വിവിധ ചലച്ചിത്ര മേഖലകളിൽ നിന്നുള്ള ഇന്ത്യൻ സിനിമകളുടെ വൈവിധ്യമാർന്ന നിരയിൽ, അന്താരാഷ്ട്ര വേദിയിൽ മലയാള സിനിമയെ പ്രതിനിധീകരിക്കുന്ന മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമായി ARM വേറിട്ടുനിൽക്കുന്നു. 'ഇന്ത്യ ത്രൂ ദി ലെൻസ്: ബോളിവുഡ് & ബിയോണ്ട്' എന്ന വിഷയത്തിൽ ഇന്ത്യൻ കഥപറയലിന്റെ ഉത്സവത്തിന്റെ ഭാഗമായി 2026 മാർച്ച് 27 ന് സ്വിറ്റ്സർലൻഡിലെ ബാഡനിൽ പ്രദർശനം നടക്കും.
നമ്മുടെ സിനിമ അതിർത്തികൾ കടന്ന് വീടിനപ്പുറത്തേക്ക് പ്രേക്ഷകരുമായി ബന്ധപ്പെടുന്നത് കാണുന്നത് അഭിമാനകരമായ നിമിഷമാണ്. ഈ യാത്രയെ വിശ്വസിക്കുകയും ഈ ലോകത്തെ ജീവസുറ്റതാക്കാൻ സഹായിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.
advertisement
ദിൽവാലെ ദുൽഹനിയ ലെ ജായേംഗേ, ഡിപ്ലോമാറ്റ്, അമരൻ, തൻവി ദി ഗ്രേറ്റ്, ജവാൻ, ശ്രീകാന്ത്, കേസരി ചാപ്റ്റർ 2, സർദാർ ഉദ്ധം, ഛവ എന്നിവയാണ് മറ്റു ചിത്രങ്ങൾ.
ചിയോതിക്കാവിലെ വീരൻ മണിയനെ മലയാളി ഹൃദയങ്ങൾ ഏറ്റെടുത്തിട്ട് ഒരു വർഷം. 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമയിലൂടെ കരിയറിലെ ട്രിപ്പിൾ റോൾ അഭിനയിച്ച് റെക്കോർഡ് ഇട്ടിരുന്നു നടൻ ടൊവിനോ തോമസ്. മൂന്നു തലമുറകളിലെ പിന്തുടർച്ചക്കാരെ അവതരിപ്പിച്ചു കൊണ്ടാണ് ടൊവിനോ ഈ സിനിമ പൂർത്തിയാക്കിയത്.
ഈ ബിഗ് ബഡ്ജറ്റ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജിത്ത് നമ്പ്യാർ ആണ്. ടൊവിനോയുടെയും സുരഭിയുടെയും അസാമാന്യ പെർഫോമൻസും ജോമോൻ ടി. ജോൺ എന്ന പകരം വെക്കാനില്ലാത്ത സിനിമാട്ടോഗ്രാഫി ബ്രാൻഡും മ്യൂസിക്കിന്റെ പ്ലേസ്മെന്റും ആഴമുള്ള കഥാപാത്രങ്ങളും കൊണ്ട് തന്നെയാണ് ഈ ചിത്രം വെന്നിക്കൊടി പാറിച്ചത്. മോഹൻലാലിന്റെ ശബ്ദ സാന്നിധ്യം ചിത്രത്തിന്റെ മിസ്റ്ററി എലമെന്റ് കൂട്ടുന്നുണ്ട്.
30 കോടി മുടക്കിയ ചിത്രത്തിന് 100 കോടി ക്ലബിൽ ഇടം നേടാൻ കഴിഞ്ഞു. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.
