വെള്ളിത്തിരയിലെ അവിഹിതം
Last Updated:
#മീരാ മനു
ഒരു കാലത്തു ഒന്നിലധികം പങ്കാളി എന്നത് മലയാളി സമൂഹം അംഗീകരിച്ചിരുന്നു. വിക്ടോറിയൻ ഭരണ കാലത്തിന്റെ ശേഷിപ്പെന്നോണം ഉടലെടുത്ത പാപബോധം അല്ലെങ്കിൽ കുറ്റ ബോധം ഒരു വ്യക്തിക്ക് ഒരു പങ്കാളി എന്ന മാതൃകാ പെരുമാറ്റ ചട്ടം കൊണ്ട് വന്നു. 150 വർഷം പഴക്കം ചെന്ന ഐ.പി.സി. 497 വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതോടെ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാകും. വർഷങ്ങളായി മലയാള സിനിമ രംഗത്ത് ഇഷ്ട വിഷയ പട്ടികയിൽ വിവാഹേതര ബന്ധങ്ങൾ നിലനിന്നു പോരുന്നു. ഇവയ്ക്കു നേരെ മുഖം തിരിക്കാതെ ജനം കയ്യടിച്ചു ഹിറ്റാക്കി മാറ്റി എന്നതും ശ്രദ്ധേയം.
advertisement
അക്ഷരത്തെറ്റ് (1989)
ബാങ്ക് ഉദ്യോഗസ്ഥനായ പ്രകാശന്റെയും സുമതിയുടെയും ജീവിതത്തിൽ രേണുകയുടെ വരവോടുകൂടി തുടങ്ങുന്ന അസ്വാരസ്യങ്ങൾ പ്രമേയമാക്കി ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപിയും ഉർവശിയും നായികാ നായകന്മാരാവുന്നു. അതു വരെ മാതൃക പുരുഷനായ പ്രകാശ് പരസ്ത്രീ ബന്ധത്തിൽ ഏർപ്പെടുന്നതോടെ കാര്യങ്ങൾ കുഴഞ്ഞു മറിയുന്നു. അബദ്ധത്തിൽ സംഭവിച്ച വേഴ്ച പ്രകാശ് തന്നെ ഭാര്യയോട് പറയുന്നു. രേണുകയുടെ മരണത്തിൽ കലാശിക്കുന്ന ചിത്രം.
advertisement

അഹം (1992)
മോഹൻലാൽ വളരെ വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ച ചിത്രം ഈ വിഭാഗത്തിൽ വ്യത്യസ്തത പുലർത്തുന്നു. സിദ്ധാർത്ഥനെന്ന പെർഫെക്ഷനിസ്റ്റിന്റെ ഭാവനാ സൃഷ്ടികൾ ഭാര്യ രഞ്ജിനിക്കു (ഉർവശി) മേലുള്ള സംശയമായി ഭവിക്കുന്നു. തൻ്റെ അഭാവത്തിൽ ഭാര്യ സുഹൃത്തുമായി (സുരേഷ് ഗോപി) അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നു എന്ന ചിന്ത ദിവസം ചെല്ലുന്തോറും ഇയാളിൽ സംശയം വർധിപ്പിക്കുന്നു. ഇവർക്കിടയിലെ കയ്യാങ്കളി ഭാര്യയെ കോമയിലേക്കു തള്ളിവിടുകയും കുറ്റ ബോധം പിടികൂടിയ സിദ്ധാർത്ഥൻ ആശ്രമത്തിൽ ശിഷ്ട കാലം ചിലവിടുകയും ചെയ്യുന്നതാണ് രാജീവ്‌നാഥ് ചിത്രത്തിനു പ്രമേയം.
advertisement

