ഖുശ്ബു മാട്ടൂകാശ്മീർ വംശഹത്യയുടെ ടൈംലൈൻ സ്ക്രീനിൽ പറന്നുയരുന്നത് കാണുമ്പോൾ സിനിമാ ഹാളിൽ എന്റെ അരികിൽ ഇരുന്ന മൂന്ന് മനുഷ്യരെയാണ് ഞാൻ നോക്കിയത്. മുത്തി ക്യാമ്പിൽ വച്ച് ഇതിൽ ഒരാൾക്ക് രണ്ട് തവണ മാരകമായ തേളിന്റെ കടിയേറ്റിട്ടുണ്ട്. ഒരാൾ ജമ്മുവിൽ ജനിച്ച് നവദാരിദ്ര്യത്തിന്റെ അനന്തരഫലങ്ങളിൽ ജീവിക്കുന്ന വ്യക്തിയാണ്. അടുത്തത് ഡോഗ്ര വിഭാഗത്തിൽപ്പെടുന്ന ഒരാളാണ്.
10 വയസ്സുള്ളപ്പോൾ കാശ്മിരീൽ നിന്ന് കുടിയേറിയ ഇദ്ദേഹത്തിന്റെ അച്ഛന് അന്ന് ഒരു കാലിൽ വെടിയേറ്റിരുന്നു. അവരുടെ ഭൂതകാലം വീണ്ടും സ്ക്രീനിൽ തെളിഞ്ഞു വരുമ്പോൾ അവരെല്ലാം നിർത്താതെ കരയുന്നുണ്ടായിരുന്നു. സിനിമയുടെ ഇടവേളയിൽ ഞാൻ വാഷ്റൂമിലേക്ക് പോയി. അവിടെ ഞാൻ കണ്ടത് വീണ്ടും വീണ്ടും കരയുകയും മുഖം കഴുകുകയും ചെയ്യുന്ന ഒരു സ്ത്രീയെ ആയിരുന്നു. മറ്റൊരു സ്ത്രീ അവരെ ആശ്വസിപ്പിക്കുന്നതിനൊപ്പം എന്നോട് പറഞ്ഞു, ഇടവേളയ്ക്ക് മുമ്പ് കാണിച്ച അവസാനരംഗത്തിലെ തൂങ്ങിമരിച്ച രണ്ടുപേർ യഥാർത്ഥത്തിൽ ഇവരുടെ സഹോദരനും പിതാവുമാണ്. 1990ലെ ജനുവരിയിലാണ് അവർ തൂങ്ങിമരിച്ചത്.
പുഷ്‌കർ നാഥ് പണ്ഡിറ്റിന്റെയും (അനുപം ഖേർ) അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ദി കാശ്മീർ ഫയൽസ് പറയുന്നത്. തകർന്നടിഞ്ഞ പ്രതീക്ഷയുടെയും നിരാശാജനകമായ വ്യവസ്ഥിതിയുടെയും അന്തസ്സിനു വേണ്ടിയുള്ള പോരാട്ടത്തിന്റെയും അതേസമയം വഞ്ചനയുടെയും കഥയാണ് സിനിമ പറയുന്നത്. ഇത് അനുപം ഖേർ എന്ന നടൻ ഇന്ത്യൻ സിനിമയ്ക്ക് ഇതുവരെ നൽകിയതിൽ ഏറ്റവും മികച്ച സംഭാവനയായിരിക്കും.
പി എൻ പണ്ഡിറ്റ് വെറുമൊരു വ്യക്തിയല്ല. അത് നമ്മളെല്ലാവരും തന്നെയാണ്. അത് നമ്മുടെ ദൗർഭാഗ്യങ്ങളുടെ കണ്ണാടിയാണ്. തകർന്നുടഞ്ഞ ആ കണ്ണാടിയിൽ നിന്ന് തറച്ചുകയറിയ ചില്ല് കഷ്ണങ്ങൾ ഇപ്പോഴും എന്റെ ദേഹത്ത് തറച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സത്യത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരു സിനിമയായതിനാൽ അത് നൽകുന്ന വേദന വളരെയധികമാണ്. സിനിമയിലെ മരണങ്ങളൊന്നും സാങ്കൽപ്പികമായിരുന്നില്ല, ദുരന്തങ്ങളൊന്നും യാദൃശ്ചികമായിരുന്നില്ല, മുറിവുകളൊന്നും അതിശയോക്തി കലർന്നതോ ചെറുതാക്കി ചിത്രീകരിക്കപ്പെട്ടതോ അല്ല.
ഈ സിനിമ കാണാൻ അച്ഛനോടൊപ്പം ഇരിക്കാൻ എനിക്ക് ധൈര്യമില്ല. അതിനാൽ ഞാൻ അദ്ദേഹത്തോട് ഒറ്റയ്ക്ക് പോകാൻ പറയും. തന്റെ ജീവിതത്തെക്കുറിച്ചും വിധിയെക്കുറിച്ചും ഓർത്ത് അദ്ദേഹം ഇരുട്ടിന്റെ മറവിൽ കരയുന്നത് കാണാൻ എനിയ്ക്ക് കഴിയില്ല. 1990ലെ ആ രാത്രിയിൽ കൈയിൽ മകളെയുമെടുത്ത് ജമ്മുവിലേക്ക് പോകുന്ന സുമോയിൽ കയറാനായി ഓടുന്ന അച്ഛനും അമ്മയും. ഭൂതകാലത്തിലേക്ക് തിരിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുന്നു, ആ ദിവസം അമ്മയെ കുറച്ച് കൂടി നല്ലൊരു ഷൂ ധരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഓടിയും നടന്നും കുമിളകൾ രൂപപ്പെട്ട അമ്മയുടെ കാലുകളുടെ ആ വേദന ഇന്നും സുപ്പെട്ടിട്ടില്ല.
1990ലെ ആ രാത്രിയിൽ ആകാശം ഒരു സ്ഫടികപാത്രം പോലെ പൊട്ടിത്തെറിച്ചപ്പോൾ അത് ഞങ്ങളുടെ ഹൃദയങ്ങളെയും തലകളെയും പാദങ്ങളെയും മുറിവേൽപ്പിച്ചു. അന്നുമുതൽ ആ രക്തം വാർന്നുകൊണ്ടിരിക്കുകയാണ്.
Also Read_
The Kashmir Files | ഹിന്ദു രാഷ്ട്രത്തിന് വേണ്ടിയുള്ളതാണോ ഈ സിനിമ? 'ദി കാശ്മീർ ഫയൽസ്' നിർമ്മാതാവ് പല്ലവി ജോഷി പ്രതികരിക്കുന്നു1990-ൽ റാലിവ് ഗലിവ് യാ ചലിവ് എന്ന പ്രഖ്യാപനം കാശ്മീരീൽ പ്രതിധ്വനിച്ചപ്പോൾ അഞ്ച് ലക്ഷം കശ്മീരി പണ്ഡിറ്റുകൾക്ക് എല്ലാം ഉപേക്ഷിക്കേണ്ടി വന്നു. ബാക്കിയുള്ളത് ചരിത്രമാണ്. പലരും മറന്നു തുടങ്ങി. എന്നാൽ കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ അടിസ്ഥാനമാക്കിയുള്ള ദി കാശ്മീർ ഫയൽസ് മാർച്ച് 11ന് പുറത്തിറങ്ങുന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമയിൽ അനുപം ഖേർ, പല്ലവി ജോഷി, ഭാഷാ സുംബ്ലി, ദർശൻ കുമാർ തുടങ്ങി എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.