍ സ്ഥിരമായതോടെ റോളണ്ടിന്റെ കുടുംബം അദ്ദേഹത്തെ ജെസ്യൂട്ട് പാതിരിയായ വില്യം ബൗഢറനെ കാണിച്ചു. റോളണ്ടില്‍ കുടിയേറിയ ബാധയൊഴിപ്പിക്കാനാണ് പാതിരിയെ കുടുംബം സമീപിച്ചത്. 3 മാസത്തിനുള്ളില്‍ 20 ബാധയൊഴിപ്പിക്കല്‍ ചടങ്ങുകളാണ് സംഘടിപ്പിച്ചത്. ഇതില്‍ 1949 മാര്‍ച്ച് 10ലെ ചടങ്ങില്‍ റോളണ്ട് ഒരു ട്രാന്‍സിന് സമാനമായ അവസ്ഥയിലേക്ക് പ്രവേശിക്കുന്നതിനെപ്പറ്റി പാതിരി തന്റെ ഡയറിയില്‍ കുറിച്ചിരുന്നു. 1949 മാര്‍ച്ച് 21ന് റോളണ്ടിനെ സെന്റ് ലൂയിസിലെ അലക്‌സിയന്‍ ബ്രദേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.