നേരറിയാൻ സി.ബി.ഐ. (2005)
കുറ്റാന്വേഷണ കഥയിലൂടെ സമൂഹത്തെ ആകെ പിടികൂടിയിരിക്കുന്ന സദാചാര ബോധത്തിന്മേൽ ഉള്ള ഭയമാണ് ഈ ചിത്രം നമുക്കു മുന്നിൽ നിരത്തിയത്. ഒരു കുടുംബത്തിലെ, എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന, വിധവയായ സ്ത്രീ. ചില സ്വാർത്ഥ ധന താൽപ്പര്യങ്ങൾക്ക് വേണ്ടി വീട്ടിലെ ജോലിക്കാരനുമായി എല്ലാവരും ഉറങ്ങിയതിനു ശേഷം നടത്തുന്ന ക്രയവിക്രയങ്ങൾ വീട്ടിലെ വിരുന്നുകാരിയായി വരുന്ന പെൺകുട്ടി തീർത്തും അവിചാരിതമായി കാണുന്നു. തങ്ങൾക്കിടയിൽ തെറ്റായുള്ള ബന്ധമില്ല പക്ഷെ, അതിന്റെ വ്യാഖ്യാനങ്ങൾ വരുത്തി വയ്ക്കാവുന്ന പ്രത്യാഘാതങ്ങൾ ഭയന്ന് ഇവർ പെൺകുട്ടിയെ വക വരുത്തുന്നതാണ് കഥ. ലക്ഷ്മിയമ്മ എന്ന വീട്ടമ്മയായി ബിന്ദു രാമകൃഷ്ണനും, കൊല്ലപ്പെടുന്ന പെൺകുട്ടിയായി സംവൃത സുനിലുമാണ് കെ. മധു ചിത്രത്തിൽ രംഗത്ത്.
advertisement

കോക്ടെയിൽ (2010)
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി സസ്പെൻസ് ത്രില്ലറിലൂടെ പര-സ്ത്രീ, പര-പുരുഷ ബന്ധം പറയുന്നു ഈ ചിത്രം. രവി എബ്രഹാം-പാർവതി ദമ്പതികളുടെ ജീവിതത്തിൽ അസ്വാരസ്യങ്ങളൊന്നും തന്നെ കാണുന്നില്ല. മകളെ വീട്ടിൽ നിർത്തി ഇവർ പുറപ്പെടുന്ന യാത്രയിൽ സംഭവിക്കുന്ന അവിചാരിതമായ കാര്യങ്ങളുടെ അന്ത്യമെന്നോണം ആണ് രവിയും സഹ പ്രവർത്തക ദേവിയും തമ്മിലുള്ള ബന്ധം മറ നീക്കി പുറത്തു വരുന്നതു. വ്യത്യസ്ത പ്രമേയത്തിലൂടെ ജന ശ്രദ്ധ പിടിച്ചു പറ്റിയതാണ് ഈ അരുൺ കുമാർ അരവിന്ദ് ചിത്രം.
advertisement

ട്രാഫിക് (2011)
റോഡ് മൂവി സങ്കൽപ്പങ്ങൾക്ക് പുതിയ മാനം സൃഷ്ടിച്ചതിന്റെ പേരിലാണ് രാജേഷ് പിള്ള ചിത്രം ട്രാഫിക് മലയാള സിനിമയുടെ മാറ്റമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഒരു അവിഹിത ബന്ധം കൊണ്ടെത്തിക്കുന്ന കൊലപാതകവും സിനിമയുടെ പ്രധാന ഘടകമായി മാറുന്നു. ഡോക്ടർ ഏബെൽ ഭാര്യ ശ്വേത എന്നിവരുടെ ഇടയിൽ സുഹൃത്തു ജിക്കുവിനു കിട്ടുന്ന അമിത സ്വാതന്ത്ര്യം ശ്വേതക്ക് ഇയാളോടുള്ള അടുപ്പത്തിലേക്കു നയിക്കുന്നു. ഭർത്താവിൽ നിന്നും മറച്ചു പിടിക്കുന്ന ഈ ബന്ധം അയാൾ അറിയുന്നതോടെയാണ് ഭാര്യയെ വക വരുത്തുകയെന്ന ലക്‌ഷ്യം ഏബെലിന്റെ മനസ്സിൽ ഉടലെടുക്കുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഏബെൽ കുറ്റവാളിയും, ജീവൻ രക്ഷകനുമായി മാറുന്നു.
advertisement

സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2018 2:02 PM IST