ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും ബാക്കിവച്ചാണ് കലാഭവൻ മണിയെന്ന ചാലക്കുടിക്കാരുടെ സ്വന്തം മണി യാത്രയായത്. അത് കൊണ്ട് തന്നെ പ്രിയ നടന്റെ ജീവിതം സിനിമയാവുമ്പോൾ, അതും നടന്റെ വളർച്ചയിൽ എളിയ പങ്കുവഹിച്ച സംവിധായകനിൽ നിന്നുമാവുമ്പോൾ, ഒരു ഇൻവെസ്റ്റിഗേഷൻ കൂടി പ്രതീക്ഷിച്ചാവും ജനം ചാലക്കുടിക്കാരൻ ചങ്ങാതിയെക്കാണാൻ തിയേറ്ററുകളിലേക്കെത്തുന്നത്.
'ഞാൻ മരിക്കണമെങ്കിൽ എന്നെ ആരെങ്കിലും കൊല്ലണം, അല്ലാണ്ട് ഞാൻ ചാവില്ല, ഇരട്ട ചങ്കനാ' എന്ന ഒറ്റ ഡയലോഗ് തന്നെ ധാരാളം. ചിത്രം ആദ്യ പകുതിയിൽ എത്തുമ്പോൾ രാജാമണിയുടെ ബാല്യവും 'സിനിമാ പ്രവേശവും' കണ്ടു കഴിഞ്ഞു. പട്ടിണിയും അവജ്ഞയും നിറഞ്ഞ കുട്ടിക്കാലം, ഇരുണ്ട തൊലിയോടുള്ള ഇഷ്ടക്കേട് അവനും അനുഭവിക്കേണ്ടി വരുന്നു.
advertisement
സെക്കൻഡുകൾ മാത്രം നീളുന്ന ആദ്യ ചിത്രത്തിലെ മുഖം കാണിക്കൽ മണിയും സുഹൃത്തുക്കളും ആഘോഷിക്കുന്നു പക്ഷെ തിയേറ്ററിൽ കാണാനെത്തുന്ന നാട്ടുകാർക്കും കൂട്ടുകാർക്കും മണിക്കും നിരാശയാണ് ഫലം. കലാഭവനിലെ മിമിക്രി രംഗം വഴി കിട്ടുന്നതു വലിയ തുടക്കമാണ്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി നായക നടനിൽ എത്തിയ മണിയും കൂട്ടരും ആ ദേശീയ അംഗീകാരം കൈകുമ്പിളിൽ എത്തും ദൂരത്തിനടുത്താണ്. പക്ഷെ നിരാശനായി ബോധരഹിതനായി വീഴുന്ന മണിയിൽ നിന്നുമാണ് രണ്ടാം ഭാഗത്തിലേക്കുള്ള പോക്ക്. കാമറയ്ക്കു പിന്നിലെ കഥകൾ പറഞ്ഞ ആദ്യ ഭാഗം അതിന്റെ തുടർ ചലനങ്ങളുടെ അടുത്ത പകുതിയിൽ എത്തുമെന്ന് പ്രതീക്ഷ.
