കാശ്മീർ ഫയൽസ് പ്രേക്ഷകരിൽ പ്രത്യേകിച്ച് താഴ്‌വര വിട്ടുപോകാൻ നിർബന്ധിതരാകുകയും ആ സമയത്ത് വളരെയധികം കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരികയും ചെയ്ത കശ്മീരി ഹിന്ദുക്കളിൽ വലിയ പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. ഏകദേശം 630 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യം റിലീസ് ചെയ്‌തതെങ്കിലും രാജ്യത്തുടനീളം കൂടുതൽ പ്രദർശനങ്ങൾ നടത്താൻ ആളുകളുടെ മികച്ച പ്രതികരണങ്ങൾ കാരണമായി.
മാത്രമല്ല, കൂടുതൽ ആളുകളെ തിയേറ്ററുകളിൽ എത്തിക്കുന്നതിനായി നിരവധി സംസ്ഥാനങ്ങൾ ദി കശ്മീർ ഫയൽസ് എന്ന സിനിമയുടെ നികുതി ഒഴിവാക്കിയിട്ടുണ്ട്. അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രബർത്തി, പല്ലവി ജോഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് അഗ്നിഹോത്രിയും സൗരഭ് എം പാണ്ഡെയും ചേർന്നാണ്. കശ്മീർ ഫയൽസിന് നികുതി ഇളവ് നൽകിയ സംസ്ഥാനങ്ങളുടെ പട്ടിക ഇതാ..
advertisement
ഹരിയാന
മാർച്ച് 11ന് ഹരിയാന സർക്കാർ 'കശ്മീർ ഫയൽസ്' എന്ന സിനിമ സംസ്ഥാനത്ത് നികുതി രഹിതമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്തതിന് ശേഷം, ഉപഭോക്താക്കളിൽ നിന്ന് സിനിമാ ടിക്കറ്റിന് ജിഎസ്ടി ഈടാക്കരുതെന്ന് ഹരിയാന സർക്കാർ സിനിമാശാലകൾക്കും മൾട്ടിപ്ലക്‌സുകൾക്കും നിർദ്ദേശം നൽകി.
ഗുജറാത്ത്
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ശനിയാഴ്ച കശ്മീർ ഫയൽസ് എന്ന സിനിമയുടെ ടിക്കറ്റിലെ നികുതി ഒഴിവാക്കി. 'ദി കശ്മീർ ഫയൽസ്' എന്ന സിനിമയ്ക്ക് സംസ്ഥാനത്ത് നികുതി ഇളവ് നൽകാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തീരുമാനിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
മധ്യപ്രദേശ്
ദി കശ്മീർ ഫയൽസ് എന്ന സിനിമയുടെ നികുതി ഒഴിവാക്കിയ മൂന്നാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. കൂടാതെ, സിനിമ കാണുന്നതിന് സംസ്ഥാനത്തെ പോലീസുകാർക്ക് അവധി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
കർണാടക
'ദി കശ്മീർ ഫയൽസ്' എന്ന സിനിമ കർണാടക സർക്കാരും തിങ്കളാഴ്ച നികുതി രഹിതമായി പ്രഖ്യാപിച്ചു. ”80കളിലും 90കളിലും കശ്മീരിൽ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സത്യാവസ്ഥയാണ് കാശ്മീർ ഫയൽസ് എന്ന സിനിമയിലൂടെ വ്യക്തമാകുന്നത്. എല്ലാ കശ്മീരി പണ്ഡിറ്റുകൾക്കും അവരുടെ ഭൂമിയും സ്വത്തുക്കളും തിരികെ ലഭിക്കുമെന്നും അവിടെ സ്ഥിരതാമസമാക്കാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ സംസ്ഥാനത്ത് സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്,” കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ഗോവ
ദി കശ്മീർ ഫയൽസ് കണ്ടതിന് ശേഷം നിയുക്ത ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തിങ്കളാഴ്ച ഗോവയിൽ ചിത്രം നികുതി രഹിതമാക്കുമെന്ന് പ്രഖ്യാപിച്ചു. ഭാര്യ സുലക്ഷണ, ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേത് തനവാഡെ എന്നിവർക്കൊപ്പമാണ് സാവന്ത് സിനിമ കണ്ടത്.
ത്രിപുര
ദി കശ്മീർ ഫയൽസ് കാണാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ത്രിപുര സർക്കാരും ചിത്രത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചു. ചിത്രം തീർച്ചയായും കാണണമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് തിങ്കളാഴ്ച ജനങ്ങളോട് അഭ്യർത്ഥിച്ചു. ”വിവേക് അഗ്നിഹോത്രി നിർമ്മിച്ച കശ്മീർ ഫയൽസ് എന്ന സിനിമ കാശ്മീരി ഹിന്ദുക്കൾ നേരിട്ട ഹൃദയഭേദകമായ പോരാട്ടത്തെ ചിത്രീകരിക്കുന്നതാണ്. സിനിമയെ പിന്തുണയ്ക്കുന്നതിനും സംസ്ഥാനത്തെ ജനങ്ങളെ അത് കാണാൻ പ്രോത്സാഹിപ്പിക്കുന്നതിനുമായി, ത്രിപുര സർക്കാർ സംസ്ഥാനത്ത് സിനിമ നികുതി രഹിതമാക്കാൻ തീരുമാനിച്ചതായി” ദേബ് ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശ്
കശ്മീർ ഫയൽസ് നികുതി രഹിതമാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉത്തർപ്രദേശും ഉൾപ്പെടുന്നു. ഉത്തർപ്രദേശ് സർക്കാർ തിങ്കളാഴ്ച സിനിമയെ എന്റർടെയ്ന്റ്മെന്റ് നികുതിയിൽ നിന്നും ഒഴിവാക്കി.
Also Read- ദി കാശ്മീർ ഫയൽസ്: തകർന്നടിഞ്ഞ പ്രതീക്ഷയുടെ കഥ; ഇന്ത്യൻ സിനിമയ്ക്ക് അനുപം ഖേറിന്റെ മികച്ച സംഭാവന
ഉത്തരാഖണ്ഡ്
കശ്മീർ ഫയൽസിന്റെ നികുതി ഒഴിവാക്കാൻ തിങ്കളാഴ്ച്ച ഉത്തരാഖണ്ഡ് സർക്കാരും തീരുമാനിച്ചു. 'ദി കശ്മീർ ഫയൽസ്' സിനിമ സംസ്ഥാനത്ത് നികുതി രഹിതമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്" ഉത്തരാഖണ്ഡിലെ നിയുക്ത മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
Also Read- കൊറിയന്‍ സിനിമകളുടെ സ്വാധീനം; വസ്ത്രധാരണവും ഭക്ഷണവും വരെ പിന്തുടര്‍ന്ന് ആരാധകർ
ഇതിനുപുറമെ, തിങ്കളാഴ്ചത്തെ ബജറ്റ് സമ്മേളനത്തിൽ നിരവധി നിയമസഭാംഗങ്ങൾ സിനിമയുടെ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കശ്മീർ ഫയൽസിന്റെ എന്റർടെയ്ന്റ്മെന്റ് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ നിതേഷ് റാണെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചിരുന്നു.