1985ൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ നായകനോ പ്രിയനടനോ ആയി മലയാളത്തിലെ അവിഭാജ്യ ഘടകമായ മോഹൻലാലിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ് 1986.മലയാളികൾ ഇന്നും ചർച്ച ചെയ്യുന്ന ഒട്ടേറെ ചിത്രങ്ങൾ ആ വർഷം പുറത്തിറങ്ങി മോഹൻ ലാൽ അഭിനയിച്ച 34 ചിത്രങ്ങളാണ് അക്കൊല്ലം തീയറ്ററിൽ എത്തിയത്. അഞ്ചുകൊല്ലം പിന്നിട്ട അക്കൊല്ലമാണ് നൂറാമത്തെ ചിത്രം നിന്നിഷ്ടം എന്നിഷ്ടം വന്നത്. ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചതിനു പുറമെ മോഹൻലാൽ വാണിജ്യ വിജയത്തിന്റെ നട്ടെല്ലായി മാറുകയും ചെയ്തു.തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകനിലൂടെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു.
advertisement
അക്കൊല്ലം തീയറ്ററിൽ എത്തിയ താളവട്ടം, സന്മനസ്സുള്ളവർക്ക് സമാധാനം, സുഖമോ ദേവി, പഞ്ചാഗ്നി,നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ്, യുവജനോത്സവം, എന്നീ ചിത്രങ്ങളും ഇന്നും ശ്രദ്ധേയമായി തുടരുന്നു.ടെലിവിഷൻ ജനപ്രിയമാകുന്നതിന് മുമ്പുള്ള കാലം. അന്നൊക്കെ ഒരു ചിത്രം എല്ലാത്തരം പ്രേക്ഷകരിലേക്കും എത്താൻ കുറഞ്ഞത് ഒരു കൊല്ലം പിടിക്കും.
സൂപ്പർ സ്റ്റാർ ആയതോടെ മോഹൻലാൽ കുറച്ചു കൂടി സെലക്ടിവ് ആയി. സിനിമകളുടെ എണ്ണം കുറച്ചു. അങ്ങനെ 1987 ൽ 13 ചിത്രങ്ങളിലേക്ക് ചുരുങ്ങി. എന്നാൽ എല്ലാം ജനശ്രദ്ധ നേടി. ഇതിൽ പ്രധാനമാണ് ഏപ്രിൽ 21 ന് പുറത്തിറങ്ങിയ സർവകലാശാല.ചെറിയാൻ കല്പകവാടിയുടെ കഥയിൽ വേണു നാഗവള്ളിയാണ് ഇതിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം. മീശ പിരിച്ച കോളേജ് വിദ്യാർത്ഥിയായി മോഹൻ ലാൽ എത്തിയത്. മൂന്നാമത്തെ എം എ ബിരുദത്തിനായി കാമ്പസിൽ എത്തുന്ന അനാഥയുവാവിന് അതായിരുന്നു ലോകം.ലാൽ എന്ന പേരിൽ തന്നെ. അന്നത്തെ കാമ്പസുകൾക്ക് പരിചിതമായ
ക്രിസ്ത്യൻ മാനേജ്‍മെന്റ് കോളേജ് പരിസരത്തിലെ രസകരമായ മുഹർത്തങ്ങളിലൂടെ വളർന്ന ചിത്രം പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുത്തു. ഒപ്പം നെടുമുടിയുടെ സിദ്ധനും ജഗതിയുടെ ഫാദർ കുട്ടനാടൻ എന്ന അധ്യാപകനും ഇന്നസെന്റിന്റെ ഇന്നച്ചൻ എന്ന പി ടി മാഷും, മണിയൻ പിള്ള രാജുവിന്റെ ചക്കര എന്ന കഥാപാത്രവും അന്നത്തെ യുവാക്കളുടെ പ്രിയപ്പെട്ടവരായി. എന്നാൽ അതിലേറെ ജനപ്രിയമായത് അധ്യാപകർ വരെ 'ലാലേട്ടാ' എന്ന് വിളിച്ച മറ്റു കുട്ടികളുടെ വല്യേട്ടനായ കഥാപാത്രമാണ്.
ഒരു തെറ്റിദ്ധാരണയുടെ പേരിൽ കേസ് എടുത്ത് അറസ്റ്റ് ചെയ്യപ്പെടുന്ന ലാലേട്ടനെ സത്യം തിരിച്ചറിഞ്ഞ് ' ലാലേട്ടാ മാപ്പ്' എന്നെഴുതിയ വലിയ ബാനറുമായി കാമ്പസ് മുഴുവൻ വരവേൽക്കുന്ന ഫ്രയിമിൽ അവസാനിക്കുന്ന ചിത്രത്തിന് ശേഷം മോഹൻലാൽ എന്ന പേരിന് പതിയെ മാറ്റം വന്നു.തൊട്ടടുത്ത ആഴ്ചകളിൽ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളുമായി നാടോടിക്കാറ്റും ഇരുപതാം നൂറ്റാണ്ടും വന്നതോടെ മോഹൻലാൽ ലാലേട്ടനായി നിറഞ്ഞു. വയസ് 26. ആരാധകരും അന്നത്തെ ജനപ്രിയ ഫിലിം മാഗസിനുകളും ലാലേട്ടാ എന്ന് വിളിച്ചു തുടങ്ങി. ഏട്ടൻ വിളിയിൽ പ്രായം മറന്നു.
അന്നത്തെ ആ യുവാക്കൾ സീനിയർ സിറ്റിസൺ ആയിട്ടും മോഹൻലാൽ ലാലേട്ടനായി നിറഞ്ഞു നിൽക്കുന്നു. തിരശീലയിലും അതിന് പുറത്തും.
Summary; When did Keralites begin calling Mohanlal as lalettan and how the 1987 malayalam film sarvakalashala played a role in this