ചിത്രത്തിൽ ചെറിയ വേഷം ചെയ്തവരുടെ കാസ്റ്റിങ് പോലും ഗംഭീരമായിരുന്നു. ചിത്രത്തിലെ പ്രധാന വില്ലൻ മുതൽ പൊലീസ് ഉദ്യോഗസ്ഥനായി എത്തിയ കിഷോർ വരെ മികച്ച കാസ്റ്റിങ് തന്നെയായിരുന്നു. എന്നാൽ, സിനിമയിൽ കണ്ട നടന്മാരെയായിരുന്നില്ല ഈ ചിത്രത്തിനായി ആദ്യം ആലോചിച്ചിരുന്നതെന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ റോണി ഡേവിഡ്.
കണ്ണൂർ സ്ക്വാഡിൽ പ്രധാന വില്ലൻ കഥാപാത്രമായ അമീർ ഷായെ അവതരിപ്പിച്ചത് അർജുൻ രാധാകൃഷ്ണൻ എന്ന നടനാണ്. പട എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനാണ് അർജുൻ. എന്നാൽ സിനിമയിലെ വില്ലന്മാരായി മനസ്സിൽ ആദ്യം കണ്ടിരുന്നത് ഇപ്പോൾ അഭിനയിച്ചവരെയായിരുന്നില്ലെന്നാണ് റോണി ഡേവിഡ് പറയുന്നത്.
advertisement
Also Read- 50 കോടിയിൽ മമ്മൂട്ടിയും പിള്ളേരും; കണ്ണൂർ സ്ക്വാഡി’ന് അഭിനന്ദനവുമായി ദുൽഖർ
ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് റോണി ചിത്രത്തിന‍്റെ കാസ്റ്റിങ്ങിനെ കുറിച്ച് പറഞ്ഞത്.
കൊത്തയിലെ കണ്ണൻ ഭായ് ആയി എത്തിയ ഷബീർ കല്ലറയ്ക്കലിനെയായിരുന്നു ആദ്യം വില്ലൻ കഥാപാത്രത്തിലേക്ക് പരിഗണിച്ചത്. എന്നാൽ, ഡേറ്റ് ഇഷ്യൂ കാരണം അദ്ദേഹത്തിന് ചിത്രത്തിന്റെ ഭാഗമാകാനായില്ല.
അതുപോലെ, കിഷോർ അവതരിപ്പിച്ച ചോഴൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി ആദ്യം കരുതിയിരുന്നത് പ്രകാശ് രാജിനെയായിരുന്നു. ഡേറ്റിന്റെ പ്രശ്നം കാരണം പ്രകാശ് രാജിനും ചിത്രം ഏറ്റെടുക്കാനായില്ല. പിന്നീടാണ് കിഷോറിലേക്ക് കഥാപാത്രം എത്തുന്നത്. ഷൂട്ടിങ് കഴിഞ്ഞപ്പോൾ മമ്മൂട്ടിയും പറഞ്ഞു, ഇതാണ് പെർഫെക്ട് കാസ്റ്റെന്ന്- റോണി പറയുന്നു.
കണ്ണൂർ സ്കക്വാഡിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച നടനാണ് അസീസ്. ആളുകളെ ചിരിപ്പിക്കാൻ മാത്രമല്ല, സീരിയസ് കഥാപാത്രങ്ങളും തനിക്ക് നന്നായി വഴങ്ങുമെന്ന് അസീസ് കാണിച്ചു തന്നു. എന്നാൽ, അസീസ് അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് ജിനുവിനെയായിരുന്നുവെന്ന് റോണി ഡേവിഡ് പറഞ്ഞു. അർജുൻ അശോകൻ, ലുക്മാൻ എന്നിവരേയും സമീപിച്ചിരുന്നെങ്കിലും ഡേറ്റ് പ്രശ്നം കാരണം ഇപ്പോഴത്തെ നടന്മാരിലേക്ക് എത്തുകയായിരുന്നുവെന്നും റോണി.