പൊതുവെ ബോളിവുഡിലെ നായകന്മാർ മരം ചുറ്റി പ്രണയിച്ച നടന്നിരുന്ന കാലത്താണ് ഇന്ത്യൻ ജാക്സൺ എന്നറിയപ്പെട്ട മിഥുൻ ചക്രവർത്തി ഡിസ്കോ ഡാൻസുമായി വെള്ളിത്തിരയിൽ നിറഞ്ഞത്. മിഥുൻ ചക്രവർത്തി അഭിനയിച്ച സിനിമയിലെ പാട്ടുകളും സൂപ്പർ ഹിറ്റായതോടെ അദ്ദേഹത്തിന്റെ ചടുലമായ ഡാൻസ് നമ്പറുകൾ അനുകരിക്കാനും യുവാക്കൾ പാടുപെട്ടു. സാക്ഷാൽ എൽവിസ് പ്രെസ്ലിയുടെ പ്രശസ്തമായ ഡാൻസ് നമ്പറുകൾ, ട്വിസ്റ്റ്, ഡിസ്കോ, ബ്രേക്ക് ഡാൻസ്, ഹിപ് ഹോപ്, അമേരിക്കൻ ലോക്കിങ് പോപ്പിങ് തുടങ്ങിയ വിവിധ സ്റ്റെലുകൾ അദ്ദേഹത്തിന്റെ ഡാൻസിനെ ചെറുപ്പക്കാർക്കിടയിൽ ഹരമാക്കി.
advertisement
Also Read- നടൻ സുകുമാരൻ ഓർമയായിട്ട് 24 വർഷം; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
80കളിൽ യുവത്വത്തെ ഇളക്കി മറിച്ച മിഥുൻ ചക്രവർത്തിയ അഭിനയിച്ച ഡാൻസ് നമ്പറുകൾക്കും ഈണമിട്ടത് ഡിസ്ക്കോ സംഗീതത്തിന്റെ രാജാവ് എന്നറിയപ്പെട്ടിരുന്ന ബപ്പി- ലാഹിരി ആയിരുന്നു. ബോളിവുഡിൽ നഗരകേന്ദ്രീകൃതമായ നൈറ്റ് ലൈഫ് ഡാൻസിനെ എൺപതുകളിൽ ജനപ്രിയമാക്കിയതും ഇരുവരും ചേർന്നായിരുന്നു. എക്കാലത്തെയും യുവാക്കളുടെ ഹരമായി മാറി ഇരുവരുടെയും പാട്ടുകൾ ഇന്നും റീമിക്സുകളായി പുറത്തിറങ്ങുന്നുണ്ട്.
മിഥുൻ ചക്രവർത്തിയുടെ മികച്ച ഡാൻസ് ഗാനങ്ങളിലൂടെ ഒരു എത്തിനോട്ടം:
ഐ ആം എ ഡിസ്കോ ഡാൻസർ...
സുഭാഷ് ബിയുടെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായിരുന്ന ഡിസ്കോ ഡാൻസറിലെ ഈ ഗാനം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ്. ഈ ചിത്രത്തിൽ മിഥുൻ ചക്രവർത്തി അവതരിപ്പിച്ച ജിമ്മി എന്ന കഥാപാത്രം ദാരിദ്ര്യത്തിൽ നിന്നും ഇന്ത്യയിലെ മികച്ച ഡിസ്കോ ഡാൻസർ ആകുന്നതിനുള്ള കഷ്ടപ്പാടിന്റെ കഥയാണ് പറഞ്ഞത്. എന്നാൽ വെള്ളിത്തിരയിലെ കഥയ്ക്ക് മിഥുൻ ചക്രവർത്തിയുടെ ജീവിതവുമായും ഏറെ സാമ്യമുണ്ടായിരുന്നു. ബോളിവുഡിലെ മുൻനിരയിൽ മിഥുന് ഒരു ഇരിപ്പിടമൊരുക്കിയ ഡിസ്കോ ഡാൻസറിലെ ഹിറ്റ് ഗാനമാണ് ഐ ആം എ ഡിസ്കോ ഡാൻസർ. പാട്ട് ഹിറ്റായതോടെ മിഥുൻ ചക്രവർത്തിയും യുവത്വത്തിന്റെ ചങ്കിടിപ്പായി. അക്കാലത്ത് ഇന്ത്യയിലെയും റഷ്യയിലെയും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ഗാനമായി ഇത് മാറി. ഇന്ത്യക്ക് പുറമേ റഷ്യയിലും മിഥുന് നിരവധി ആരാധകരുണ്ടായിരുന്നു.
