കന്നഡ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനം സ്വന്തമായി ഒരു ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിക്കും. പ്രധാന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ കന്നഡ ഉള്ളടക്കത്തിൽ വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ലെന്ന് പ്രമുഖ കന്നഡ നടൻമാരും-നിർമ്മാതാക്കളുമായ രക്ഷിത് ഷെട്ടി, ഋഷഭ് ഷെട്ടി എന്നിവർ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് തീരുമാനം.
ഏകം എന്ന കന്നഡ വെബ് സീരീസിന്റെ സ്ട്രീമിങ്ങിനായി പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ ലഭിക്കാഞ്ഞതിനെത്തുടർന്ന് രക്ഷിത് ഷെട്ടിയുടെ പ്രൊഡക്ഷൻ ഹൗസായ പരംവാഹ് സ്റ്റുഡിയോ 2024 ജൂലൈയിൽ സ്വന്തം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചിരുന്നു.
advertisement
കന്നഡ സിനിമകളുടെ ഒരു ശേഖരം നിർമ്മിക്കുന്നതിനായി സർക്കാർ 3 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കർണാടകയുടെ സാമൂഹിക, ചരിത്ര, സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സിനിമകളായിരിക്കും ആർകൈവിൽ ഉൾപ്പെടുത്തുക. ഡിജിറ്റൽ, ഡിജിറ്റൽ ഇതര ഫോർമാറ്റുകളിൽ സിനിമകൾ ആർക്കൈവിൽ സംഭരിക്കും.
സിനിമാ മേഖലയെ ഒരു വ്യവസായമായി അംഗീകരിക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. കർണാടകയുടെ വ്യാവസായിക നയത്തിന് കീഴിലുള്ള മറ്റ് വ്യവസായങ്ങൾക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ സിനിമയ്ക്കും ലഭിക്കും. കർണാടക ഫിലിം അക്കാദമിയുടെ 2.5 ഏക്കർ സ്ഥലത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ഒരു പുതിയ മൾട്ടിപ്ലക്സ് സമുച്ചയം വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .
മൈസൂരുവിൽ അന്താരാഷ്ട്ര ഫിലിം സിറ്റി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിൽ 500 കോടി രൂപ ചെലവഴിച്ചായിരിക്കും പദ്ധതി. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന് കൈമാറിയ 150 ഏക്കർ ഭൂമിയിലാണ് ഫിലിം സിറ്റി സ്ഥാപിക്കുക.