ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. 1980ലാണ് പങ്കജിന്റെ ആദ്യ ഗസൽ ആൽബം പുറത്തിറങ്ങിയത്. ‘ആഹത്’ എന്നായിരുന്നു പേര്. 1990ൽ വെൽവെറ്റ് വോയ്‌സ് പുറത്തിറക്കിയ ‘റൂബായി’ ഗസൽ പ്രേമികൾക്ക് ഒരു പുതിയ അനുഭവമായി. പങ്കജിന്റെ സംഗീതയാത്രകൾ വിദേശരാജ്യങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘ചിട്ടി ആയി ഹേ’ എന്ന ഗസൽ മറുനാടുകളിലുള്ള ഇന്ത്യക്കാരെ ഏറെ ആകർഷിച്ചു. ഇന്ത്യൻ ജീവിതത്തെക്കുറിച്ച് ഗൃഹാതുര സ്‌മരണകൾ ഉണർത്തിയ ഗസലായിരുന്നു അത്.
നാം എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായകന്‍ എന്ന നിലയില്‍ പങ്കജ് ഉദാസ് ബോളിവുഡില്‍ ചുവടുറപ്പിക്കുന്നത്. 80കളുടെ അവസാനവും 90കളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികള്‍ കൊണ്ട് ബോളിവുഡിൽ നിറഞ്ഞുനിന്നെങ്കിലും അദ്ദേഹത്തിന് എക്കാലത്തും പ്രണയം ഗസലിനോടായിരുന്നു.
advertisement
'ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാല്‍' എന്ന ഗാനത്തോടെയാണ് പങ്കജിനെ ഗസല്‍ ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത്. മുംബൈയില്‍ സെന്റ് സേവിയേഴ്‌സ് കോളേജിലെ പഠനം പ്രതിഭയ്ക്ക് മാറ്റ്കൂട്ടി. രാജകോട്ട് സംഗീത നാടക അക്കാദമിയില്‍ നിന്ന് തബല അഭ്യസിച്ചു. പിന്നീട് മാസ്റ്റര്‍ നവരംഗിന്റെ കീഴില്‍ ശാസ്ത്രീയ സംഗീതവും പഠിച്ചു. ഉഷ ഖന്ന ഈണമിട്ട കാംനയിലാണ് ആദ്യമായി പിന്നണി ഗാനം പാടിയത്. ചിത്രം പരാജയമായതോടെ ഗസലാണ് തന്റെ ലോകമെന്ന് പങ്കജ് തിരിച്ചറിഞ്ഞു.
ഗസല്‍ ജീവിതവഴിയായി തെരഞ്ഞെടുത്ത പങ്കജ് ആദ്യം ചെയ്തത് ഉറുദു പഠനമായിരുന്നു. പിന്നീട് പത്ത് മാസം കാനഡയിലും യു എസിലും ഗസലുമായി അലഞ്ഞശേഷമാണ് ഇന്ത്യയിലേയ്ക്ക് തിരിച്ചുവരുന്നത്. 1980ല്‍ 'ആഹത്' എന്ന ആദ്യ ഗസല്‍ ആല്‍ബത്തോടെയാണ് പങ്കജ് തന്റെ വരവ് അറിയിച്ചത്.
ചുപ്‌കെ ചുപ്‌കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍, ആഷിഖോന്‍ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗര്‍, ക്യാ മുജ്‌സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂന്‍ഗാത്, പീനെ വാലോ സുനോ, റിഷ്‌തെ ടൂതെ, ആന്‍സു തുടങ്ങിയവ ഇന്നും സംഗീത പ്രേമികളുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നു. 'എന്നുമീ സ്വരം' എന്ന മലയാള ആൽബത്തിൽ അനൂപ് ജലോട്ടക്കൊപ്പം പാടിയിട്ടുണ്ട്.