ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങള്‍ തമ്മിലുള്ള ആക്ഷന്‍ രംഗങ്ങളും വിഎഫ്എക്‌സ് ഭാഗങ്ങളുമാണ് മോഷണം പോയ ഹാര്‍ഡ് ഡ്രൈവില്‍ ഉള്ളതെന്ന് സിനിമയുടെ നിര്‍മാതാക്കളായ 24 ഫ്രെയിംസ് ഫാക്ടറി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെ അറിയിച്ചു. ഹാര്‍ഡ് ഡ്രൈവ് മോഷണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമുള്ള മറുപടിയായിട്ടാണ് സ്ഥിതിഗതികള്‍ വിശദമാക്കുന്ന പ്രസ്താവന പ്രൊഡക്ഷന്‍ ഹൗസ് പങ്കുവെച്ചത്.
മുംബൈയിലെ ഹൈവ് സ്റ്റുഡിയോയില്‍ നിന്നും തങ്ങളുടെ ഔദ്യോഗിക പ്രൊഡക്ഷന്‍ ഹൗസിലേക്ക് എത്തിക്കുന്നതിനിടയിലാണ് ഹാര്‍ഡ് ഡ്രൈവ് നഷ്ടപ്പെട്ടതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. മോഷണത്തെ തുടര്‍ന്ന് നിര്‍മാതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏകദേശം നാലാഴ്ച മുമ്പാണ് പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയതെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. രണ്ട് വ്യക്തികള്‍ ചേര്‍ന്നാണ് ഹാര്‍ഡ് ഡ്രൈവ് മോഷ്ടിച്ചതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
ഔദ്യോഗിക പ്രൊഡക്ഷന്‍ ഹൗസിലേക്ക് അയച്ച ഡ്രൈവ് നിയമവിരുദ്ധമായി ഒപ്പിട്ട് വാങ്ങിയത് രഘു എന്ന വ്യക്തിയാണ്. ചരിത എന്ന് പേരുള്ള ഒരു സ്ത്രീയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ ഇത് ചെയ്തതെന്നും നിര്‍മാതാക്കള്‍ പറയുന്നു. ആൾമാറാട്ടവും മോഷണ ശ്രമവുമാണ് നടന്നിട്ടുള്ളതെന്നും ഇവരെ തിരിച്ചറിയുന്നതിനുള്ള എല്ലാ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചതായും നിര്‍മാതാക്കള്‍ അറിയിച്ചു.
ഈ മോഷണ ശ്രമത്തിന് പിന്നില്‍ ആരാണെന്നത് രഹസ്യമല്ലെന്നും അവരെ കുറിച്ച് തങ്ങള്‍ക്കും നിയമപാലകര്‍ക്കും നന്നായി അറിയാമെന്നും നിര്‍മാതാക്കള്‍ പോസ്റ്റില്‍ പറയുന്നുണ്ട്. കണ്ണപ്പയുടെ റിലീസ് തടസപ്പെടുത്താനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി ഈ വ്യക്തികള്‍ 90 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള റിലീസ് ചെയ്യാത്ത രംഗങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ത്താന്‍ പദ്ധതിയിടുന്നതായാണ് വിശ്വസനീയമായ രഹസ്യാന്വേഷണ സ്രോതസ്സില്‍ നിന്നും പുറത്തുവരുന്ന വിവരമെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ പെട്ടെന്ന് നടപടിയെടുക്കാന്‍ ഇക്കാര്യം സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സൈബര്‍ ക്രൈം അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. വ്യവസായത്തിനുള്ളില്‍ നിന്ന് തന്നെ ഇത്തരം വിലകുറഞ്ഞതും ആസൂത്രിതവുമായ തന്ത്രങ്ങള്‍ ഉണ്ടാകുന്നത് നിരാശജനകമാണെന്നും ഇതൊരു അട്ടിമറി ശ്രമമാണെന്നും നിര്‍മാതാക്കള്‍ ആരോപിച്ചു. വ്യക്തിപരമായ പകതീര്‍ക്കാനുള്ള ശ്രമത്തിന്റെ വളരെ ദൗര്‍ഭാഗ്യകരമായ അധഃപതനമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി. തെലുങ്ക് സിനിമ ആഗോളതലത്തില്‍ തന്നെ അംഗീകാരം നേടുന്ന ഈ സമയത്ത് ഇത്തരം പ്രവൃത്തികള്‍ അപമാനകരമാണെന്നും 24 ഫ്രെയിംസ് ഫാക്ടറി വ്യക്തമാക്കി.
"കണ്ണപ്പയെ ഒരു സിനിമാറ്റിക് നാഴികക്കല്ലാക്കി മാറ്റാന്‍ അചഞ്ചലമായ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ഞങ്ങളുടെ ടീമിനോടും അഭിനേതാക്കളോടും, എല്ലാ സാങ്കേതിക വിദഗ്ധരോടും ഞങ്ങള്‍ ഐക്യത്തോടെ നിലകൊള്ളുന്നു. ഈ ഭീരുത്വ ശ്രമങ്ങളില്‍ ഞങ്ങള്‍ കുലുങ്ങില്ല. നീതി പൂര്‍ണ്ണ ശക്തിയോടെ പിന്തുടരും. എല്ലായ്‌പ്പോഴും എന്നപോലെ സത്യം വിജയിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഏതെങ്കിലും വ്യാജ ഉള്ളടക്കം പുറത്തുവന്നാല്‍ അത് ആസ്വദിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഈ മഹത്തായ കൃതിയില്‍ വര്‍ഷങ്ങളുടെ പരിശ്രമം ചെലുത്തിയ കലാകാരന്മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ഒപ്പം നില്‍ക്കണമെന്നും ഞങ്ങള്‍ പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. സത്യസന്ധത വിജയിക്കും", കണ്ണപ്പ ടീം എക്‌സില്‍ കുറിച്ചു.
മുകേഷ് കുമാര്‍ സിങ് ആണ് കണ്ണപ്പ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജൂണ്‍ 27-ന് ചിത്രം തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് ഈ നാടകീയ രംഗങ്ങള്‍ നടക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു.