സിനിമ കണ്ടില്ലല്ലോ ഓണ്‍ലൈന്‍ ലിങ്ക് തരട്ടെ എന്നു പറഞ്ഞപ്പോള്‍ വേണ്ട തിയറ്റര്‍ ഒക്കെ തുറന്നിട്ടു നമുക്ക് ഒരു തിയറ്റര്‍ വാടകയ്ക്ക് എടുത്തു ഒന്നിച്ചിരുന്നു കാണാം എന്നായിരുന്നു മറുപടിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ബിജു ദാമോദരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പുര്‍ണരൂപം
ഏതാണ്ട് പത്തു ദിവസത്തിനു മുന്‍പും വേണുവേട്ടന്‍ വിളിച്ചിരുന്നു. ഓറഞ്ചു മരങ്ങളുടെ വീട് ഫെസ്റ്റിവലുകളില്‍ എങ്ങനെ പോകുന്നു, സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്കൊക്കെ അയച്ചിരുന്നോ എന്നൊക്കെയുള്ള അന്വേഷണങ്ങള്‍, വേണുവേട്ടന്‍ ഇതുവരെ സിനിമ കണ്ടില്ലല്ലോ ഓണ്‍ലൈന്‍ ലിങ്ക് തരട്ടെ എന്നു പറഞ്ഞപ്പോള്‍ വേണ്ട തിയറ്റര്‍ ഒക്കെ തുറന്നിട്ടു നമുക്ക് ഒരു തിയറ്റര്‍ വാടകയ്ക്ക് എടുത്തു ഒന്നിച്ചിരുന്നു കാണാം എന്നായിരുന്നു മറുപടി ..ആ വാക്ക് പാലിക്കാതെ വേണുവേട്ടന്‍ പോയി...
advertisement
2000 ല്‍ ആണ് വേണുവേട്ടനെ ആദ്യമായി കാണുന്നത് . യാതൊരു പരിചയവും ഇല്ലാതെ വീട്ടിലെത്തി സൈറയുടെ സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കുന്നു . ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ വേണുവേട്ടന്‍ പറഞ്ഞു . എനിക്ക് സ്‌ക്രിപ്റ്റ് ഇഷ്ടമായി നമുക്കിത് ചെയ്യാം ..സൈറ സിനിമ ആകുന്നത് 2005 ല്‍ ആണ് . ആ അഞ്ചു കൊല്ലവും വേണുവേട്ടന്‍ കൂടെ ഉണ്ട് എന്നതായിരുന്നു ആ സിനിമ ചെയ്യാന്‍ നല്‍കിയ ആത്മ ധൈര്യം..പിന്നീട് വേണുവേട്ടന്‍ നായകന്‍ ആയ ആകാശത്തിന്റെ നിറം .
ആന്‍ഡമാനിലെ ഒരു ചെറിയ ദ്വീപില്‍ 23 ദിവസത്തെ ചിത്രീകരണം. എല്ലാ ദിവസവും വൈകിട്ട് വേണുവേട്ടനും, ഇന്ദ്രജിത്തും, സി .ജെ .കുട്ടപ്പന്‍ ചേട്ടനും , പട്ടണം റഷീദിക്കയും നിര്‍മാതാവ് അമ്പലക്കര അനില്‍ സാറും ചേര്‍ന്ന് പാട്ടും താളവും നിറഞ്ഞ ആഹ്ലാദപൂര്‍ണ്ണമായ 23 ദിവസങ്ങള്‍. പിന്നീട് പേരറിയാത്തവര്‍ , വലിയ ചിറകുള്ള പക്ഷികള്‍. ഒടുവില്‍ 2020 ല്‍ ഓറഞ്ച് മരങ്ങളുടെ വീട് ...അഞ്ചു സിനിമകളാണ് ഒന്നിച്ചു ചെയ്തത്.
എന്റെ ആദ്യ സിനിമയിലെ നായകന്‍ ആയിരുന്നു വേണുവേട്ടന്‍. വേണുവേട്ടന്‍ നായകനായി അഭിനയിച്ച അവസാന സിനിമയും എന്റെ ഒപ്പം..ആദ്യ സിനിമയ്ക്കും അവസാന സിനിമയ്ക്കും വേണുവേട്ടന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല.....ഇഷ്ടപ്പെട്ട ഓരോരുത്തരായി പിന്‍വാങ്ങുക ആണ്....
