ക്ലൈമാക്സിലെ ട്വിസ്റ്റും രണ്ടാം ഭാഗത്തേക്കുള്ള ലീഡുമൊക്കെ പ്രേക്ഷകർക്ക് മികച്ച തീയേറ്റർ എക്സ്പീരിയൻസ് നൽകുന്നുവെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സിനിമയിലെ അനിരുദ്ധിന്റെ പശ്ചാത്തലസംഗീതത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജൂനിയർ എൻടിആറിന്റെ പ്രകടനത്തിനും ആരാധകരിൽ നിന്ന് കൈയ്യടി ലഭിക്കുന്നുണ്ട്. ചിത്രം വരും ദിവസങ്ങളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തികുറിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം റിലീസിന് മുൻപ് തന്നെ റെക്കോർഡുകൾ വാരിക്കൂട്ടിയിരുന്നു. അഡ്വാൻസ് ബുക്കിങ്ങിൽ ആഗോള തലത്തിൽ 80 കോടിക്ക് മേൽ ചിത്രം നേടിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രഭാസ് ചിത്രം 'കൽക്കി 2898 എഡി'ക്ക് ശേഷം തെലുങ്കിൽ ഏറ്റവും കൂടുതൽ പ്രീസെയിൽ ലഭിച്ച ചിത്രം കൂടിയാണ് 'ദേവര'. കൊരട്ടല ശിവയും എന്‍ടിആറും 'ജനതാ ഗാരേജി'ന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'ദേവര'.
ആറ് വർഷത്തിന് ശേഷമുള്ള ജൂനിയർ എൻടിആറിന്റെ സോളോ റിലീസ് ആണ് 'ദേവര'. രാജമൗലി ചിത്രമായ 'ആർആർആറി'ന്റെ വമ്പൻ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന ജൂനിയർ എൻടിആർ ചിത്രമാണ് എന്ന പ്രത്യേകതയും 'ദേവര'ക്കുണ്ട്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 'ദേവര'യുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ്.