ജിമ്മി ജിമ്മി ജിമ്മി ആജ ആജ ആജ...
ഡിസ്കോ ഡാൻസറിലെ തന്നെ മറ്റൊരു ഹിറ്റ് ഗാനമായിരുന്നു ജിമ്മി ജിമ്മി ജിമ്മി... ഡിസ്കോ ഡാൻസർ എന്ന നിലയിൽ മിഥുൻ ചക്രവർത്തിക്ക് ഒരു മേൽവിലാസം നൽകിയ ഈ ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചത് ബപ്പി ലാഹിരി ആയിരുന്നു. പിന്നീട് ബോളിവുഡിലെ ഹിറ്റ് കോംബോ ആയി മാറുകയായിരുന്നു ഇരുവരും.
യാദ് ആ രഹീ ഹേ തേരാ പ്യാർ...
ഡിസ്ക്കോ ഡാൻസറിലെ പാട്ടുകൾ ഡാൻസിലൂടെയാണ് ശ്രദ്ധേയമായതെങ്കിൽ ഈ പാട്ട് മിഥുൻ ചക്രവർത്തിയുടെ അഭിനയത്തിലൂടെയാണ് വ്യത്യസ്തമായത്. പൊതുവേ പാട്ടുകളിൽ ചടുല നൃത്തവുമായി എത്തിയിരുന്ന മിഥുൻ ചക്രവർത്തിക്ക് പെർഫോമൻസിന് അവസരം നൽകിയ ഗാനമായിരുന്നു ഇത്. എന്നാൽ അഭിനയത്തേക്കാൾ മിഥുന്റെ ഡാൻസിന് തന്നെയായിരുന്നു കൂടുതൽ ജനപ്രിയത.
സൂപ്പർ ഡാൻസർ ആയേ ഹേ...
1987ൽ പുറത്തിറങ്ങിയ ബബ്ബർ സുഭാഷ് സംവിധാനം ചെയ്ത ഡാൻസർ ഡാൻസർ എന്ന ചിത്രം സംഗീതജ്ഞരാവാനുള്ള രണ്ടു സഹോദരങ്ങളുടെ കഥയാണ് പറഞ്ഞത്. മിഥുൻ ചക്രവർത്തിയും സ്മിതാ പാട്ടീലും അഭിനയിച്ച ചിത്രം ചടുലമായ ഡാൻസിലൂടെയും സമ്പന്നമായി. മാത്രമല്ല, സമാന്തര സിനിമകളിൽ മാത്രം അഭിനയിച്ചിരുന്ന സ്മിതാ പാട്ടീൽ ഗ്ലാമർ വേഷത്തിൽ ബോളിവുഡിലെ മുഖ്യധാരയിലെത്തിയ ചിത്രം കൂടിയാണിത്.
എവരിബഡി ഡാൻസ്...
ഡിസ്കോ നമ്പറുകൾക്ക് പുറമേ ഫാഷൻ പ്രേമികളെയും ഹരം കൊള്ളിച്ച നടനാണ് മിഥുൻ ചക്രവർത്തി. ഡാൻസർ ഡാൻസർ എന്ന സിനിമയിലെ എവരിബഡി ഡാൻസ് എന്ന ഗാനത്തിലൂടെ വെട്ടിത്തിളങ്ങുന്ന വേഷത്തിലെത്തിയ മിഥുന്റെ സ്റ്റൈലും ഹിറ്റായി.